റിയാദ് - അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനെ കുറിച്ചും ഫലസ്തീൻ പ്രശ്‌നമടക്കം മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ തീരുമാനം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഫലസ്തീനികളുടെ ചരിത്രപരവും സ്ഥായിയുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും അന്താരാഷ്ട്ര തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവവും ശാശ്വതവുമായ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനെ കുറിച്ചും യെമനിലെ പുതിയ സംഭവ വികാസങ്ങളും ഹൂത്തി മിലീഷ്യകളെ പരാജയപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളെ കുറിച്ചും സൽമാൻ രാജാവും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും ചർച്ച നടത്തി.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രിയും രാജാവിന്റെ ഉപദേഷ്ടാവുമായ മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി മുസാഅദ് അൽഈബാൻ, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.






