Sorry, you need to enable JavaScript to visit this website.

ജലീൽ, മാന്യത ബാക്കിയുണ്ടെങ്കിൽ  രാജിയാണ് അഭികാമ്യം

തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ 'ബോംബ്' പൊട്ടുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണ സാധ്യതകളെ അത് ബാധിക്കുമെന്നും അതിനാൽ പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പറഞ്ഞ 'ബോംബ്' എന്തായിരിക്കുമെന്നറിയാൻ കേരളം ആകാംക്ഷയോടെയാണ് കാത്തിരുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുൻപ്  മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടിയില്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഒന്നല്ല, മൂന്ന് ബോംബുകളാണ് ഒരുമിച്ച് പൊട്ടിയത്. ഒന്ന് യഥാർത്ഥ ബോംബും രണ്ടെണ്ണം രാഷ്ട്രീയ ബോംബും. 


പോളിംഗ് കഴിഞ്ഞ ഉടൻ നടന്ന  യഥാർത്ഥ ബോംബേറിൽ കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ സി.പി.എം പ്രവർത്തകർ പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. ഒരു ഇടവേളക്ക് ശേഷം പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ  ചോരക്കളി തുടങ്ങിയതിന്റെ പേരിൽ വ്യാപക വിമർശനമാണ് സി.പി.എം നേരിടുന്നത്. ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതാണ് രണ്ടാമത്തെ ബോംബ്. ഇത് സംബന്ധിച്ച ഭാവി പരിപാടികൾ അറിയാനിരിക്കുന്നതേയുള്ളൂ.  നേരത്തെ പ്രതീക്ഷിച്ച കാര്യമായതിനാൽ ഈ ബോംബിന് വലിയ മാരക ശേഷി ഉണ്ടായിട്ടില്ല. 
എന്നാൽ ബന്ധു നിയമനവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോകായുക്ത മുഖ്യമന്ത്രിക്ക് നൽകിയ നിർദേശം ഒരു വലിയ രാഷ്ട്രീയ  ബോംബാണ്. ഒരു പക്ഷേ മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നതിനേക്കാൾ പ്രഹര ശേഷിയുള്ള ആറ്റം ബോംബ്. തെരഞ്ഞെടുപ്പിന് മുൻപായിരുന്നെങ്കിൽ സർക്കാരിന്റെ തുടർഭരണമെന്ന സ്വപ്‌നത്തിന് മേൽ ഒരു വലിയ അഗ്നിഗോളമായി അത് പതിച്ചേനേ. ഈ ബോംബ് വോട്ടാക്കി മാറ്റാൻ രാഷ്ട്രീയ ജാതക പ്രകാരം തങ്ങൾക്ക് യോഗമില്ലെന്ന് സമാധാനിക്കാനേ പ്രതിപക്ഷത്തിന് കഴിയൂ.


സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഒരു മന്ത്രിയെ പുറത്താക്കണമെന്ന് ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ഇതിനു മുൻപ് 2006 ൽ ആരോഗ്യ വകുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.രാമചന്ദ്രൻ മാസ്റ്റർക്കെതിരെ ലോകായുക്ത കർശന നടപടിയിലേക്ക് നീങ്ങാനൊരുങ്ങിയെങ്കിലും അതിന് മുൻപ് തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാമചന്ദ്രൻ മാസ്റ്ററെ രാജിവെപ്പിക്കുകയായിരുന്നു.
മെയ് 2 ന് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയുള്ള കെയർടേക്കർ മന്ത്രിസഭയാണ് ഇപ്പോഴുള്ളതെങ്കിലും ജലീലിന്റെ പ്രശ്‌നം അതുവരെ നീട്ടിക്കൊണ്ടുപോകാൻ സർക്കാരിന് കഴിയണമെന്നില്ല. കാരണം, രാഷ്ട്രീയമായും ധാർമികമായും അതീവ പ്രാധാന്യമുള്ള പ്രശ്‌നമാണിത്. പക്ഷേ കീഴടങ്ങാൻ തയാറില്ലെന്നാണ് ജലീലിന്റെ നിലപാട്. ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ച് തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിന് സർക്കാരും ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും പിന്തുണ നൽകുകയും ചെയ്യുന്നു. ഏറ്റവും മാന്യമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ അധാർമികതയാണ് ഈ തീരുമാനം. ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ കൊഞ്ഞനം കുത്തിക്കാണിക്കുകയാണ് ഇതിലൂടെ ജലീൽ ചെയ്യുന്നത്. 


