Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി പെരുമാറ്റച്ചട്ടം  ലംഘിച്ചു -കോൺഗ്രസ് 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരണ്ട വിരൽ ഉയർത്തി പുറത്തിറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി.          -എ.എഫ്.പി 

അഹമ്മദാബാദ് - ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ  വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി റോഡ് ഷോ നടത്തിയെന്ന് കോൺഗ്രസ്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 
സബർമതിയിലെ റാണിപിൽ 115ാം നമ്പർ ബൂത്തിലാണ് മോഡി  വോട്ടു ചെയ്തത്. വോട്ടർമാരോടൊപ്പം വരിയിൽ കാത്തുനിന്ന് ഇന്നലെ ഉച്ച 12.15 നാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്. സബർമതി മണ്ഡലത്തിൽ ബിജെപി സിറ്റിങ് എംഎൽഎ അരവിന്ദ് പട്ടേലിനെതിരെ ജിത്തുഭായ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മോഡിയുടെ അമ്മ ഹീരബെൻ ഗാന്ധി നഗറിലാണ് വോട്ട് ചെയ്തത്.
മുംബൈയിൽ നാവികസേനയുടെ പ്രഥമ സ്‌കോർപീൻ കഌസ് അന്തർവാഹിനി ഐഎൻഎസ് കൽവരി രാജ്യത്തിന് സമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാനായി ഗുജറാത്തിലെത്തിയത്.
ബിജെപി അധ്യക്ഷൻ അമിത് ഷാ അഹമ്മദാബാദിലെ നാരാൺപുരയിലും ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി വെജൽപുരിലും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി ആനന്ദിലും പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ വീരംഗത്തും വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 
വോട്ട് രേഖപ്പെടുത്തുന്ന ദിവസം റോഡ് ഷോ നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണ്, മോഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോയെന്ന് ചിദംബരം പരിഹസിച്ചു.
രാജ്യത്തെ മാധ്യമങ്ങൾ സംഭവത്തിന്റെ ധാർമികത പരിശോധിക്കണമെന്നും നീതീകരിക്കാനാവാത്ത പെരുമാറ്റച്ചട്ട ലംഘനം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ അവശയായ സ്ത്രീയെ പുതപ്പിൽ താങ്ങിയെടുത്ത് കൊണ്ടുപോകുന്നു. -റോയിട്ടേഴ്‌സ് 
 

അതിനിടെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് രംഗത്തെത്തി.  തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ മോഡിയുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണെന്നും ഗുജറാത്തിൽ പരാജയ ഭീതിയിലായതിനാലാണ്  ബി.ജെ.പിയുടെ പതാകയേന്തി മോഡി റോഡ് ഷോ സംഘടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലിവിഷൻ അഭിമുഖത്തിന്റെ പേരിൽ രാഹുലിനെതിരെ നടപടിയെടുത്ത കമ്മീഷൻ എന്തുകൊണ്ട് മോഡിയുടെ പ്രസംഗത്തിൽ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ, കേസെടുത്തിരുന്നു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്.
പ്രചാരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാർത്താ ചാനലിന് നൽകിയ അഭിമുഖമാണ് രാഹുലിനെ കേസിലകപ്പെടുത്തിയത്.
അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ രേഖപ്പെടുത്തിയത് 63 ശതമാനം പോളിംഗ്. 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഈ മാസം 18 ന് പ്രഖ്യാപിക്കും. വടക്കൻ മദ്ധ്യ ഗുജറാത്തിൽ പതിനാലു ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 2.22 കോടി വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. 

Latest News