Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ ഭീതിയിൽ മറുനാടൻ തൊഴിലാളികൾ വീണ്ടുമൊരു കൂട്ടപ്പലായനം? 

കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

കോവിഡ് മഹാമാരിയുടെ കരിമേഘങ്ങൾ വീണ്ടും ഉരുണ്ടുകൂടുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ റെക്കോർഡ് ഭേദിച്ചാണ് ദിനംപ്രതി കോവിഡ് കേസുകൾ പെരുകുന്നത്. ലക്ഷവും കടന്ന് ഒന്നര ലക്ഷത്തിലേറെയാണ് പ്രതിദിന കേസുകൾ. മഹാ നഗരങ്ങളിൽ വാരാന്ത്യ ലോക്ഡൗൺ മുതൽ പലവിധ നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു. കേരളത്തിലെ കണ്ണൂരിൽ പോലും രാത്രികാല കർഫ്യൂവിനെ കുറിച്ചാലോചിക്കുകയാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മുംബൈ, ന്യൂദൽഹി, ബംഗളൂരു എന്നീ വൻനഗരങ്ങളാണ് ദരിദ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണ തൊഴിലാളികളുടെ അഭയ കേന്ദ്രം. രണ്ടാമതൊരു ലോക്ഡൗൺ വരുമോയെന്ന ഭീതിയിലാണ് മെട്രോ നഗരങ്ങളിലേക്ക് ചേക്കേറിയ മറുനാടൻ തൊഴിലാളികൾ. കഴിഞ്ഞ വർഷം മെയ് ഒന്ന് മുതലാണ് തൊഴിലാളികൾക്ക് തിരിച്ചു പോകാൻ ശ്രമിക് ട്രെയിൻ സർവീസ് തുടങ്ങിയത്. ജൂലൈ 9 വരെ ഇവയുടെ സർവീസ് തുടർന്നു. 430 കോടി രൂപയുടെ വരുമാനം റെയിൽവേയ്ക്ക് ലഭിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നായിരുന്നു കൂടുതൽ സർവീസുകൾ. ലക്ഷ്യം പ്രധാനമായും ബിഹാർ, യു.പി സംസ്ഥാനങ്ങളും. കേരളം, തമിഴുനാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കും കുടിയേറ്റ തൊഴിലാളികൾക്കായി ട്രെയിനുണ്ടായിരുന്നു. റെയിൽപാളത്തിലൂടെ നടന്നു പോകുകയായിരുന്ന തൊഴിലാളികൾ കൂട്ടത്തോടെ ഗുഡ്‌സ് ട്രെയിൻ തട്ടി മരിച്ചത് അക്കാലത്തെ നടുക്കുന്ന വാർത്തയായിരുന്നു.  റെയിൽവേ ബജറ്റ് തന്നെ ഇല്ലാതായ സ്ഥിതിക്ക് കേന്ദ്രത്തിൽ റെയിൽവേയ്ക്ക് ഒരു മന്ത്രിയുണ്ടെന്നത് ജനം അറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. രാജസ്ഥാനിലേക്ക് ആവശ്യത്തിന് ശ്രമിക് ട്രെയിൻ ഏർപ്പെടുത്താത്തത് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന് റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. 


ഇപ്പോൾ കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രണ്ടാം ലോക്ഡൗൺ വരുമെന്ന് മഹാരാഷ്ട്രയിൽ പ്രചാരണം വ്യാപകമായിട്ടുണ്ട്.  ഇതോടെ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മുംബൈ വിടുകയാണ്. ഞായറാഴ്ച മുതൽ മുംബൈ നഗരത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 400 ശതമാനം വർധനയാണ് കൊറോണ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. തുടർന്നാണ് കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് കുടിയേറ്റ തൊഴിലാളികൾ  കൂട്ടത്തോടെ മുംബൈ വിടുന്നത്. ഉത്തർ പ്രദേശിലും ബിഹാറിലുമുള്ള തൊഴിലാളികളാണ് മുംബൈയിൽ കൂടുതലുള്ളത്. ഇവരാണ് നാട്ടിലേക്ക് പോകുന്നത്. ഏപ്രിൽ എട്ട് വരെ ഉത്തർ പ്രദേശിലെ പല നഗരങ്ങളിലേക്കുമുള്ള ട്രെയിനുകൾ ബുക്ക് ചെയ്തിട്ടുണ്ട്.

