Sorry, you need to enable JavaScript to visit this website.

മോഷണം അന്വേഷിക്കാന്‍ പോയ ബിഹാര്‍ പോലീസ് ഓഫീസറെ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊല്‍ക്കത്ത- മോഷണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയിലെ പന്തപഡയിലെത്തിയ ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ ശനിയാഴ്ച ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ കിഷന്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അശ്വിനി കുമാര്‍ (50) ആണ് കൊല്ലപ്പെട്ടത്. കൊലയില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതിനും പ്രതിയെ പിടികൂടുന്നതിനുമാണ് അശ്വിനി കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പന്തപഡയില്‍ എത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി റെയ്ഡ് നടത്തി പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ആള്‍ക്കൂട്ട മര്‍ദനം ഉണ്ടായതെന്ന് ബിഹാര്‍ പോലീസ് പറയുന്നു. കൊല്ലപ്പെട്ട ഓഫീസര്‍ അശ്വിനിയുടെ കൂടെ ഉണ്ടായിരുന്ന മറ്റു പോലീസുകാര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. 

നാട്ടുകാരുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് സംഘം പതറിയെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ട പേലീസ് ഓഫീസര്‍ക്കൊപ്പം ഉണ്ടായിരുന്ന സാധുയരായ പോലീസുകാര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. ബംഗാള്‍ പോലീസിന്റെ സഹകരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ബിഹാര്‍ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് മൃത്യുജ്ഞയ് കുമാര്‍ സിങ് ആരോപിച്ചു.
 

Latest News