Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സൗത്തിൽ ഇടതു, വലതു മുന്നണികൾക്ക് ആശങ്ക ഒഴിയുന്നില്ല

കോഴിക്കോട്- കോഴിക്കോട് സൗത്തിൽ മുനീറിന് ലഭിച്ചുപോന്ന നിഷ്പക്ഷ വോട്ടുകൾ കൈവിടുമോ എന്ന ആശങ്കയിൽ യു.ഡി.എഫ്. സ്ഥാനാർഥി പരിചിതനായിരുന്നേൽ ജയം ഉറപ്പിക്കാമായിരുന്നുവെന്ന് എൽ.ഡി.എഫും. രണ്ടു കൂട്ടരുടെയും വോട്ടുപെട്ടിയിൽ കയ്യിട്ട് വാരി ബി.ജെ.പി.യും. 
മെയ് രണ്ടിന് വോട്ട് എണ്ണും മുമ്പെയുള്ള കണക്കു കൂട്ടലിൽ ഇടതു വലതു മുന്നണികൾക്ക് ആശങ്ക ഒഴിയുന്നില്ല. കാൽ നൂറ്റാണ്ടിന് ശേഷം മുസ്‌ലിംലീഗിന്റെ വനിതാ സ്ഥാനാർഥിയെ ലഭിച്ച മണ്ഡലമാണ് കോഴിക്കോട് സൗത്ത്. എന്നാൽ മണ്ഡലം കമ്മിറ്റി ഒട്ടും ആഗ്രഹിച്ചായിരുന്നില്ല ഈ സ്ഥാനാർഥിത്വം. എം.കെ.മുനീർ തന്നെ മത്സരിക്കട്ടെ എന്നായിരുന്നു പ്രാദേശിക  ലീഗ് നേതൃത്വത്തിന്റെ നിലപാട്. 2011ലും 2016ലും തുടർച്ചയായി സൗത്തിൽ നിന്ന് നിയമസഭയിലെത്തിയ ഡോ.എം.കെ.മുനീറിന് കുറെയേറെ നിഷ്പക്ഷ വോട്ടുകൾ ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പുകളിൽ മുനീറിന് ലഭിച്ച എതിരാളികളും താരതമ്യേന അപ്രസക്തരുമായിരുന്നു. 2011ൽ സി.പി.മുസഫർ അഹമ്മദ് (സി.പി.എം) ആയിരുന്നു എതിരാളിയെങ്കിൽ 2016ൽ ഐ.എൻ.എല്ലിലെ എ.പി.അബ്ദുൽ വഹാബായിരുന്നു. ഒരു സീറ്റ് വനിതക്ക് നൽകാമെന്ന പാർട്ടി തീരുമാനിച്ചപ്പോഴേ പരിഗണിച്ച മണ്ഡലങ്ങളിലൊന്ന് കോഴിക്കോട് സൗത്തായിരുന്നു. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ചില എതിർപ്പിനെ തുടർന്ന് തെക്കൻ കേരളത്തിലെവിടെയെങ്കിലും ഒരാളെ സ്ഥാനാർഥിയാക്കി മാനം കാക്കാമെന്ന നിർദേശവും ഉയർന്നതാണ്. എന്നാൽ വനിതകളിൽ സ്ഥാനാർഥികളാകാൻ തയ്യാറുള്ളവർ ഏറെ ഉണ്ടായിരുന്നു താനും.

അപ്പോഴാണ് മുനീർ കൊടുവള്ളിയിലേക്ക് നീങ്ങാൻ ഒരുങ്ങിയത്. ഇതോടെ നൂർബീനക്ക് കോഴിക്കോട് സൗത്ത് നൽകി. വനിതാ സ്ഥാനാർഥികൾ യു.ഡി.എഫിന് മിക്കപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് ചെലവിലും തന്ത്രത്തിലും മെഷിനറിയിലും സ്ഥാനാർഥികൾ വലിയ പങ്കു വഹിക്കുന്നതാണ് യു.ഡി.എഫിലെ രീതി. സ്ഥാനാർഥി വനിതയാവുമ്പോൾ ഇതിന് പരിമിതി വരുന്നു. നഗരത്തിലെ ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ ഏറെയും സൗത്തിലാണെങ്കിലും സംഘടനാ സംവിധാനം വളരെ ദുർബലമാണ്. ഇത് പ്രചാരണത്തിൽ പ്രകടമായിട്ടുണ്ട്. 
കുറ്റിച്ചിറ, കല്ലായി, മാങ്കാവ്, കോവൂർ എന്നിങ്ങനെ നാല് മേഖലകളായി സൗത്തിനെ വിഭജിച്ചാൽ കുറ്റിച്ചിറയിൽ യു.ഡി.എഫും കോവൂരിൽ എൽ.ഡി.എഫും മുന്നിൽ നിൽക്കും. ഇതിൽ തന്നെ കുറ്റിച്ചിറയിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തേക്കാൾ വരും കോവൂരിലെ എൽ.ഡി.എഫ്. സ്വാധീനം. മാങ്കാവിൽ യു.ഡി.എഫിനും കല്ലായിൽ എൽ.ഡി.എഫിനും നേരിയ മേൽക്കൈ ഉണ്ടാകും. നിഷ്പക്ഷ വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുന്നതോടെ കോവൂർ ഒഴികെ മേഖലകൾ യു.ഡി.എഫിനൊപ്പമാകുകയും കോവൂരിൽ എൽ.ഡി.എഫ് സ്വാധീനം കുറയുകയും ചെയ്യും. 


