Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ വനിതാ വീരഗാഥ

ഭവാനി
നേത്രാ കുമാനൻ

വാൾപയറ്റിൽ ഭവാനി ദേവിയും സെയ്‌ലിംഗിൽ നേത്ര കുമാനനും ഒളിംപിക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ചു...

ഇന്ത്യയുടെ പരമ്പരാഗതമല്ലാത്ത കായിക ഇനങ്ങളിൽ നിന്ന് കഴിഞ്ഞ വാരം ഇന്ത്യക്ക് ശുഭവാർത്ത. തമിഴ്‌നാട്ടുകാരി സി.എ ഭവാനിദേവി ഒളിംപിക്‌സിന്റെ വാൾപയറ്റിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി. തൊട്ടുപിന്നാലെ നേത്ര കുമാനൻ സെയ്‌ലിംഗിൽ ഒളിംപിക്‌സ് ബെർത്തുറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതയുമായി. 


വാൾപയറ്റ് 1896 ലെ പ്രഥമ ഒളിംപിക്‌സ് മുതൽ മത്സര ഇനമാണെങ്കിലും വനിതകൾക്ക് മത്സരം അനുവദിച്ചത് 1924 ലാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് വേണ്ടിവന്നു ഒരു ഇന്ത്യൻ വനിതാ താരത്തിന് ഒളിംപിക്‌സിൽ മത്സരിക്കാൻ. പതിനൊന്നാം വയസ്സിലാണ് ഭവാനി വാൾപയറ്റിൽ സജീവമായി പരിശീലനം തുടങ്ങിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ സ്‌പോർട്‌സ് ഇൻ സ്‌കൂൾ പദ്ധതിയിലൂടെയായിരുന്നു ഇത്. സ്‌ക്വാഷും വാൾപയറ്റുമാണ് ഭവാനി തെരഞ്ഞെടുത്തത്. രണ്ടിനങ്ങളിലും ഒരേ ദിനം മത്സരമുണ്ടായപ്പോൾ രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നു. വാൾപയറ്റിൽ രാജ്യാന്തര സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡ് ഭവാനിക്കാണ്. 2017 ൽ ഐസ്‌ലന്റിലെ വനിതാ വേൾഡ് കപ്പ് സാറ്റലൈറ്റ് ടൂർണമെന്റിലാണ് ഇരുപത്തേഴുകാരി ഈ നേട്ടം കൊയ്തത്. 


വാൾപയറ്റ് ചെലവേറിയ കായിക ഇനമാണ്. ഭവാനി തുടക്കത്തിൽ മുളങ്കമ്പ് കൊണ്ടുള്ള വാൾ ഉപയോഗിച്ചാണ് പരിശീലനം നടത്തിയിരുന്നത്. മത്സരത്തിൽ ഉപയോഗിക്കുന്ന വാളിനു മാത്രം ആറായിരം രൂപ വിലയുണ്ട്. ഭവാനിയുടെ കായിക സ്വപ്‌നങ്ങൾ പൂവണിയിക്കാൻ കുടുംബത്തിന് ഒരുപാട് ത്യാഗം സഹിക്കേണ്ടി വന്നിട്ടുണ്ട്. ഭവാനിയുടെ പിതാവ് ആനന്ദസുന്ദരം വീട്ടിനു സമീപത്തെ അമ്പലത്തിലെ തന്ത്രിയാണ്. മുത്തച്ഛൻ അഭിഭാഷകനാണ്. ഒരു ജ്യേഷ്ഠനും ചേച്ചിയും അഭിഭാഷക വൃത്തിയിലാണ്. ഭവാനി കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയതോടെ കുടുംബം വലിയ ബുദ്ധിമുട്ടനുഭവിച്ചു. എന്നാൽ കെ. കരുണാനിധി സർക്കാരും ജയലളിത സർക്കാരും സാമ്പത്തിക പിന്തുണ നൽകി. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ രാഹുൽ ദ്രാവിഡിന്റെ പേരിലുള്ള അത്‌ലറ്റ് മെന്റർഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സഹായം കിട്ടുന്നുണ്ട്. 


കുടുംബത്തിൽ സ്‌പോർട്‌സ് പിന്തുടരുന്ന മറ്റാരുമില്ല. ഭവാനി  കളിയോടൊപ്പം പഠനത്തിലും മിടുക്കിയാണ്. അണ്ണാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയിട്ടുണ്ട്. 
നേത്രയുൾപ്പെടെ നാല് ഇന്ത്യൻ സെയ്‌ലർമാരാണ് ചരിത്രത്തിലാദ്യമായി ഒളിംപിക് യോഗ്യത നേടിയത്. നേത്രക്കു പുറമെ വിഷ്ണു ശരവണൻ, ഗണപതി ചെംഗപ്പ, വരുൺ താക്കർ എന്നിവർ. മുൻ ഒളിംപിക്‌സുകളിൽ ഒമ്പത് ഇന്ത്യൻ സെയ്‌ലർമാർ മത്സരിച്ചിട്ടുണ്ട്. അവരെല്ലാം പുരുഷന്മാരായിരുന്നു. ഒമ്പതു പേർക്കും ബെർത്ത് ലഭിച്ചത് സംഘാടകരുടെ ഔദാര്യം കാരണമായിരുന്നു. യോഗ്യതാ റൗണ്ടിലൂടെ ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ ബെർത്തുറപ്പിക്കുന്നത്. നചാതാർ സിംഗ് ജോഹൽ (2008), ഷ്‌റോഫ്, സുമിത് പട്ടേൽ (2004), ഫറൂഖ് താരാപൂർ, സൈറസ് കാമ (1992), കെല്ലി റാവു (1988), ധ്രുവ് ഭണ്ഡാരി (1984), സോളി കോൺട്രാക്റ്റർ, എ.എ. ബാസിത് (1972) എന്നിവരാണ് ഇതിന് മുമ്പ് ഒളിംപിക് സെയ്‌ലിംഗിൽ മത്സരിച്ച ഇന്ത്യൻ താരങ്ങൾ. 
നേത്ര ചെന്നൈ എസ്.ആർ.എം കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാർഥിയാണ്. 2014 ലെയും 2018 ലെയും ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സയ്‌ലിംഗിൽ ലോകകപ്പ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അവർ. കഴിഞ്ഞ വർഷം അമേരിക്കയിലെ മയാമിയിൽ നടന്ന ലോകകപ്പിലാണ് വെങ്കലം കരസ്ഥമാക്കിയത്. 

 

Latest News