വിമാനം വൈകി, യാത്രക്കാരുടെ വാക്കിന്‍റെ ചൂടറിഞ്ഞ് വ്യോമയാന മന്ത്രി

ന്യുദൽഹി -എയർ ഇന്ത്യ വിമാനം വൈകുന്നത് ഒരു പുതിയ വാർത്ത അല്ല. എന്നാൽ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു യാത്ര ചെയ്ത സർക്കാരിന്റെ സ്വന്തം എയർ ഇന്ത്യ വിമാനം വൈകിയപ്പോൾ അധികൃതർ ശരിക്കും വിവരമറിഞ്ഞു. ഇന്നലെ ദൽഹിയിൽ നിന്നും വിജയവാഡയിലേക്കുള്ള എഐ 459 വിമാനം അകാരണമായി വൈകിയതോടെ യാത്രക്കാർ നേരിട്ട് മന്ത്രിയുടെ സീറ്റിനരികിലേക്കു ചെന്ന് കാരണം ചോദിച്ചു. സാധാരണ വല്ലവരും പരാതി ബോധിപ്പിക്കാനാണ് ഇങ്ങനെ മന്ത്രി കാണാറുള്ളതെങ്കിൽ ഇത് കാരണം ചോദിക്കാനായിരുന്നു. എയർ ഇന്ത്യയെ കൈകാര്യം ചെയ്യുന്ന മന്ത്രിയാണെങ്കിലും കാര്യങ്ങളുടെ കിടപ്പ് അദ്ദേഹത്തിനുമറിയില്ലല്ലോ.

പൈലറ്റ് എത്താത്ത് കൊണ്ടാണ് ഒന്നര മണിക്കൂറോളം വിമാനത്തിനുള്ളിൽ കാത്തു കെട്ടിയിരിക്കേണ്ടി വന്നതെന്ന് പാവം മന്ത്രി പോലും അപ്പോൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. യാത്രക്കാരുടെ പ്രതിഷേധച്ചൂട് അദ്ദേഹം ശരിക്കും അറിയുകയും ചെയ്തു.  അദ്ദേഹം ഉടൻ തന്നെ പുതുതായി നിയമിതനായ എയർ ഇന്ത്യ മേധാവി പ്രദീപ് ഖരോലയെ വിളിച്ച് കാര്യമന്വേഷിച്ചു. പൈലറ്റും ജീവനക്കാരും എത്താൻ വൈകിയതാണ് കാരണമെന്ന് ഒടുവിൽ കണ്ടെത്തി. 

മന്ത്രി ഈ ദുരിതം അനുഭവിച്ചതു കൊണ്ട് ഇത്തവണ എയർ ഇന്ത്യ കടുത്ത നടപടിയെടുത്തു. വൈകി എത്തിയ രണ്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ക്യാപ്റ്റന് ശക്തമായ താക്കീത് നൽകുകയും ചെയ്തു. ഈ അനുഭവത്തോടെ എയർ ഇന്ത്യയിലെ സമയം വൈകൽ സംസ്‌കാരം ഇല്ലാതാക്കാൻ പുതിയ മേധാവി കാര്യമായി വല്ലതും ചെയ്യുമെന്ന് യാത്രക്കാർക്കു പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാൻ മാത്രമെ വകുപ്പുള്ളൂ.

Latest News