കൊച്ചി- പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. മാനഭംഗം ഉള്‍പ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും ജിഷയുടെ അമ്മ രാജേശ്വരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.
കേസിലെ ഏകപ്രതി അമീര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. നല്‍കേണ്ട ശിക്ഷസംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ ബുധനാഴ്ച കേട്ടശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എന്‍ അനില്‍കുമാര്‍ കേസ് വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്നത്. കേസില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് തുടരന്വേഷണം നടത്തിക്കണമെന്നാവശ്യപ്പെട്ട് അമീര്‍ നല്‍കിയ ഹരജി കോടതി തള്ളി.
അതിക്രൂരവും പൈശാചികവുമായ കൊലപാതകം നടത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതിയുടെ കുറഞ്ഞ പ്രായം ശിക്ഷയില്‍ ഇളവു നല്‍കുന്നതിനുള്ള പരിഗണനാ വിഷയമാകരുതെന്ന് നിര്‍ഭയ കേസിലെ സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ വാദിച്ചു. കടുത്ത ലൈംഗിക വൈകൃതമുള്ള അമീര്‍ അത്തരം ലൈംഗികപൂര്‍ത്തീകരണത്തിനായി സമീപിച്ചപ്പോള്‍ നടക്കാതെവന്നതിലുള്ള പക തീര്‍ത്തത് ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പിച്ചുകൊണ്ടാണ്. ബ്ലേഡിനു സമാനമായ മൂര്‍ച്ചയുള്ള നീളമുള്ള കത്തി ഉപയോഗിച്ച് ഗുഹ്യഭാഗത്തുകൂടി പലതവണ കയറ്റിയിറക്കി കുത്തിയതോടെ കുടലടക്കം പുറത്തുവന്നു. 31ാമത്തെ മുറിവ് കരളിനെയും തുളച്ച് നട്ടെല്ലില്‍ കയറിയിരുന്നു. പൈശാചികവും കാടത്തം നിറഞ്ഞതുമായ കുറ്റം ചെയ്തിട്ടും ഒരു ഘട്ടത്തില്‍പ്പോലും പ്രതിയ്ക്ക് പശ്ചാത്തമുണ്ടായില്ല. ക്ഷമാപണമോ പുനര്‍വിചിന്തനമോ ഉണ്ടായില്ലെന്നത് ക്രൂരമായ മനസ്സിനെയാണ് കാണിക്കുന്നത്. ഇയാളെ ശിക്ഷ ഇളവുചെയ്ത് സമൂഹത്തിലേക്ക് തുറന്നുവിടുന്നത് അത്യന്തം അപകടകരമാണ്. പ്രതി സഹതാപമോ ദയയോ അര്‍ഹിക്കുന്നില്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം.
സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അമീര്‍ നിര്‍ധനനായതിനാല്‍ ഇരയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയില്‍നിന്ന് നഷ്ടപരിഹാരമീടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അയാള്‍ക്ക് അതിനുള്ള സാമ്പത്തികസ്ഥിതിയില്ല. അതുകൊണ്ട് ഇരയുടെ കുടുംബത്തിന് സാമ്പത്തികസഹായം സര്‍ക്കാര്‍തന്നെ നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണന്‍ വാദിച്ചു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രംവച്ച് പ്രതിക്ക് വധശിക്ഷ നല്‍കാനാവില്ലെന്നും പ്രതി നിരപരാധിയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂരിന്റെ വാദം. കുറ്റക്കാരനെന്നു കണ്ടെത്തിയ സ്ഥിതിക്ക് ശിക്ഷ പരമാവധി കുറച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രതിയുമായി അന്വേഷണസംഘം അസാമീസ് ഭാഷയില്‍ ആശയവിനിമയം നടത്തിയിട്ടില്ലെന്നും ആളൂര്‍ പറഞ്ഞപ്പോള്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. 'ശിക്ഷസംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയൂ, മറ്റ് കാര്യങ്ങളിലെല്ലാം വാദം പൂര്‍ത്തിയായതാണല്ലോ' എന്ന് കോടതിക്ക് ഓര്‍മിപ്പിക്കേണ്ടിവന്നു.
പ്രതിഭാഗം വാദം പൂര്‍ത്തിയായപ്പോള്‍ കോടതി അമീറിനോട് 'കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് എന്തെങ്കിലും പറയാനുണ്ടോ' എന്ന് വിവര്‍ത്തകയുടെ സഹായത്തോടെ ചോദിച്ചു. 'ഞാന്‍ മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കുന്നു. നിരപരാധിയാണ്. കുറ്റം ചെയ്തിട്ടില്ല. ഇരയെ മുമ്പ് കണ്ടിട്ടുമില്ല' എന്നായിരുന്നു മറുപടി. 23 വയസ്സായെന്നും അച്ഛനും അമ്മയും ഉണ്ടെന്നും അച്ഛന് 74 വയസ്സുണ്ടെന്നും പ്രതി പറഞ്ഞു. വിവാഹിതനാണോയെന്ന കോടതിയുടെ ചോദ്യത്തിന് അതേയെന്നും ഒരു കുട്ടിയുണ്ടെന്നും മറുപടി നല്‍കി. പെരുമ്പാവൂരില്‍ നിര്‍മാണജോലിക്കായി വന്നതാണെന്നും അച്ഛനെയും അമ്മയെയും കാണാന്‍ ആഗ്രഹമുണ്ടെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.