രൂപക്ക് വിലയിടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍, ഇനിയും ഇടിയാന്‍ സാധ്യത

ദുബായ്- രൂപയുടെ മൂല്യത്തില്‍ പെട്ടെന്നുണ്ടായ വന്‍ ഇടിവ് പ്രവാസികള്‍ക്ക് ഉത്സവകാലത്ത് നേട്ടമായി. വിഷു, റമദാന്‍ പ്രമാണിച്ച് നാട്ടിലേക്ക് പണമയക്കാന്‍ എത്തിയവര്‍ക്ക് ബംപറടിച്ച പ്രതീതി.
ഒരു ദിര്‍ഹത്തിനു രാജ്യാന്തര വിപണിയില്‍ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. പ്രാദേശിക പണമിടപാട് സ്ഥാപനങ്ങള്‍ 20 രൂപ 32 പൈസ വരെ നല്‍കി.
സൗദി റിയാലിന് 19.90 വരെ മൂല്യമുയര്‍ന്നു. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കോവിഡ് ആഘാതത്തില്‍ ഏതാനും മാസങ്ങളായി വിനിമയ നിരക്ക് കുറവായിരുന്നു. 19 രൂപ വരെ റിയാലിന് നിരക്ക് താഴ്ന്നു. അതിനാല്‍ പലരും പണം അയയ്ക്കാതെ മാറിനിന്നു. നിരക്ക് മെച്ചപ്പെട്ടതോടെ പണം അയക്കാനെത്തിയവര്‍ കൂടി.

ഇടപാടുകളില്‍ 25 ശതമാനത്തോളം വര്‍ധനവുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമായേക്കുമെന്നും സൂചനയുണ്ട്. ഒരു ഡോളറിനു 75.45 വരെ എത്താനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

 

Latest News