Sorry, you need to enable JavaScript to visit this website.

ബോംബ് പൊട്ടിയത് വോട്ട് കഴിഞ്ഞ്

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന വേളയിൽ ഒരു രാഷ്ട്രീയ ബോംബിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ പോകുന്ന എന്തൊക്കെയോ അണിയറയിൽ തയാറാകുന്നുണ്ടെന്നും പോളിംഗ് ദിവസത്തിനു തൊട്ടുമുമ്പ് അത് പുറത്തു വരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്താൽ സർക്കാരിന് തൃപ്തികരമായ മറുപടി പറയാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ ബോംബുണ്ടാക്കുന്നവരുടെ വിചാരമെന്നും എന്നാൽ തന്റെ സർക്കാരിനെതിരെ ആര് ഏത് ബോംബ് പൊട്ടിച്ചാലും ജനം അതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മുൻകൂർ ജാമ്യമെടുത്തു. 
എന്നാൽ എന്താണ് ആ ബോംബെന്നു മാത്രം മുഖ്യമന്ത്രി പറഞ്ഞില്ല. ചില രേഖകളും വീഡിയോ, ഓഡിയോ ക്ലിപ്പുകളുമൊക്കെ കൃത്രിമമായി തയാറാക്കുന്നുവെന്നുമുള്ള സൂചന മാത്രം നൽകി. അദ്ദേഹത്തിന് അത്രയേ അതേക്കുറിച്ച് വിവരമുണ്ടായിരുന്നുള്ളൂ എന്നു വേണം കരുതാൻ. 
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പലതും പരന്നു. മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പല ഊഹാപോങ്ങളും നിഗമനങ്ങളും പുറത്തുവിട്ടു. പക്ഷേ വോട്ടെടുപ്പിന് മുമ്പ് ഇപ്പറഞ്ഞതു പോലെ ഞെട്ടിക്കുന്ന ബോംബൊന്നും പൊട്ടിയില്ല. ആകപ്പാടെ ഉണ്ടായ പുതിയൊരു സംഭവം അദാനി കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ഒപ്പിട്ട കരാർ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഇടയാക്കുന്നതാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണമായിരുന്നു. സംഗതി ഗുരുതരമാണെങ്കിലും സർക്കാരിനെ കാര്യമായി പിടിച്ചുലയ്ക്കാൻ പോന്നതായില്ല. ഇതാണ് ബോംബെങ്കിൽ അത് ചീറ്റിപ്പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. താൻ പ്രതീക്ഷിച്ച ബോംബ് ഇതല്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.
എന്നാൽ ഏപ്രിൽ ആറിന് സംസ്ഥാനം പോളിംഗ് ബൂത്തിൽ പോയിക്കഴിഞ്ഞ ശേഷം പൊട്ടി. ഒന്നല്ല, പല ബോംബുകൾ. എല്ലാം സർക്കാരിനെയും മുഖ്യമന്ത്രിയെയും ശരിക്കും കുടുക്കുന്നവ. പോളിംഗ് ദിവസം രാത്രി കണ്ണൂർ കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ സി.പി.എം അക്രമികൾ വീട്ടിൽ പോയി വെട്ടിക്കൊലപ്പെടുത്തിയതു മുതൽ, ലോകായുക്ത വിധിയെത്തുടർന്ന് ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി കെ.ടി. ജലീലിന്റെ രാജി വരെ. 
കൊലയാളികൾ പോയത് മൻസൂറിനെ ഉന്നം വെച്ചായിരുന്നില്ല. മൻസൂറിന്റെ ജ്യേഷ്ഠനും യൂത്ത് ലീഗ് പ്രവർത്തകനുമായ മുഹ്‌സിനു വേണ്ടിയായിരുന്നു. ജ്യേഷ്ഠനെ രക്ഷിക്കാൻ ഓടിയെത്തിയപ്പോഴാണ് കൊലയാളികൾ മൻസൂറിനു നേരെ ബോംബെറിയുകയും വെട്ടിക്കൊല്ലുകയും ചെയ്യുന്നത്. ഈ കൊലപാതകം മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കാൻ പാർട്ടിയിൽ തന്നെയുള്ളവർ ചെയ്തതാണോ എന്ന സംശയം ഓരോ ദിവസം കഴിയുംതോറും ബലപ്പെട്ടുവരികയാണ്. കണ്ണൂർ സി.പി.എമ്മിൽ പിണറായി വിജയനെതിരെ പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തിയുടെ ബഹിർസ്ഫുരണമായിട്ടു വേണം അതിനെ കാണാൻ. ഹീനമായ ഒരു കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് പാർട്ടിയിലെ പിണറായി വിരുദ്ധ ചേരിക്കാരനായ പി. ജയരാജന്റെ മകൻ ജതിൻ രാജ് ഇട്ട 'ഇരന്നു വാങ്ങി' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്നെ അതിന്റെ പ്രധാന തെളിവ്. തങ്ങൾ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളോട് സി.പി.എം അണികളുടെ ഒരു പൊതു സമീപനം ഇതു തന്നെയാണങ്കിലും ഭരണത്തുടർച്ചക്കു വേണ്ടി പിണറായി കൊണ്ടുപിടിച്ച് ശ്രമിക്കുന്ന വേളയിൽ, സി.പി.എമ്മിനെ സ്‌നേഹിക്കുന്ന സമാധാന പ്രിയരായ ആളുകൾക്കിടയിൽ പോലും അവമിതിപ്പുണ്ടാക്കുംവിധം ഇത്തരമൊരു പോസ്റ്റിട്ടത് വെറുതെ ഒരാവേശം കൊണ്ടാവാനിടയില്ല. അതിന്റെ പേരിൽ വരുന്ന വിമർശനങ്ങളെല്ലാം നേരെ പിണറായിക്കു തന്നെ കിട്ടിക്കോട്ടെ എന്ന് കരുതിക്കൊണ്ടു തന്നെയാവും. ശരിയായ ഒളിയമ്പ്.
