Sorry, you need to enable JavaScript to visit this website.

സ്ത്രീയെ തലയ്ക്കടിച്ച് വീഴ്ത്തി സ്‌കൂട്ടറും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി- സ്കൂട്ടറില്‍ വരികയായിരുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ച് സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്‌നല്‍ ബിനോയി (23), തൃശുര്‍ കൊടുങ്ങല്ലൂര്‍, എസ് എന്‍ പുരം പള്ളിപ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷാഫി (31), തൃശ്ശൂര്‍ കല്ലൂര്‍ വില്ലേജ്, മുട്ടിത്തടി, തയ്യില്‍ വീട്ടില്‍ അനൂപ് (മാടപ്രാവ് അനൂപ് -33) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ച് 19 ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടിമറ്റത്ത് പ്രതികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി തലയ്ക്കടിച്ച് സ്‌കൂട്ടറും സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന 15,000 രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

സ്‌കൂട്ടര്‍ പിറ്റേ ദിവസം കോട്ടമല ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലിസ് കണ്ടെടുത്തിരുന്നു. പിടിയിലായ ആഗ്നല്‍ സ്ത്രീയോടൊപ്പം മൂന്നു വര്‍ഷം മുന്‍പ് കടയില്‍ ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവരുടെ വണ്ടിയില്‍ പണമുണ്ടെന്ന് മനസിലാക്കിയ പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റ് പ്രതികളുമൊന്നിച്ച് കൂടിയാലോചന നടത്തി കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ ഒല്ലൂര്‍, വരന്തരപ്പിള്ളി, പെരുമ്പിലാവ് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

2020 ഡിസംബറില്‍ നെടുമ്പാശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മാല മോഷണകേസ്സില്‍ അറസ്റ്റിലായ ആഗ്‌നല്‍ ജയില്‍ മോചിതനായ ശേഷമാണ് ഈ കേസ്സില്‍ ഉള്‍പ്പെട്ടത്. അനൂപിന് വരന്തരപ്പിള്ളി, മതിലകം, ഒല്ലൂര്‍, പുതുക്കാട്, എറണാകുളം നോര്‍ത്ത്, മഞ്ചേരി, കല്‍പ്പറ്റ, എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, വധശ്രമം, കവര്‍ച്ച എന്നിങ്ങനെ കേസുകള്‍ നിലവിലുണ്ട്. നാലു മാസം മുമ്പാണ് ജയില്‍മോചിതനായത്.

Latest News