Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാവങ്ങളുടെ അക്കൗണ്ടിൽനിന്ന് എസ്.ബി.ഐ ചോർത്തിയത് 300 കോടി

കൊച്ചി - സീറോ ബാലൻസ് അക്കൗണ്ടുകളിൽ നിന്ന് സർവീസ് ചാർജ് ഇനത്തിൽ അഞ്ചു വർഷത്തിനിടെ എസ്.ബി.ഐ ഈടാക്കിയത് 300 കോടി രൂപ. എസ്.ബി.ഐ ഉൾപ്പെടെയുള്ള നിരവധി ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾ അഥവാ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് (ബി.എസ്.ബി.ഡി.എ) നൽകിവരുന്ന സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നതായി ഐ.ഐ.ടി മുംബൈ നടത്തിയ പഠന റിപ്പോർട്ടിലാണുള്ളത്. ഒരു മാസം നാലു തവണയിൽ കൂടുതൽ സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമയിൽനിന്ന് 17.70 രൂപ സേവന ചാർജായി ഈടാക്കുന്നു. സാധാരണക്കാരും വിദ്യാർഥികളും കൂടുതലായും ആശ്രയിക്കുന്നത് ബി.എസ്.ബി.ഡി അക്കൗണ്ടുകളെയാണ്.


2015-2020 കാലയളവിൽ എസ്.ബി.ഐയുടെ 12 കോടി ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകളിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ ഈടാക്കിയിട്ടുണ്ട്. ഇതിൽ 2018-2019 കാലയളവിൽ മാത്രം 72 കോടി രൂപയും, 2019-2020 കാലയളവിൽ 158 കോടി രൂപയുമാണ് പിരിച്ചെടുത്തത്. രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 3.9 കോടി ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകളിൽ നിന്ന് കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 9.9 കോടി രൂപ സേവന നിരക്ക് ഇനത്തിൽ ഈടാക്കി. 2013 ൽ ആരംഭിച്ച റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിമാസം 4 പിൻവലിക്കലിന് മുകളിലുള്ള എല്ലാ പിൻവലിക്കലുകൾക്കും ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകളിൽ നിന്ന് സേവന നിരക്ക് ഈടാക്കിയിരുന്നു. ഡിജിറ്റൽ ഇടപാടുകളായ എൻ.ഇ.എഫ്.ടി, ഐ.എം.പി.എസ്, യു.പി.ഐ, ഭീം-യു.പി.ഐ, ക്രെഡിറ്റ് കാർഡ് അടക്കമുള്ള വ്യാപാര പെയ്മെന്റ് പോർട്ടലുകൾ വരെ സേവന നിരക്കിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.


ബി.എസ്.ബി.ഡി അക്കൗണ്ടുകളുടെ പ്രവർത്തന രീതിയനുസരിച്ച്, നിർബന്ധമായും ബാങ്കിംഗ് സേവനങ്ങൾ സൗജന്യമായി നൽകിയിരിക്കണം. ഇതിൽ പ്രതിമാസം നാലുതവണ അക്കൗണ്ട് ഉടമയ്ക്ക് പണം പിൻവലിക്കാവുന്നതാണ്. സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഒരു ബി.എസ്.ബി.ഡി അക്കൗണ്ടായിരിക്കുന്നിടത്തോളം ബാങ്കുകൾക്ക് ഒരു ചാർജും ഈടാക്കാൻ അവകാശമില്ല. മൂല്യവർധിത ബാങ്കിംഗ് സേവനങ്ങൾക്കും ഇത് ബാധകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ മാസത്തിൽ നാല് തവണയിൽ കൂടുതലുള്ള പണം പിൻവലിക്കൽ ഒരു മൂല്യവർധിത സേവനമായാണ് ആർ.ബി.ഐ പരിഗണിക്കുന്നത്.


ഒരു വശത്ത് രാജ്യം ഡിജിറ്റൽ പെയ്മെന്റ് മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടേത് ആളുകളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണെന്ന് റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ദൈനംദിന ആവശ്യങ്ങൾക്കായി ഡിജിറ്റൽ ഇടപാട് നടത്തുന്നവരെ പോലും സേവന ചാർജ് ബാധിക്കുന്നുണ്ട്. പലപ്പോഴും അക്കൗണ്ട് ഉടമകൾ ഇത് ശ്രദ്ധിക്കാതെ പോകുന്നു. ബി.എസ്.ബി.ഡി അക്കൗണ്ടുകൾ ഉപഭോക്താക്കളെ സഹായിക്കാൻ വേണ്ടിയുള്ളതാണെങ്കിലും, ആർ.ബി.ഐയുടെ അനുവാദത്തോടെയാണ് ചൂഷണം നടന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക വകുപ്പുകളായ, ഉപഭോക്തൃ വിദ്യാഭ്യാസ സംരക്ഷണ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ് എന്നിവ സേവന നിരക്കുകളിൽ നീതി ഉറപ്പാക്കുന്നതിനായി നിലവിലുണ്ടെങ്കിലും അമിത ചാർജ് ഈടാക്കൽ തുടർന്നുവരുന്നു.

 

Latest News