ഒരു ജനപ്രതിനിധി പുലർത്തേണ്ട രാഷ്ട്രീയവും ധാർമികവുമായ മാന്യതക്ക് വില മതിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങളിൽ നിന്ന് കേരളത്തിലെ ഭരണകൂടങ്ങൾ വ്യത്യസ്തമാകുന്നതും ഇതുകൊണ്ട് തന്നെയാണ്. മുൻകാലങ്ങളിൽ മന്ത്രിമാർക്കെതിരെ കോടതികളിൽ നിന്ന് ഇതിനേക്കാൾ കുറഞ്ഞ തോതിലുള്ള പരാമർശങ്ങൾ ഉണ്ടായപ്പോൾ പോലും അവരെല്ലാം സ്ഥാനം രാജിവെച്ചൊഴിഞ്ഞ് മാതൃക കാട്ടിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്ന, വിദ്യാസമ്പന്നനും അധ്യാപകനും എഴുത്തുകാരനുമൊക്കെയായ കെ.ടി.ജലീൽ ഒരു ജനതയോട് പല്ലിളിച്ച് കാണിക്കുന്നത്. ഇതിൽപരം അപമാനം കേരള രാഷ്ട്രീയത്തിന് വരാനില്ല. 
പിണറായി മന്ത്രിസഭയിലെ മറ്റൊരു അംഗമായിരുന്ന ഇ.പി.ജയരാജനെതിരെ ബന്ധുനിയമനത്തെപ്പറ്റിയുള്ള പ്രതിപക്ഷ  ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ രാജി എഴുതി വാങ്ങി രാഷ്ട്രീയ  മാന്യത കാണിച്ച സർക്കാരാണിത്. എന്തുകൊണ്ടാണ് ജലീലിന്റെ കാര്യത്തിൽ മാത്രം ഇത് നടപ്പാകാത്തത്. 


പാർട്ടിക്ക് വേണ്ടി ഒരായുസ്സ് മുഴുവൻ പണിയെടുത്ത ജയരാജനേക്കാൾ എന്ത് മഹത്വമാണ് മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി വഴിയിലുപേക്ഷിച്ച് എ.കെ.ജി സെന്ററിലേക്ക് കടന്നു വന്ന ജലീലിനെ മുഖ്യമന്ത്രിയും സി.പി.എമ്മും  കാണുന്നത്. എന്തിനാണ് ഇരുവർക്കും രണ്ട് നീതി നടപ്പാക്കുന്നത്. ജനപ്രതിനിധികളുടെ അഴിമതി തടയുന്നതിന് നിയമപരമായി ഉന്നത അധികാരമുള്ള ഒരു ഭരണഘടനാ സ്ഥാപനമാണ് ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 


ബന്ധു നിയമനത്തിനായി ജലീൽ തന്റെ അധികാരം ദുരുപയോഗം ചെയ്തതിന് എല്ലാ തെളിവുകളും ലോകായുക്ത പരിശോധിക്കുകയും അതെല്ലാം വസ്തുനിഷ്ഠമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമനം ഉറപ്പാക്കാനായി യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ജലീൽ നൽകിയ കത്തും കണ്ടെടുത്തിട്ടുണ്ട്. ഈ സർക്കാരിന്റെ അവസാന ദിനങ്ങളിൽ പോലും മന്ത്രിസ്ഥാനം ഒഴിയുന്നതിന് തനിക്കെതിരെ ഈ തെളിവുകളൊന്നും പോരെന്ന് പറയുന്ന ചരിത്ര പ്രൊഫസറായ ജലീൽ രാഷ്ട്രീയ ധാർമികതയുടെ ചരിത്ര പുസ്തകം ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ്.


മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ലോകായുക്തയുടെ ശുപാർശയിൽ ഹൈക്കോടതിയുടെ ഇടപെടൽ തേടിയിറങ്ങിയ ജലീലിന് അവിടെയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നാൽ നാണക്കേടുകൊണ്ട് തലകുനിച്ചായിരിക്കും അദ്ദേഹത്തിന് ഇറങ്ങിപ്പോരേണ്ടി വരിക. വിദൂരമായ സാധ്യത മാത്രമാണ് ഹൈക്കോടതിയിൽ ജലീലിന് അവശേഷിക്കുന്നതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ലോകായുക്തയുടെ തീരുമാനങ്ങളിൽ വളരെ ശ്രദ്ധയോടെ മാത്രമേ കോടതികൾ ഇടപെടുകയുള്ളൂ. അഥവാ ഇടപെടണമെങ്കിൽ ഈ തീരുമാനം തെളിവുകളുടെ അഭാവത്തിലുള്ളതോ, അതുമല്ലെങ്കിൽ ഭരണഘടനാപരമായി നിലനിൽപില്ലാത്തതോ, വ്യക്തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമോയൊക്കെ ആകണം. ഇവിടെ ഇത്തരം കാര്യങ്ങൾക്ക് പ്രസക്തിയില്ല. മാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം ദീർഘകാലം സേവനമനുഷ്ഠിച്ച ജഡ്ജിമാരാണ് ലോകായുക്തയിലുള്ളത്. ജലീലിനെതിരെ അവർ തയാറാക്കിയ റിപ്പോർട്ടിൽ ഹൈക്കോടതി സൂക്ഷിച്ച് മാത്രമേ ഇടപെടുകയുള്ളൂ. 


ലോകായുക്തയുടെ തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചാൽ വെട്ടിലാകുക മുഖ്യമന്ത്രിയാണ്. ഒരു മന്ത്രിയെ പുറത്താക്കണമെന്ന് ലോകായുക്ത നിർദേശിച്ചാൽ അതനുസരിച്ച് മന്ത്രി സ്ഥാനം ഒഴിയുകയോ അല്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കുകയോ വേണമെന്ന് ലോകായുക്ത നിയമത്തിൽ പറയുന്നുണ്ട്. അത് ലംഘിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. അല്ലെങ്കിൽ ലോകായുക്ത വിധിക്കെതിരെ എന്തെങ്കിലും ഇടപെടലുകൾ ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ ഉണ്ടാകണം.


ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഇപ്പോൾ ആകെ കിട്ടുന്ന ഒരു ആനുകൂല്യം മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്തയുടെ നിർദേശം മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രി നടപ്പാക്കിയാൽ മതിയെന്നതാണ്. അതായത് ഇപ്പോഴത്തെ കാവൽ മന്ത്രിസഭയ്ക്ക് ഇനി കേവലം മൂന്നാഴ്ചത്തെ ആയുസ്സേയുള്ളൂ. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ തീരുമാനം അതുവരെ നീട്ടിക്കൊണ്ടുപോയി സാങ്കേതികമായി ജലീലിന്റെ രാജി ഒഴിവാക്കാൻ കഴിയും. എന്നാൽ തുടർഭരണം മുന്നിൽ കണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിയും സർക്കാരും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ധാർമികമായി ചോദ്യം ചെയ്യപ്പെടുകയും മുഖ്യമന്ത്രിയുടെ പ്രതിഛായക്ക് വലിയ തോതിലുള്ള മങ്ങലേൽപിക്കുകയും ചെയ്യും.
ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് സർക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാൻ ജലീലിന് മാത്രമേ കഴിയൂ. കൂടുതൽ തിരിച്ചടികൾ നേരിടുന്നതിന് മുൻപ് രാഷ്ട്രീയ മാന്യതയുടെ കുപ്പായമണിഞ്ഞുകൊണ്ട് മന്ത്രിപദത്തിൽ നിന്ന് ഇറങ്ങിപ്പോരുകയാണ് ജലീൽ ചെയ്യേണ്ടത്.

Latest News