മൻസൂർ വധത്തേക്കാൾ പാർട്ടിക്ക് ഷോക്കായത് കേസിലെ രണ്ടാം പ്രതി കുലോത്ത് രതീഷിന്റെ ദുരൂഹ മരണമാണ്. ആത്മഹത്യയെന്നാണ് ആദ്യം വാർത്ത പുറത്തു വന്നതെങ്കിലും അതൊരു കൊലപാതകമായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്. മൻസൂർ വധം ആസൂത്രണം ചെയ്ത പാർട്ടി നേതാവിനെതിരെ സംസാരിച്ച രതീഷിനെ കേസിലെ മറ്റു പ്രതികൾ ചേർന്ന് ക്രൂരമായി മർദിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കശുമാവിൽ കെട്ടിത്തൂക്കുകയായിരുന്നുവത്രേ. പോലീസിന്റെ അന്വേഷണവും ആ വഴിക്കാണ് നീങ്ങുന്നത്. ഏതായാലും രതീഷിന്റെ മരണവും ഇരന്നു വാങ്ങിയതാണോ എന്ന് ആരും എഫ്.ബിയിൽ പോസ്റ്റിട്ട് കണ്ടില്ല.
രണ്ട് സംഭവങ്ങളിലും പിണറായി വിജയൻ കാര്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹം കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നല്ലോ. പക്ഷേ സി.പി.എമ്മിനുള്ളിൽ തനിക്കെതിരെ എന്തൊക്കെയോ അടിയൊഴുക്കുകൾ നടക്കുന്നുണ്ടെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രിക്ക് കിട്ടിയിരുന്നിരിക്കും. അതിന്റെ അടിസ്ഥാനത്തിലാവും ബോംബ് വരുന്നുണ്ടേ എന്ന് മുൻകൂട്ടി വെടി പൊട്ടിച്ചത്. പ്രതിപക്ഷമോ രാഷ്ട്രീയ എതിരാളികളോ നടത്തുന്ന ഗൂഢാലോചനയെക്കുറിച്ചാണ് അദ്ദേഹത്തിന് വിവരം കിട്ടിയതെങ്കിൽ സംഗതിയുടെ വിശദാംശങ്ങൾ കൂടി അദ്ദേഹം പുറത്തു വിട്ടിരുന്നേനേ. പക്ഷേ ബ്രൂട്ടസിന്റെ കുത്ത് എപ്പോൾ, എങ്ങനെ എന്നദ്ദേഹത്തിന് അറിയുമായിരുന്നില്ല.


സി.പി.എമ്മിനെ പിണറായി വിജയൻ സ്വന്തം കൈപ്പിടിയിലൊതുക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ അഗ്നിപർവതം പുകയുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഏറ്റവുമൊടുവിൽ രണ്ട് തവണ ജയിച്ചവരെ ഒഴിവാക്കുക എന്നൊരു വ്യവസ്ഥ തന്ത്രപൂർവം കൊണ്ടുവന്ന് മുതിർന്നവരും ജനപിന്തുണയുള്ളവരുമായ മന്ത്രിമാരെ ഒന്നടങ്കം പിണറായി വെട്ടിനിരത്തിയത് പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയ ഭൂകമ്പം ചെറുതല്ല. പാർട്ടി സി.പി.എം ആയതുകൊണ്ട് അതൊന്നും അധികം പുറത്തേക്ക് വന്നില്ലെന്ന് മാത്രം. എന്നിട്ടും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ മാധ്യമ പ്രവർത്തകരെ പഴിച്ചുകൊണ്ടാണെങ്കിലും തന്റെ അമർഷം പ്രകടിപ്പിച്ചു. തോമസ് ഐസക്കാവട്ടെ, എങ്ങും തൊടാതെയാണ് ഇപ്പോൾ ഓരോ കാര്യങ്ങൾ പറയുന്നത്. ഇനി തനിക്ക് മത്സരിക്കുകയേ വേണ്ടെന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. അതിനു തിരുത്തുമായി മുഖ്യമന്ത്രിക്കു തന്നെ രംഗത്തു വരേണ്ടിവന്നു. പി. ജയരാജന് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ അണികൾ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ധർമടത്ത് പി. ജയരാജന്റെ ഫഌക്‌സ് ഉയരുന്നതും പിണറായി വിജയന്റെ കട്ടൗട്ടിലെ തല വെട്ടിമാറ്റിയതും കണ്ടു. സി.പി.എം കോട്ടയിൽ ഇതൊക്കെ ചെയ്യാൻ സി.പി.എമ്മുകാർക്കല്ലാതെ മറ്റാർക്കും ധൈര്യം വരില്ലല്ലോ. ആലപ്പുഴയിലും എറണാകുളത്തും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം പാർട്ടി (അതായത് പിണറായി) തീരുമാനിച്ച സ്ഥാനാർഥികൾക്കെതിരെ അണികൾ പരസ്യമായും രഹസ്യമായും രംഗത്തു വന്നു. പാതിരാ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സി.പി.എമ്മിൽ പിണറായി വിരുദ്ധ വികാരം ശക്തിപ്പെടുന്നതിന്റെ സൂചനയായി അതെല്ലാം.
