Sorry, you need to enable JavaScript to visit this website.

മംഗളൂരു പുറങ്കടലിൽ കപ്പൽ ഇടിച്ചുള്ള അപകടം തുടർക്കഥ

കാസർകോട് - കർണാടകയുടെ പുറങ്കടലിൽ കപ്പൽ മീൻപിടിത്ത ബോട്ടുകളിൽ ഇടിച്ചുള്ള അപകടം തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുംനടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു. കേരളത്തിൽ നിന്നും മംഗളൂരു ഭാഗത്തേക്ക്പോകുന്ന മീൻപിടിത്ത ബോട്ടുകളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. 
വിദേശ കപ്പലുകൾ ഉൾപ്പെടെ അവരുടെ നിർദിഷ്ട ചാനലുകൾ മാറി മംഗളൂരു തീരത്തോട് അടുപ്പിച്ചു യാത്ര തുടരുന്നത് കാരണമാണ് ബോട്ടുകളിൽ കപ്പലുകൾ ഇടിക്കുന്നസാഹചര്യം ഉണ്ടാകുന്നത്. സിഗ്‌നലുകളും മൊബൈൽ റെയ്ഞ്ചും കിട്ടാതെ വരുമ്പോൾ ആണ് കപ്പലുകൾ തീരത്തോട് അടുപ്പിക്കുന്നത്. കപ്പലുകൾ ചാനലുകൾ മാറി ഓടുമ്പോൾ അതറിയാതെമീൻ പിടിച്ചു കൊണ്ടിരിക്കുന്ന ബോട്ടുകളിൽ ഇടിക്കുകയാണ് ചെയ്യുക. മംഗളൂരു പുറങ്കടൽ നൂറുകണക്കിന് ബോട്ടുകളിൽ മൽസ്യത്തൊഴിലാളികൾ മീൻ പിടിക്കുന്ന സ്ഥലമാണ്. 


കേരളത്തിൽ നിന്നുള്ള ധാരാളം ബോട്ടുകൾ മീൻ ലഭ്യത കൂടുതൽ ആയതിനാൽ ഈ സ്ഥലത്തെ കടലിൽ ബോട്ടുമായി എത്താറുണ്ട്. ഇടിക്കാൻ വരുന്ന കപ്പലുകളിൽ നിന്നും പലപ്പോഴായി രക്ഷപ്പെട്ട അനുഭവം മൽസ്യത്തൊഴിലാളികൾ പറയാറുണ്ട്. ആരാണ്, എന്താണ്, എവിടെ നിന്ന് വരുന്ന കപ്പലാണ് എന്നൊന്നും അറിയാത്തതിനാൽ പരാതി നൽകാൻ പോകാറില്ല. എന്നാൽ നിരവധി തവണ പരാതി നൽകിയിട്ടും തെളിവില്ലാത്തതിന്റെ പേരിൽ അധികൃതർ നടപടി എടുത്തിട്ടില്ലെന്ന് ബോട്ടുടമകൾ പറയുന്നു. കപ്പൽ ചാനൽ മാറി ഓടുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. തിരമാലയിൽപ്പെട്ട് ബോട്ട് തകരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. പുറംകടലിൽ അയക്കൂറ പിടിക്കാൻ പോയ ഫൈബർ ബോട്ട്തകർന്നു അഞ്ചുമത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിയ സംഭവം ഉണ്ടായത് ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ്. കാസർകോട് കീഴൂർ കടപ്പുറത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ പുറങ്കടലിലാണ് അപകടം സംഭവിച്ചത്. ചെറുവത്തൂർ മടക്കരയിൽ നിന്നും മീൻ പിടിക്കാൻ കടലിൽ പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിൽഉണ്ടായിരുന്നത്. ഇവരുടെ 'മറിയം' ബോട്ട് തിരമാലയിൽപെട്ട് രണ്ടായി മുറിയുകയായിരുന്നു.

 

Latest News