സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടി

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മേയ് 31 വരെ നീട്ടിവെക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ നടത്താതെ ഇന്റേണല്‍ അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിലവില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചിരിക്കയാണെന്നും ജൂണ്‍ ഒന്നിന് പുതുക്കിയ പരീക്ഷ ഷെഡ്യൂള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസം മുമ്പെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കും.
10, 12 ക്ലാസ് പരീക്ഷകള്‍ മെയ് നാലു മുതല്‍ ജൂണ്‍ ഏഴു വരെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ജൂലൈ പകുതിയോടെ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിരുന്നു.
ബോര്‍ഡ് നല്‍കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇന്റേണല്‍ അസസ്‌മെന്റ് അടിസ്ഥാനമാക്കി പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് തീരുമാനിക്കുക. ഇങ്ങനെ നല്‍കുന്ന മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കും.

 

Latest News