Sorry, you need to enable JavaScript to visit this website.

VIDEO - ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി വൈകുന്നു; സൗദിയിലേക്ക് പുറപ്പെട്ട മലയാളികള്‍ നേപ്പാളില്‍ കുടുങ്ങി

ജിദ്ദ- സൗദിയിലേക്ക് വരുന്നതിനായി നേപ്പാളിലെത്തിയ നിരവധി മലയാളികൾ കാട്മണ്ഡുവിൽ കുടുങ്ങിയതായി റിപ്പോർട്ട്.  നേപ്പാളിലെ ഇന്ത്യൻ എംബസി എൻ.ഒ.സി നൽകുന്നതിൽ വരുത്തുന്ന കാലതാമസമാണ് യാത്ര പ്രതിസന്ധിയിലാക്കിയതെന്ന് സൗദിയിലേക്ക് മടങ്ങാനായി നേപ്പാളിലെത്തിയ കൊണ്ടോട്ടി സ്വദേശി നൗഷാദ് അറിയിച്ചു.

നേപ്പാളിലെത്തുന്ന ഇന്ത്യക്കാർക്ക് മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി ആവശ്യമാണ്. പാസ്പോർട്ടും ടിക്കറ്റുമടക്കമുള്ള രേഖകളുമായി നേരിട്ട് ഹജാരായാലാണ് എന്‍.ഒ.സി ലഭിക്കുക.

 യാത്ര ചെയ്യുന്നതിന്റെ തലേ ദിവസം എംബസിയിലേക്ക് ഇമെയിൽ വഴി റിക്വസ്റ്റ് ചെയ്യുന്ന ആദ്യത്തെ അമ്പത് പേർക്കാണ് ഇപ്പോൾ എൻ.ഒ.സി നൽകുന്നത്. എൻ.ഒ.സി ലഭിക്കണമെങ്കിൽ കൺഫേം ആയിട്ടുള്ള വിമാനടിക്കറ്റും നിർബന്ധമാണ്. ഏതെങ്കിലും കാരണവശാൽ എൻ.ഒ.സി ലഭിക്കാതെ വന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയോ അടുത്ത ദിവസത്തേക്ക് റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യേണ്ടിവരും. ഇതും നിരവധിപേരുടെ യാത്ര മുടങ്ങാൻ കാരണമായതായി നൗഷാദ് പറയുന്നു.

നേപ്പാളിലുള്ള താമസ ചിലവിനോടൊപ്പം അമ്പതിനായിരം മുതൽ തൊണ്ണൂറായിരം രൂപ വരെ ടിക്കറ്റിന് മടക്കിയ നിരവധി മലയാളികൾ ഉണ്ടെന്നും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കുടുങ്ങിയവർ അഭ്യർഥിച്ചു.

Latest News