Sorry, you need to enable JavaScript to visit this website.

കോവിഡ്; ഇന്ത്യ കടന്നുപോകുന്നത് രൂക്ഷമായ അവസ്ഥയിലൂടെ-കേന്ദ്രം

ന്യൂദൽഹി- കോവിഡ് വ്യാപനത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നു കേന്ദ്ര സർക്കാർ. ആശങ്കാകരമായ സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ  സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പരിഹാരമുണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ ഏതു പ്രശ്‌നത്തിനും സഹായം നൽകാൻ കേന്ദ്ര സംഘം തയാറാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 
തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ ഒന്നര ലക്ഷം കടന്നു കുതിക്കുകയാണ്. ഇന്നലെയും 1,61,736 കേസുകൾ പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 879 പേർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് മരണം 1,71,058 ആയി ഉയർന്നു. നിലവിൽ 12,64,698 പേർ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. 
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ദൽഹി, ഛത്തീസ്ഗഡ്, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ 80 ശതമാനവും ഉള്ളതെന്നാണ് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്രയിൽ പ്രതിദിന വ്യാപനം അരലക്ഷം പിന്നിട്ട് കുതിക്കുന്നത് തുടരുകയാണ്. 51,751 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് (13,604), ഛത്തീസ്ഗഡ് (13,576), ഡൽഹി (13,500) എന്നിങ്ങനെ പോകുന്നു സംസ്ഥാനത്തിലെ കണക്കുകൾ. 
അതേസമയം, ഹരിദ്വാറിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുംഭമേള നടക്കുന്നതെന്നും ഗംഗയിലെ ഷാഹി സ്‌നാനിൽ പങ്കെടുക്കുന്നതെന്നും വ്യാപകമായി ആരോപണമുയരുന്നതിനിടെയാണ് ഇത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പരിശോധിച്ച 18,169 പേരിൽ നിന്നാണ് 102 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 28 ലക്ഷത്തോളം ആളുകൾ ഇതിനോടകം കുഭമേളയിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 

Latest News