ഈ അസംതൃപ്തരെല്ലാം തനിക്ക് പണി തരാൻ തക്കം പാർത്തിരിക്കുകയാണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്ക് തന്നെയാണ്. അത് വോട്ടെടുപ്പിലെ അട്ടിമറിയോ സർക്കാരിന്റെയോ തന്റെയോ പ്രതിഛായ പാർട്ടിക്കാർക്കിടയിൽ മോശമാക്കുകയോ അങ്ങനെയെന്തുമാവാം. അപകടം മുൻകൂട്ടി കണ്ട് അദ്ദേഹം കരുതലെടുത്തതിന്റെ ഭാഗമാവാം ബോംബ് ആരോപണം. മാത്രമല്ല, ധർമടത്ത് തന്റെ വിജയം സുനിശ്ചിതമായിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹം മണ്ഡലത്തിൽ തന്നെ തമ്പടിച്ചതും ശ്രദ്ധേയം. റോഡ് ഷോകളും സിനിമാ താരങ്ങളെ ഇറക്കിയുള്ള പ്രചാരണ യോഗങ്ങളും സംഘടിപ്പിച്ചു. സി.പി.എം പാർട്ടി ഗ്രാമങ്ങളാൽ സമൃദ്ധമായ ധർമടം മണ്ഡലത്തിൽ പാർട്ടിയുടെ ഒരു സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ല. എന്നിട്ടും പതിവില്ലാതെ പിണറായി വിജയൻ ഇത്തരം പ്രചാരണ കോലാഹലം നടത്തിയതെന്തിനാവും? അതിനുള്ള മറുപടി അദ്ദേഹത്തിന്റെ തന്നെ പഴയ വാചകമാണ്, 'നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല.' 
വി.എസ്. അച്യുതാനന്ദൻ 18,000 വോട്ടിന് ജയിച്ച മാരാരിക്കുളത്ത് അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം അയ്യായിരത്തിലേറെ വോട്ടിന് തോറ്റ അദ്ഭുതം കേരളം കണ്ടിട്ടുണ്ട്. ആ മണ്ഡലത്തിൽ 1996 ലെ തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ ഒരു കമ്യൂണിസ്റ്റ് സ്ഥാനാർഥി തോറ്റിട്ടില്ല. ഇത്തരമൊരു അപകടമൊഴിവാക്കാൻ പിണറായി പരമാവധി മുൻകരുതലെടുത്തു. വോട്ടെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ച പിണറായിയുടെ മകൾ വീണ പി.പി.ഇ കിറ്റ് ഇട്ടുകൊണ്ട് ധർമടത്തെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതു പോലും ഈ സൂക്ഷ്മതയുടെ ഭാഗമാണ്. വീണയോട് മാധ്യമ പ്രവർത്തകർ ഭർത്താവ് മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടിയും ശ്രദ്ധേയം, 'അച്ഛന്റെ വിജയത്തിനാണ് ഏറെ പ്രാധാന്യം.'
മാരാരിക്കുളം ഏതായാലും ധർമടത്ത് ആവർത്തിക്കാനിടയില്ല. പക്ഷേ പിണറായിക്ക് ഒരു ഷോക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം സി.പി.എമ്മിനുള്ളിൽ വർധിച്ചിട്ടുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. പിണറായിയുടെ വിശ്വസ്തനായ കെ.ടി. ജലീലിനെതിരെ ലോകായുക്ത വിധി വന്നപ്പോൾ പല പ്രമുഖ നേതാക്കളും മൗനം പാലിച്ചത് ഒരു സൂചനയാണ്. ജലീലിന്റെ ബന്ധു നിയമനത്തിന് കൈയൊപ്പ് നൽകി പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം തിരിയുമ്പോഴും അവർ മൗനത്തിൽ തന്നെ. ഏതായാലും വോട്ടെടുപ്പ് വേളയിൽ ആരൊക്കെയോ എവിടെയോക്കെയോ ബോംബുകൾ വെച്ചിട്ടുണ്ട്. അത് പൊട്ടുമോ ചീറ്റുമോ എന്ന് മെയ് രണ്ടിനറിയാം.

Latest News