Sorry, you need to enable JavaScript to visit this website.

കോവിഡിനെ കൂസാതെ ജനം തിയേറ്ററുകളിൽ;  നിയന്ത്രണങ്ങളിൽ ആശങ്കയോടെ സിനിമാ മേഖല

കൊച്ചി - കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ വീണ്ടും ശക്തിപ്പെടുത്തിയതിന് പിന്നാലെ സിനിമാ തിയേറ്ററുകളിൽ പുതിയ ചിത്രങ്ങൾ വ്യാപകമായി റിലീസ് ചെയ്തതോടെ കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്ക ശക്തമായി. 
അര ഡസനിലധികം സിനിമകളാണ് വിഷുവിന് മുമ്പായി തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഇവയിൽ പലതും വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. തിയേറ്ററുകൾ കോവിഡ് നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും അതുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. എന്നാൽ സിനിമാ സംഘടനകൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ തിയേറ്റർ ഉടമകളും വിതരണക്കാരും ചേർന്ന് അവരുടെ ഇഷ്ടത്തിനനുസരിച്ച് സിനിമകൾ റിലീസ് ചെയ്യുകയാണെന്ന് ചേംബർ ഭാരവാഹികൾ പറയുന്നു. 
മാർട്ടിൻ പ്രക്കാട്ടിന്റെ ജോജു ജോർജ്-കുഞ്ചാക്കോ ബോബൻ ചിത്രമായ 'നായാട്ട്', അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ- നയൻതാര ചിത്രമായ 'നിഴൽ', മഞ്ജുവാര്യർ-സണ്ണി വയ്ൻ ജോഡികളുടെ ഹൊറർ ചിത്രമായ 'ചതുർമുഖം', ബിജു മേനോൻ-പാർവതി തെരുവോത്ത് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആർക്കറിയാം', ഫഹദ് ഫാസിലും സൗബിൻ ഷഹീറും പ്രധാന വേഷങ്ങളിലെത്തുന്ന സൈക്കോ  ത്രില്ലറായ 'ഇരുൾ', സണ്ണി വെയ്‌നെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത 'അനുഗൃഹീതൻ ആന്റണി', ധനുഷിന്റെ തമിഴ് ചിത്രം 'കർണൻ' എന്നീ സിനിമകളാണ് വിഷുവിന് തിയേറ്ററുകളിലെത്തിയിട്ടുള്ളത്. മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രമായ ദി പ്രീസ്റ്റ്, ടൊവിനോ തോമസിന്റെ കള എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.


വിഷു ദിനത്തിൽ ഒ ടി ടി പ്ലാറ്റ്‌ഫോമിലും സിനിമകൾ റിലീസ് ചെയ്യുന്നത് കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ നിന്നകറ്റുമോ എന്ന ആശങ്ക തിയേറ്ററുടമകൾ പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' വിഷു ദിനത്തിൽ ആമസോൺ പ്രൈമിലും സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത 'അത്ഭുതം' റൂട്‌സിന്റെ  ഒ ടി ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും.  ഒടിടി പ്ലാറ്റ്‌ഫോമിലെ വിഷു ചിത്രങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ടീമിന്റെ 'ജോജി' മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി ഇതിനോടകം  മാറി. ദൃശ്യം 2ന് ശേഷം ഒ ടി ടി യിൽ വലിയ വിജയം നേടുന്ന മറ്റൊരു ചിത്രമായി ജോജി. കോവിഡിന്റെ രണ്ടാം തരംഗം ഉയർത്തുന്ന ഭീഷണി തിയേറ്ററുകളെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം. വലിയൊരു ഇടവേളക്ക് ശേഷം തുറന്ന തിയേറ്ററുകൾ സജീവമായി വരുന്ന സമയത്താണ് കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ സിനിമാ തിയേറ്ററുകളെ ബാധിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ എം രഞ്ജിത് പറഞ്ഞു.  


അതേസമയം പുതിയ സിനിമകളുടെ റിലീസ് തോന്നുന്ന പോലെയാണ് നടക്കുന്നതെന്നും വ്യക്തമായ ആസൂത്രണം ഇല്ലാത്തത് ചിത്രങ്ങളുടെ വിജയത്തെ ബാധിക്കുമെന്നും ഫിലിം ചേംബർ ഭാരവാഹിയായ അനിൽ വി തോമസ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ ചിത്രങ്ങൾ റിലീസിന് എത്തുന്നുവെന്ന കാര്യത്തിൽ സിനിമാ സംഘടനകൾക്ക് വ്യക്തമായ വിവരം ലഭിക്കുന്നില്ല. കോവിഡിന് മുമ്പ് സിനിമാ റിലീസിന് ചില മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ അത് പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 
കോവിഡ് ഭീഷണി ഒഴിയാതെ സിനിമാ റിലീസ് കൃത്യമായ പ്ലാനിംഗോടെ നടത്താൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

 

Latest News