Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് പോകുന്നതിനിടെ നേപ്പാളിൽ കുടുങ്ങിയവർക്ക് ഉടൻ എൻ.ഒ.സി ലഭ്യമാക്കണം- ഇ.ടി.മുഹമ്മദ് ബഷീർ എം.പി. 

ന്യൂദല്‍ഹി- സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർക്കു എൻ.ഒ.സി അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി  ഇ.ടി.മുഹമ്മദ് ബഷീർ എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രിക്കും നേപ്പാളിലെ ഇന്ത്യൻ എംബസിക്കും കത്തയച്ചു. കോവിഡ് മഹാമാരി മൂലം നാട്ടിൽ മാസങ്ങളോളം കഴിയേണ്ടി വന്ന് കട ബാധ്യതകൾ വന്ന പ്രവാസികൾ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് വിമാന സർവ്വീസ് ഇല്ലാത്തതിനാൽ താരതാമ്യേന കുറഞ്ഞ ചെലവുള്ള നേപ്പാൾ വഴി യാത്ര തിരിച്ചത്. നേരത്തെ ഇന്ത്യൻ എംബസി എൻ.ഒ.സി ചാർജ്ജ്  വർദ്ധിപ്പിച്ചപ്പോഴും എം.പി ഇടപെട്ടിരുന്നു. സൗദിയിലേക്ക് പോകുന്നതിനായി  എൻ.ഒ.സി. ലഭിക്കാത്തത് കാരണം നൂറ് കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് നേപ്പാളിലെ കാഠ്മണ്ഡുവിൽ  കുടുങ്ങിയിരിക്കുന്നത്. ഇന്നും നാളെയും ആയി സൗദിയലേക്ക് പോകുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകളും ഇതിൽ ഉൾപ്പെടും. ഇത് കാരണം ഈ യാത്രക്കാർക്ക് വിമാനം നഷ്ടമാകുമെന്നുള്ള ആശങ്കയും എം.പി കത്തിൽ ചൂണ്ടിക്കാട്ടി. എൻ.ഒ.സി ലഭിക്കാൻ എംബസി വരുത്തിയ മാറ്റമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. കടം വാങ്ങിയും മറ്റും യാത്ര ചെലവിന് പണം കണ്ടെത്തിയവരാണ് ഇവരിൽ പലരും. എൻ.ഒ.സി അനുവദിച്ച് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരെ സൗദിയിൽ എത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
 

Latest News