Sorry, you need to enable JavaScript to visit this website.

ബത്തേരി മണ്ഡലത്തില്‍ ഇടതുമുന്നണി വലിയ പ്രതീക്ഷയില്‍; സി.കെ.ജാനു നേടുന്ന വോട്ടുകള്‍ നിര്‍ണായകം

കല്‍പറ്റ-ബത്തേരി നിയമസഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ വിജയഹാസം പൊഴിക്കാമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി. കോണ്‍ഗ്രസിനു ആഴത്തില്‍ വേരോട്ടമുള്ള മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം കുറഞ്ഞതാണ് എല്‍.ഡി.എഫ് ക്യാമ്പിനെ പ്രകാശപൂരിതമാക്കുന്നത്.

താമര അടയാളത്തില്‍ ജനവിധി തേടിയ ആദിവാസി നേതാവ് സി.കെ.ജാനുവിനു ലഭിക്കുന്ന വോട്ടിന്റെ എണ്ണം 15,000ല്‍ താഴെയായില്ലെങ്കില്‍ മണ്ഡലത്തില്‍ ഒരിക്കല്‍ക്കൂടി വിജയഭേരി മുഴക്കാമെന്നാണ് എല്‍.ഡി.എഫ് നേതാക്കളുടെ കണക്കുകൂട്ടല്‍.

സി.പി.എമ്മിലെ പി.വി.വര്‍ഗീസ് വൈദ്യര്‍ 1996ലും പി.കൃഷ്്ണപ്രസാദ് 2006ലും ബത്തേരിയില്‍ വിജയിച്ചിട്ടുണ്ട്. ഈ രണ്ടു തെരഞ്ഞടുപ്പുകളിലും കോണ്‍ഗ്രസിലെ അകപ്പോരാണ് എല്‍.ഡി.എഫിനെ തുണച്ചത്. സമാനസാഹചര്യം മണ്ഡലത്തില്‍ ഇക്കുറിയും ഉണ്ടെന്നാണ് ഇടതു നേതാക്കള്‍ കരുതുന്നത്.