കുർളയിലെ ലോകമാന്യ തിലക് ടെർമിനസ്, ഛത്രപതി ശിവജി ടെർമിനസ്, മുംബൈ സെൻട്രൽ എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം നിത്യേന രാവിലെ മുതൽ ദീർഘ ദൂര ട്രെയിനുകളിലേക്ക് ബുക്ക് ചെയ്യാൻ ആളുകളെത്തുന്നു, ശ്രമിക് ഇല്ലെങ്കിലും ലഭ്യമായ ട്രെയിനിൽ നാടണയുക എന്ന ലക്ഷ്യത്തോടെ. 
30 ലക്ഷം കുടിയേറ്റ തൊഴിലാളികളുള്ള രാജ്യത്തെ മഹാനഗരമാണ് മുംബൈ. ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ ഇവിടെയുള്ള തൊഴിലാളികൾ വളരെ പ്രയാസത്തിലായിരുന്നു. ഇനിയും സമാനമായ സാഹചര്യമുണ്ടാകുമോ എന്നാണ് അവരുടെ ആധി. രാജ്യത്തെ 10 കോടിയോളം കുടിയേറ്റ തൊഴിലാളികൾ കൂലിവേലക്കാരാണ്. ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെയാണ് അവർക്ക് ജോലി ഇല്ലാതായത്.


2020 ൽ ജൂൺ 1 വരെ തുടർന്ന രാജ്യവ്യാപകമായ ലോക്ഡൗൺ കാരണം 40 കോടി ജനങ്ങൾ പട്ടിണിയിലേക്ക് കൂപ്പു കുത്തി എന്നാണ് റിപ്പോർട്ടുകൾ. ജോലി പൊടുന്നനെ ഇല്ലാതായതാണ് കാരണം. ജനങ്ങൾ പുറത്തിറങ്ങാതെ വരികയും ഫാക്ടറികൾ അടച്ചുപൂട്ടുകയും വാഹനങ്ങൾ നിരത്തിലിറങ്ങാതെയുമായതോടെയാണ് ജോലി നഷ്ടമായതും പട്ടിണിയിലേക്ക് കൂപ്പുകുത്തിയതും.
ദൽഹിയിലും സ്ഥിതി വ്യത്യസ്തമല്ല. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ സന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമോ എന്ന ഭയത്താലാണ് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ദൽഹി ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്ന് നിരവധി കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്നുണ്ട്.

വീണ്ടുമൊരു ലോക്ഡൗൺ ഭയന്നാണ് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതെന്ന് അവർ പറഞ്ഞു. പണവും ഭക്ഷണവുമില്ലാതെ നഗരത്തിൽ കുടുങ്ങാതിരിക്കാൻ ഇത്തവണ മുൻകൂട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കുടിയേറ്റ തൊഴിലാളികൾ തയാറായിരിക്കുകയാണ്.  കൊറോണ വൈറസിനെ ഭയപ്പെടുന്നതിനേക്കാൾ, നഗരത്തിൽ ഒറ്റപ്പെട്ടുപോകുമെന്നും ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എല്ലാവർക്കും.  കഴിഞ്ഞ വർഷത്തെ സ്ഥിതി ആവർത്തിക്കുമെന്ന് ഭയന്ന് ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ഈ സാഹചര്യം കാരണമായി. 

 

 

റെയിൽവേയ്ക്ക് പറയാനുള്ളത് 
മുംബൈ നഗരത്തിലാണ് സെൻട്രൽ റെയിൽവേയുടേയും വെസ്റ്റേൺ റെയിൽവേയുടേയും ആസ്ഥാനം. റെഗുലർ ട്രെയിൻ സർവീസുകളും നിലച്ചേക്കുമെന്ന രീതിയിലുള്ള പ്രചാരണം രണ്ട് ആസ്ഥാനങ്ങളുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിലൊന്നും അടിസ്ഥാനമില്ലെന്നാണ് റെയിൽവേ പി.ആർ.ഒ നൽകുന്ന വിശദീകരണം. സംസ്ഥാന സർക്കാരുകൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് റെയിൽവേ ഇപ്പോൾ തീരുമാനം അറിയിച്ചത്. നിലവിലുള്ള സർവീസുകൾ വെട്ടിച്ചുരുക്കാനോ നിർത്താനോ ആലോചിക്കുന്നില്ലെന്ന് റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ സുനീൻ  ശർമ്മ അറിയിച്ചു. കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ ട്രെയിൻ സർവീസ് നിർത്തിവെയ്ക്കാനോ, നിയന്ത്രിക്കാനോ ഉള്ള അപേക്ഷ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സബർബൻ ട്രെയിനുകളുടെ സർവീസും തുടരും. ട്രെയിനുകളുടെ കുറവ് ഇല്ലെന്നും സ്‌റ്റേഷനുകളിലെ തിരക്ക് സാധാരണമാണെന്നും അേേദ്ദഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ട്രെയിൻ സർവീസ് ചരിത്രത്തിൽ ആദ്യമായി സമ്പൂർണമായി നിർത്തിവെച്ചിരുന്നു. ഇപ്പോൾ വീണ്ടും കേസുകൾ ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാത്രികാല നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ.


രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മണിക്കൂറിൽ 1,31,968 പേർക്കു കൂടി കോവിഡ്. തുടർച്ചയായ അഞ്ചാം  ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിൽ പോകുന്നത്. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുമോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ വീണ്ടുമൊരു ലോക്ഡൗൺ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Latest News