ഇന്ത്യയില്‍ 1.68 ലക്ഷം പുതിയ കോവിഡ് കേസുകള്‍; ബ്രസീലിനേയും കടത്തിവെട്ടി

ന്യൂദല്‍ഹി- കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായി വ്യാപിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഒരാഴ്ച്ചയ്ക്കിടെ പത്തു ലക്ഷത്തോളം പേര്‍ക്കാണ് രോഗംബാധിച്ചത്. ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.35 കോടിയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച യുഎസിനു പിന്നില്‍ 1.34 കോടി രോഗ ബാധിതരുള്ള ബ്രസീല്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഇപ്പോള്‍ ഇന്ത്യ ബ്രസീലിനേയും കടത്തിവെട്ടി. 1,70,179 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ ഇന്ത്യയില്‍ മരണപ്പെട്ടത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 24 മണിക്കൂറിനിടെ 63,294 പേര്‍ക്ക് അവിടെ കോവിഡ് സ്ഥിരീകരിച്ചു. 349 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളില്‍ മുന്നിലുള്ളത്. ദല്‍ഹിയിലും 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധ റിപോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം 10,774 പേര്‍ക്കാണ് ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
 

Latest News