അടുത്തകാലത്തു കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ചു സി.പി.എമ്മിലെത്തിയ എം.എസ്.വിശ്വനാഥനാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണനാണ് യു.ഡി.എഫിനുവേണ്ടി മത്സരിച്ചത്. പട്ടികവര്‍ഗ സംവരണ മണ്ഡലമാണ് ബത്തേരി. ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്‍മേനി, പൂതാടി, അമ്പലവയല്‍, മീനങ്ങാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും മണ്ഡലം പരിധിയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയിലും അമ്പലവയല്‍ പഞ്ചായത്തിലും എല്‍.ഡി.എഫാണ് വിജയിച്ചത്. യു.ഡി.എഫ് നിയന്ത്രണത്തിലാണ് മറ്റു പഞ്ചായത്ത് ഭരണസമിതികള്‍. എങ്കിലും മണ്ഡലത്തില്‍ ഇടതു, വലതു മുന്നണികള്‍ക്കു ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമില്ല. ഏഴ് തദ്ദേശ സ്ഥാപനങ്ങളിലുമായി യു.ഡി.എഫിനു 78,340 വോട്ട് ലഭിച്ചപ്പോള്‍  എല്‍.ഡി.എഫ് 76,610 വോട്ട് നേടി.
2016ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 78.81 ആയിരുന്നു പോളിംഗ് ശതമാനം. പോള്‍ ചെയ്ത 1,72,004 വോട്ടില്‍ 44.04 ശതമാനം(75,747) യു.ഡി.എഫിനു ലഭിച്ചു. 37.53 ശതമാനം വോട്ടാണ്(64,549) എല്‍.ഡി.എഫിനു കിട്ടിയത്. 16.23 ശതമാനം(27,920) വോട്ട് എന്‍.ഡി.എ നേടി. ഇത്തവണ മണ്ഡലത്തില്‍ 74.29 ആണ് പോളിംഗ് ശതമാനം.  2016നെ അപേക്ഷിച്ചു 4.52 ശതമാനം കുറവാണിത്. 220,167 വോട്ടര്‍മാരില്‍ 1,63,584 പേരാണ് വോട്ടുചെയ്തത്. അര ലക്ഷത്തിലധികം പേര്‍ വിട്ടുനിന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനു വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന പഞ്ചായത്തുകളാണ് പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും. പുല്‍പള്ളിയില്‍ ഇക്കുറി 69.14ഉം മുള്ളന്‍കൊല്ലിയില്‍ 68.44ഉം ആണ് പോളിംഗ് ശതമാനം. മണ്ഡലം ശരാശരിയെ അപേക്ഷിച്ചു മുള്ളന്‍കൊല്ലിയില്‍ 5.85ഉം പുല്‍പള്ളിയില്‍ 5.15ഉം ശതമാനം പോളിംഗ് കുറവാണ്. രണ്ടു പഞ്ചായത്തുകളിലും ചെയ്യാതെപോയതില്‍ അധികവും കോണ്‍ഗ്രസ് വോട്ടുകളാണെന്ന നിഗമനത്തിലാണ് എല്‍.ഡി.എഫ്. മുള്ളന്‍കൊല്ലിയിലും പുല്‍പള്ളിയിലും യു.ഡി.എഫിനു ഒപ്പം നില്‍ക്കാനാകുന്നതു വിജയത്തിലേക്കുള്ള അകലം കുറയ്ക്കുമെന്നു എല്‍.ഡി.എഫ് നേതാക്കള്‍ കരുതുന്നു. വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടതാണ് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചതെന്നു  അഭിപ്രായപ്പെടുന്ന  എല്‍.ഡി.എഫ് നേതാക്കള്‍  മണ്ഡലത്തില്‍ കുറവല്ല. മുള്ളന്‍കൊല്ലി സ്വദേശിനിയാണ് കെ.സി.റോസക്കുട്ടി. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സി.പി.എമ്മില്‍ ചേര്‍ന്ന ഇവര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങിയിരുന്നു.
പട്ടികവര്‍ഗത്തിലെ കുറുമ സമുദായാംഗമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ്.വിശ്വനാഥന്‍. മണ്ഡലത്തില്‍  കുറുമ വിഭാഗത്തില്‍പ്പെട്ട 22,000 ഓളം വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കുമാണ് കുറുമ സമുദായത്തില്‍ പൊതുവ സ്വാധീനം. വിശ്വനാഥനെ സ്ഥാനാര്‍ഥിയാക്കിയതു കുറുമ സമൂദായ വോട്ടില്‍ 10 ശതമാനമെങ്കിലും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ പതിയുന്നതിനു സഹായകമായെന്നു എല്‍.ഡി.എഫ് വിലയിരുത്തുന്നുണ്ട്. കുറിച്യ സമുദായാംഗമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍. കുറിച്യ വിഭാഗത്തില്‍പ്പെട്ട വോട്ടമാര്‍ മണ്ഡലത്തില്‍ വളരെ കുറവാണ്.
2016ലെ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന സി.കെ.ജാനുവിനു 30,000നടുത്ത് വോട്ടാണ് കിട്ടിയത്. ഇത്തവണ ബി.ജെ.പിയുടെ താമര അടയാളത്തിലാണ് മത്സരിച്ചതെങ്കിലും ജാനുവിനു ഇത്രയും വോട്ട് കിട്ടില്ലെന്നു എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബി.ജെ.പി വോട്ടുകച്ചവടം നടന്നതായും അവര്‍ ആരോപിക്കുന്നു. ബി.ജെ.പി നടത്തിയ കച്ചവടംമൂലം ജാനുവിനു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പാതിയോളമായാല്‍  മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹാട്രിക് വിജയം ആഘോഷിക്കുമെന്നു സമ്മതിക്കാനും എല്‍.ഡി.എഫ് നേതാക്കളില്‍ പലരും മടിക്കുന്നില്ല.

Latest News