Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈഫയെ അറിയുക, സൗദി സിനിമയെ അറിയാൻ 

ഹൈഫ അൽ മൻസൂർ

ഓസ്‌കാറിൽ എൻട്രി നേടിയ 'ബാറകാ മീറ്റ്‌സ് ബാറകാ' (സംവിധാനം -മഹ്മൂദ് സബ്ബാഗ്) സൗദി അറേബ്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. അതിനും മുമ്പേ വിജ്ഞാനവും വിനോദവും സമന്വയിക്കപ്പെട്ട ഒട്ടേറെ ഡോക്യുമെന്ററികൾ സൗദി കലാകാരന്മാരും കലാകാരികളും നിർമിച്ചു. പൂർണമായും യു.എ.ഇയിൽ ഷൂട്ട് ചെയ്ത കൈഫൽഹാൽ എന്ന ചിത്രം സൗദിയ്ക്കകത്തും പുറത്തും നിരവധി ആസ്വാദകരെ നേടിക്കൊടുത്തു. 

വജ്ദ എന്ന സിനിമയിലെ 'നായിക' വഅദ് മുഹമ്മദും സംവിധായിക ഹൈഫ അൽ മൻസൂറും


എഴുപതുകളിൽ പല സൗദി നഗരങ്ങളിലും സിനിമാ തിയേറ്ററുകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും 1980 തുടക്കമായതോടെ അവയത്രയും അടച്ചുപൂട്ടുകയായിരുന്നു.പക്ഷേ സിനിമയെക്കുറിച്ച് ഗൗരവമായ ചിന്തകളും പഠനങ്ങളും നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് 2004 മുതൽ സൗദിയിൽ നിർമിക്കപ്പെട്ട പ്രസിദ്ധമായ പല ചലച്ചിത്രങ്ങളും. ദിലാൽ അൽസംദ്, നിസാ ബിൽതിൽ, ലാസ്റ്റ് ലേഡി,പ്രൊജക്ട്, സൺറൈസ്-സൺസെറ്റ് തുടങ്ങി നിലവാരമുള്ള പല സിനിമകളുടേയും അണിയറ ശിൽപികൾ സൗദി ചലച്ചിത്രകാരന്മാരായിരുന്നു. 

ഓസ്‌കാറിൽ എൻട്രി ലഭിച്ച സൗദി സംവിധായകൻ മഹ്മൂദ് സബ്ബാഗിന്റെ 'ബാറകാ മീറ്റ്‌സ് ബാറകാ' എന്ന ചിത്രത്തിൽ നിന്ന് . 


അബ്ദുല്ല അൽ മൊഹ്‌സിൻ, മുഹമ്മദ് മക്കി, അലി എച്ച്. അൽ അമീർ, അബ്ദുല്ല അൽ ഇയാഫ്, ഹൈഫാ അൽ മൻസൂർ, മുഹമ്മദ് അൽദാഹ്‌രി, നവാഫ് അൽമുഹന്ന, അബ്ദുൽ മുഹ്‌സിൻ അൽദഹ്ബാൻ, മുഹമ്മദ് അൽഖലീഫ് തുടങ്ങിയവരാണ് അറിയപ്പെടുന്ന സൗദി സിനിമാസംവിധായകർ. ഹിന്ദ് മുഹമ്മദ്, ഹിഷാം അബ്ദുറഹ്മാൻ, അബ്ദുല്ല അൽസർഹാൻ, നാസിർ അൽഗസബി, യൂസുഫ് ജാറ, മുഹമ്മദ് ബക്ഷ് എന്നിവർ അറബ് ലോകത്ത് പ്രശസ്തരായ സൗദി സിനിമാതാരങ്ങളുമാണ്. 
2012 ൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മൂന്നു വിഖ്യാത പുരസ്‌കാരങ്ങൾ ഒരു സൗദി സംവിധായികയെത്തേടിയെത്തിയത് അറബ് സാംസ്‌കാരിക ലോകത്തിന് പുതുമയുള്ള വാർത്തയായിരുന്നു. 


സിനെം അവനെയർ അവാർഡ്, സി. ഐ. സി. എ.ഇ ആർട് സിനിമാ അവാർഡ്, ഇന്റർ ഫിലിം അവാർഡ് എന്നീ രാഷ്ട്രാന്തരീയ പ്രശസ്തിയാർജിച്ച മൂന്നു പൊൻതൂവലുകൾ തൊപ്പിയിൽ ചൂടാനായത് ഹൈഫ അൽ മൻസൂർ എന്ന സൗദി വനിതാ ചലച്ചിത്ര പ്രതിഭയ്ക്കാണ്.
വജ്ദ എന്ന സൗദി സിനിമയാണ് സംവിധാനത്തിന്റെ മാന്ത്രികസിദ്ധിയിലൂടെ ഹൈഫയെ പ്രശസ്തയാക്കിയത്. ലോകചലച്ചിത്ര ഭൂപടത്തിൽ സൗദി അറേബ്യയ്ക്ക് ഇടം പിടിക്കാനായതിന്റെ ക്രെഡിറ്റും 'വജ്ദ'യുടെ കഥയും സംവിധാനവും സഫലമാക്കിയ ഹൈഫ അൽ മൻസൂറിനു തന്നെ.    
ഒരു സൈക്കിൾ സ്വന്തമാക്കാനും അതിന്മേൽ സവാരി ചെയ്യാനുമുള്ള റിയാദിലെ പതിനൊന്നു വയസ്സുകാരിയായ വജ്ദയുടെ ആഗ്രഹവും അതേത്തുടർന്നുള്ള സാമൂഹിക സംഘർഷങ്ങൾക്കുമാണ് ഹൈഫ അൽ മൻസൂർ അഭ്രാവിഷ്‌കാരം നൽകിയത്. സിനിമ സംവിധാനം ചെയ്യുന്ന സൗദിയിലെ ആദ്യവനിതയെന്ന ബഹുമതിയും ഹൈഫയ്ക്ക് സ്വന്തം. 

വജ്ദ എന്ന സൗദി സിനിമയിൽ നിന്നുള്ള രംഗം.  

2006 ൽ ആക്ഷേപഹാസ്യ പ്രധാനമായ ഒരു സിനിമ - കൈഫൽ ഹാൽ- നിർമിച്ചുകൊണ്ടാണ് റൊട്ടാന ആദ്യമായി ചലച്ചിത്ര നിർമാണരംഗത്തേക്ക് കടന്നുവന്നത്. രണ്ടു വർഷത്തിനു ശേഷം മെനാഹി എന്ന ഒരു സിനിമ കൂടി നിർമിച്ചു. റിയാദിലും ജിദ്ദ കിംഗ് അബ്ദുൽഅസീസ് സാംസ്‌കാരിക കേന്ദ്രത്തിലും ഈ ചിത്രം പ്രദർശിപ്പിച്ചു. ഇതോടെ മൂന്നര പതിറ്റാണ്ടിനു ശേഷം സൗദിയിലേക്കു വീണ്ടും സിനിമ തിരിച്ചുവരികയായിരുന്നു. ഈജിപ്ത്, ജനീവ, പാരീസ് എന്നീ നഗരങ്ങളിലെ വിവിധ തിയേറ്ററുകളിലും മെനാഹി പ്രദർശിപ്പിക്കുകയും അറബികളും അല്ലാത്തവരുമായ നിരവധി പ്രേക്ഷകർ അത് കൈയടിച്ച് സ്വീകരിക്കുകയും ചെയ്തു. രാജ്യാന്തര വേദികളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഇത്തരത്തിലുള്ള ആദ്യസംരംഭവുമായിരുന്നു. ബഹ്‌റൈനിൽ ഈ സിനിമ രണ്ടു മാസത്തിലേറെ തുടർച്ചയായി പ്രദർശിപ്പിക്കപ്പെട്ടു.
അബ്ദുറഹ്മാൻ മൻസൂർ എന്ന സൗദി കവിയുടെ പുത്രിയാണ് ഹൈഫ. സ്വാഭാവികമായും കവിതയുടേയും സിനിമയുടേയും കലാവൈഭവം ഹൈഫ അഭ്യസിച്ചത് പിതാവിൽ നിന്നുതന്നെ. നിലവാരം പുലർത്തുന്ന വീഡിയോ ചിത്രങ്ങളിലൂടെ ദൃശ്യഭാഷയുടെ പുതിയസംസ്‌കാര ചിഹ്നങ്ങളാണ് ഹൈഫ തൊട്ടറിഞ്ഞത്. 


കയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഹൈഫ, മൂന്നു ഷോർട്ട് ഫിലിമുകൾ നിർമിച്ചു കൊണ്ട് ഈ രംഗത്തേക്ക് ധീരമായ ചുവടുവെപ്പ് നടത്തി. ദ ഓൺലി വേ ഔട്ട് എന്ന ഹ്രസ്വചിത്രം യു.എ.ഇ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള അംഗീകാരം കരസ്ഥമാക്കി. 'സ്ത്രീ- നിഴലുകളില്ലാതെ' എന്ന പേരിൽ ഹൈഫ നിർമിച്ച ഡോക്യുമെന്ററിയും ഏറെ ശ്രദ്ധേയമായി. പതിനേഴ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രാതിനിധ്യം നേടിയ ഈ ചിത്രം റോട്ടർഡാമിലെ നാലാം അറബ് ഫിലിം ഫെസ്റ്റിവലിലും മസ്‌കത്ത് ഫിലിം ഫെസ്റ്റിവലിലും പുരസ്‌കാരങ്ങൾക്കർഹമായി. ഇതോടെ ലോകസിനിമയുടെ പണ്ഡിറ്റുകൾ ഹൈഫയെ ശ്രദ്ധിച്ചുതുടങ്ങി. മൂന്നു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് (ഫ്രാൻസ്) അവർ പ്രത്യേക ക്ഷണിതാവുമായി.
പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിച്ചതാണ് വജ്ദ. റിയാദിനു പുറത്തുള്ള ഷൂട്ടിംഗ്, വാഹനത്തിനകത്തിരുന്നു കൊണ്ടാണ് ഹൈഫയ്ക്ക് നിർവഹിക്കാനായത്. പുറംവാതിൽ ചിത്രീകരണം സാങ്കേതിക കാരണങ്ങളാൽ അസാധ്യമായപ്പോൾ പ്രൊഡക്ഷൻ വാനിനകത്തിരുന്ന് വാക്കി-ടോക്കിയിൽ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൈഫ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. 
മാറുന്ന കാലത്തിന്റെ ദർപ്പണമായ ചലച്ചിത്രകലയുടെ നൂതന വ്യാകരണങ്ങളിലേക്കുള്ള സർഗയാത്രയ്ക്ക് സൗദി അറേബ്യയും ചമയങ്ങളണിയുകയായി. അതെ, കാഴ്ചയുടെ പുതുലോകം പിറക്കുകയായി.

 

 

 

 

 



 

Tags

Latest News