കൽപറ്റ - നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ വോട്ട് മറിച്ചെന്ന ആരോപണം തള്ളി ബി.ജെ.പി വയനാട് ജില്ലാ നേതൃത്വം. ആരോപണം അടിസ്ഥാന രഹിതമാണെന്നു വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നു ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ആനന്ദ്കുമാർ, ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർ പറഞ്ഞു.
ജനാധിപത്യ രാഷ്ടീയ സഭ സംസ്ഥാന പ്രസിഡന്റും ആദിവാസി നേതാവുമായ സി.കെ.ജാനു (ബത്തേരി), ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം.സുബീഷ് (കൽപറ്റ), പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ (മാനന്തവാടി) എന്നിവരാണ് വയനാട്ടിൽ എൻ.ഡി.എ ടിക്കറ്റിൽ ജനവിധി തേടിയത്. ബത്തേരിയിൽ ജാനുവിനെ വാരിയ ബി.ജെ.പി യു.ഡി.എഫിനു വോട്ട് മറിച്ചെന്ന ആരോപണം എൽ.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞടുപ്പു കമ്മിറ്റിയാണ് ഉന്നയിച്ചത്. കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ ബി.ജെ.പിക്കാരിൽ ഒരു വിഭാഗം സ്വന്തം സ്ഥാനാർഥിക്കല്ല വോട്ട് ചെയ്തതെന്ന പ്രചാരണവും ഇതിനിടെ ഉയർന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബി.ജെ.പി ജില്ലാ നേതാക്കളുടെ പ്രതികരണം.
ബി.ജെ.പി വോട്ട് മറിച്ചെന്ന പ്രചാരണം ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും എൽ.ഡി.എഫും യു.ഡി.എഫും ഉന്നയിക്കുന്നതാണെന്നു ആനന്ദ് കുമാറും പ്രശാന്തും പറഞ്ഞു. മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് എൻ.ഡി.എ സ്ഥാനാർഥികൾക്കു ലഭിച്ചിട്ടുണ്ട്. പാർട്ടി വോട്ടിൽ ചോർച്ച ഉണ്ടായിട്ടില്ല. പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടിൽ ഒരു പങ്കും എൻ.ഡി.എയ്ക്കാണ് കിട്ടിയത്.
സി.കെ.ജാനുവിനു ബത്തേരിയിൽ സീറ്റ് നൽകിയതിൽ ബി.ജെ.പി പ്രവർത്തകരിൽ ചിലർക്കു തുടക്കത്തിൽ അതൃപ്തിയുണ്ടായിരുന്നു. 2016 ൽ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ജാനു മുന്നണി വിട്ടതും പിന്നീട് തെരഞ്ഞെടുപ്പു കാലമായപ്പോൾ തിരിച്ചെത്തിയതുമാണ് ഈ അതൃപ്തിക്കു കാരണം. ഘടക കക്ഷി പ്രതിനിധിയായിട്ടും ജാനു താമര അടയാളത്തിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ അതൃപ്തി അലിയാൻ തുടങ്ങി. പ്രചാരണത്തിന്റെ രണ്ടാം ഘട്ടമായപ്പോഴേക്കും ജാനുവിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു പാർട്ടി പ്രവർത്തകരിൽ ഒരു തരത്തിലുള്ള അലോസരവും ഉണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിനു എത്തിയതോടെ എൻ.ഡി.എ പ്രവർത്തകർ മുഴുവൻ വലിയ ആവേശത്തിലായി. എന്നിരിക്കേയാണ് ഇടതുമുന്നണിയുടെ ദുരാരോപണം. മണ്ഡലത്തിൽ ചെയ്യാതെ പോയ വോട്ടുകളിൽ അധികവും സി.പി.എമ്മിന്റേതാണ്. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ച എം.എസ്. വിശ്വനാഥൻ ബത്തേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായതു രസിക്കാത്ത സി.പി.എമ്മുകാർ മണ്ഡലത്തിൽ നിരവധിയാണെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ചുവടുകൾ വയനാട്ടിൽ മുന്നോട്ടു തന്നെയാണെന്നു തെരഞ്ഞെടുപ്പുഫലം തെളിയിക്കും. ബത്തേരി മണ്ഡലത്തിൽ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു 8,829 വോട്ടാണ് കിട്ടിയത്. എന്നാൽ 2016 ൽ സി.കെ.ജാനു 27,920 വോട്ട് സ്വന്തമാക്കി. എൻ.ഡി.എ അംഗങ്ങളോ അനുഭാവികളോ അല്ലാത്തവരുടെ വോട്ടും ജാനുവിനു ലഭിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 17,602 വോട്ട് തുഷാർ വെള്ളാപ്പള്ളി നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബത്തേരി മുനിസിപ്പാലിറ്റിയിലും ഏഴു പഞ്ചായത്തുകളിലുമായി 24,947 വോട്ടാണ് എൻ.ഡി.എ കരസ്ഥമാക്കിയത്.
കൽപറ്റ മണ്ഡലത്തിൽ 2011 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു 6,580 വോട്ടാണ് ലഭിച്ചത്. 2016 ൽ ഇതു 12,988 വോട്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി കൽപറ്റയിൽ 14,122 വോട്ട് കരസ്ഥമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കൽപറ്റ മുനിസിപ്പാലിറ്റിയിലും 10 പഞ്ചായത്തുകളിലുമായി 14,601 വോട്ട് എൻ.ഡി.എയ്ക്കു ലഭിച്ചു. മാനന്തവാടി മണ്ഡലത്തിൽ 2011 ൽ 5,732 വോട്ടാണ് ബി.ജെ.പിക്കു നേടാനായത്. 2016 ൽ ഇതു 16,230 വോട്ടായി ഉയർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ 13,916 വോട്ടാണ് എൻ.ഡി.എയ്ക്കു ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലും ആറു പഞ്ചായത്തുകളിലുമായി മുന്നണി 18,960 വോട്ട് പിടിച്ചു. ഇതു പാർട്ടിയും മുന്നണിയും മണ്ഡലത്തിൽ കൈവരിച്ച വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും അധികം വോട്ട് ഇത്തവണ മൂന്നു മണ്ഡലങ്ങളിലും എൻ.ഡി.എയ്ക്കു ഉണ്ടാകുമെന്നും ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു.