Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ വാക്‌സിന്‍ ഫലം ചെയ്യുന്നു; 98.4 ശതമാനം ഫലപ്രദമെന്ന് പഠനം

ദോഹ- ഖത്തറില്‍ കോവിഡ് വാക്‌സിന്‍ 98.4 ശതമാനം ഫലപ്രദമാണെന്നും വാക്‌സിനെടുത്തവരില്‍ 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചതെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസല്‍മാനി പറഞ്ഞു.

ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയിലാണ്അവര്‍ ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ 23 മുതല്‍ മാര്‍ച്ച് 28 വരെ വാക്‌സിന്‍ ലഭിച്ച 400,000 ത്തിലധികം ആളുകളെ നിരീക്ഷിച്ചതിലൂടെയാണ് ഇത് മനസ്സിലായതെന്ന് അവര്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേസുകളുടെ എണ്ണം 7,796 കേസുകളാണ്. ഇതില്‍ 57 പേർ മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച 1160 കേസുകളില്‍ ഏഴു പേർ മാത്രവും.

കൊറോണയുടെ യുകെ, ദക്ഷിണാഫ്രിക്ക വകഭേദങ്ങളേയും പ്രതിരോധിക്കുവാന്‍ മോഡേണ, ഫൈസര്‍-ബയോണ്‍ടെക് വാക്സിനുകളും ഫലപ്രദമാണെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ വാക്സിനുകളുടെ ഫലപ്രാപ്തി 100 ശതമാനമല്ലെന്നും അതിനാല്‍ മുന്‍കരുതലുകള്‍ ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.

യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് വകഭേദങ്ങള്‍ ഖത്തറില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഖത്തറില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓരോ ദിവസവും 900 ല്‍ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റ് മരുന്നുകള്‍ കഴിക്കാന്‍ കഴിയാത്ത വരെ ചികില്‍സിക്കുവാന്‍ പ്‌ളാസ്മ ദാനം ചെയ്യുവാനും അവര്‍ ആവശഷ്യപ്പെട്ടു. ''ഞങ്ങള്‍ക്ക് പ്ലാസ്മയുടെ കുറവ് അനുഭവപ്പെടുന്നു, കൊറോണ വൈറസില്‍ നിന്ന് കരകയറുന്നവര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ വഴി പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടുവന്നാല്‍ വലിയ സഹായമാകുമെന്ന് അവര്‍ പറഞ്ഞു.

Latest News