കുവൈത്ത് സിറ്റി- ബാങ്കുകളിലെ പ്രധാന സ്ഥാനങ്ങളില്‍ സ്വദേശികളെ നിയമിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. നേതൃപരമായ പദവികളില്‍ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണ് നിര്‍ദേശം. വിവിധ തൊഴില്‍മേഖലകളില്‍ ഊര്‍ജിതമായി നടക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണിത്.
ഉന്നത, മധ്യനിര ജോലികളില്‍ കുവൈത്തികളെത്തന്നെ പരമാവധി നിയമിക്കാനാണ് നിര്‍ദേശം. 2023 നകം ഇത് നടപ്പാക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്വദേശിവത്കരണ നടപടികളുടെ ചുവടുപിടിച്ചാണ് പുതിയ നിര്‍ദേശം. കുവൈത്തിലെ പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കണമെന്ന് കുവൈത്ത് പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. കൊറോണ മഹാമാരി എണ്ണ വിലയിലും സമ്പദ് രംഗത്തും ഏല്‍പിച്ച ആഘാതമാണ് സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിമാക്കാന്‍ പ്രേരണയായത്.
കുവൈത്തിലെ 4.8 ദശലക്ഷം ജനസംഖ്യയില്‍ 3.4 ദശലക്ഷവും വിദേശികളാണ്.