2016ൽ സൗത്തിൽ ബി.ജെ.പിക്ക് സ്ഥാനാർഥിയുണ്ടായിരുന്നില്ല. എൻ.ഡി.എ.ക്ക് വേണ്ടി ബിഡിജെഎസ് ആണ് മത്സരിച്ചത്. ഇക്കുറി ബിജെപിക്ക് വേണ്ടി ശ്രദ്ധേയയായ നവ്യ ഹരിദാസ് മത്സരിച്ചത് ഇരു പക്ഷത്തെയും വോട്ടുകൾ ചോരാൻ ഇടയാക്കും. ആരുടെ വോട്ടുകൾ കൂടുതൽ ചോരും എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയം. 
2011ൽ യു.ഡി.എഫിന് 46.8 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2016ൽ ഇത് 43.13 ആയി കുറഞ്ഞു. എൽഡിഎഫിന്റേത് 44.75ൽ നിന്ന് 37.66 ആയി കുറഞ്ഞു. അതേ സമയം എൻ.ഡി.എ. വോട്ടുകൾ 7.25ൽ നിന്ന് 16.58 ആയി വർധിച്ചു. അഥവാ യു.ഡി.എഫിന് മൂന്നും എൽഡിഎഫിന് ഏഴും ശതമാനം വോട്ടുകൾ കുറഞ്ഞു. ഇതു മുന്നിൽ കണ്ടാണ് ബിഡിജെഎസിനെ മാറ്റി ബി.ജെ.പി. വനിതാ സ്ഥാനാർഥിയെ നിർത്തിയത്. 


ഇത് മൂന്നാം തവണയാണ് ഇടതുമുന്നണിക്ക് വേണ്ടി ഐ.എൻ.എൽ ഇവിടെ മത്സരിക്കുന്നത്. ആദ്യം മത്സരിച്ച പി.എം.എ. സലാം 2006ൽ ജയിച്ചുവെങ്കിലും 2011 ആയപ്പോഴേക്കും അദ്ദേഹം മുസ്‌ലിംലീഗിൽ എത്തി. ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർ കോവിൽ മണ്ഡലത്തിലെ പൊതു സമൂഹത്തിന് പരിചിതനല്ല. യു.ഡി.എഫ് സ്ഥാനാർഥി നൂർബീനയാവട്ടെ രണ്ടുതവണ കോർപ്പറേഷൻ കൗൺസിലറാവുകയും വനിതാ കമ്മീഷൻ അംഗം, അഭിഭാഷക എന്നീ നിലകളിൽ നഗരവാസികളിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അഹമ്മദ് ദേവർ കോവിൽ ദുർബല സ്ഥാനാർഥി എന്ന നിലയിൽ കൂടിയാണ് വനിതാ സ്ഥാനാർഥിക്ക് കോഴിക്കോട് സൗത്തിൽ ലീഗ് അവസരം നൽകിയത്. മുനീർ മണ്ഡലം വിടുമ്പോൾ പകരം ആളെ കണ്ടെത്താനും ലീഗിന് പ്രയാസമുണ്ടായിരുന്നു. 


തുടക്കത്തിൽ മന്ദീഭവിച്ച തെരഞ്ഞെടുപ്പ് പ്രചാരണം അവസാനമാകുമ്പോഴേക്കും എല്ലായിടത്തും എത്തിക്കാൻ സാധിച്ചുവെന്നാണ് യു.ഡി.എഫ് കരുതുന്നത്. കോവൂർ മേഖല എങ്ങനെ പ്രതികരിച്ചുവെന്നത് ഫലത്തെ പ്രവചനാതീതമാക്കുന്നു. 
ഇടതുപക്ഷത്തെ കരുത്തനായ എളമരം കരീമിനെ രണ്ടാമൂഴത്തിൽ തോൽപിച്ചുകളഞ്ഞത് ഈ കോവൂർ മേഖലയാണ്. വനിത എന്ന നിലയിൽ നൂർബീനക്ക് ലഭിക്കേണ്ടിയിരുന്ന കുറെ വോട്ടുകളെങ്കിലും ചെറുപ്പക്കാരിയായ നവ്യക്ക് പോയിരിക്കാമെന്നും പ്രതീക്ഷിക്കുന്നു. 

 

Latest News