Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ കോവിഡ് വ്യാപനം: പ്രവാസികള്‍ യാത്ര റദ്ദാക്കുന്നു

ദുബായ് - ഏതാനും ദിവസങ്ങളായി ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായതോടെ സ്വന്തം നാടുകളിലേക്കുള്ള യാത്ര പ്രവാസികള്‍ നീട്ടിവെക്കുന്നു. പലരും ടിക്കറ്റ് റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിവേഗത്തിലാണ് സംഭവിക്കുന്നത്. നാട്ടിലെത്തിയാല്‍ മടങ്ങിവരവ് പ്രയാസമാകുമെന്ന് ഭയന്നാണ് പലരും ടിക്കറ്റ് റദ്ദാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായാണ് പടരുന്നത്. 1.84 ലക്ഷം പേര്‍ക്കാണ്  ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.
ഈ സഹാചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള യാത്ര പലരും വേണ്ടെന്നു വെക്കുന്നത്. എന്നാല്‍ ഇതുവരെയും യാത്രാവിലക്കുകളോ അന്താരാഷ്ട്ര യാത്രാ നിബന്ധനകളോ ഇന്ത്യ പുറപ്പെടുവിച്ചിട്ടില്ല. 15 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയില്‍നിന്നുള്ള പ്രവാസികളില്‍ പലരും ടിക്കറ്റ് റദ്ദാക്കിയതായി സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി അഹമ്മദ് പ്രാദേശിക വാര്‍ത്താ മാധ്യമത്തോട് പറഞ്ഞു. യാത്രക്കാര്‍ കുറഞ്ഞതോടെ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലും കുറവ് വന്നിട്ടുണ്ട്. മുംബൈയിലേക്ക് 300 ദിര്‍ഹം വരെ നിരക്കില്‍ യാത്ര ചെയ്യാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരുള്ളത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇന്ത്യയിലെ സാഹചര്യം എന്താകുമെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പ്രവാസികള്‍.

 

Latest News