Sorry, you need to enable JavaScript to visit this website.

തബ്‌ലീഗ് ജമാഅത്തിനെതിരെ ആയിരം നാവ്,  കുംഭമേള കണ്ടപ്പം മിണ്ടാട്ടമില്ല-  പാര്‍വതി

കോഴിക്കോട്- കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയേയും താരതമ്യം ചെയ്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. കോവിഡ് ഒന്നാം വ്യാപനത്തിനിടെ തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് പാര്‍വതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. 'കുംഭ മേളയെയും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം', പാര്‍വതി ഇന്‍സ്റ്റഗ്രാമിലെഴുതി. കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‌ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പാര്‍വതി പങ്കുവെച്ചിരുന്നു.കുംഭമേളയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതോടൊപ്പം പാര്‍വതി ഷെയര്‍ ചെയ്തിരുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന അവസരത്തിലും ആയിരക്കണക്കിന് ആളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ഒത്തുകൂടുന്ന കുംഭമേളയെ എന്തുകൊണ്ടാണ് ഒരു മുഖ്യധാര മാധ്യമങ്ങളും വിമര്‍ശിക്കാത്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നു. ആവശ്യത്തിന് വാക്‌സിനുകളും ബെഡും പോലും ലഭ്യമല്ല അവിടെ. എന്നിട്ടും ഇതെങ്ങനെ അനുവദിക്കാന്‍ കഴിയുന്നു', എന്നായിരുന്നു ആന്‍ഡ്ര ബോജസ് ഇന്‍സ്റ്റഗ്രാമിലെഴുതിയത്. കുംഭമേളയും നിസാമുദ്ദിന്‍ മര്‍ക്കസ് സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിരുന്നു.കോവിഡിന്റെ ആദ്യ തരംഗം വന്ന സമയത്ത് നടന്ന നിസാമുദ്ദീന്‍ സമ്മേളനം രോഗവ്യാപനത്തിന് കാരണമായെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രണ്ട് മതച്ചടങ്ങുകളും രോഗവ്യാപനത്തിന് കാരണമായില്ലേയെന്നും പിന്നീട് എന്തുകൊണ്ടാണ് രണ്ടും വ്യത്യസ്തമായി കാണുന്നതെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തിരഥ് സിംഗ് റാവത്ത്.

Latest News