Sorry, you need to enable JavaScript to visit this website.

നെയ്മാറും നവാസും

ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ കെയ്‌ലോർ നവാസിന്റെ സെയ്‌വുകളിലൊന്ന്. 


കഴിഞ്ഞ 14 കളികളിൽ മൂന്ന് തവണയാണ് നെയ്മാർ ചുവപ്പ് കാർഡ് വാങ്ങിയത്. നെയ്മാറിന്റെ അച്ചടക്കമില്ലായ്മ പി.എസ്.ജിക്ക് വലിയ തലവേദനയാണ്. പി.എസ്.ജിയിൽ ചേർന്ന ശേഷം ക്ലബ്ബിന്റെ 145 ലീഗ് മത്സരങ്ങളിൽ അറുപത്തഞ്ചെണ്ണത്തിൽ മാത്രമാണ് നെയ്മാർ കളിച്ചത്. അതേസമയം രണ്ടു വർഷം മുമ്പ് റയൽ മഡ്രീഡിൽ നിന്ന് പി.എസ്.ജിയിലെത്തിയ നവാസ് മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു കളികളിൽ 18 ഗോൾശ്രമങ്ങളാണ് കോസ്റ്ററീക്കക്കാരൻ തടുത്തത്. നവാസിന്റെ രക്ഷാപ്രവർത്തനമില്ലായിരുന്നുവെങ്കിൽ ഫ്രഞ്ച് ലീഗിൽ എട്ടു മത്സരങ്ങളെങ്കിലും പി.എസ്.ജി തോറ്റേനേ. നെയ്മാറിനായി പി.എസ്.ജി ചെലവിട്ടത് 22 കോടി യൂറോയാണ്. നവാസിനായി വെറും 1.8 കോടി യൂറോയും. 

 

പി.എസ്.ജി എന്ന പേരു കേൾക്കുമ്പോൾ ഓർമയിൽ ഓടിയെത്തുക നെയ്മാറും കീലിയൻ എംബാപ്പെയും എയിംഗൽ ഡി മരിയയും മൗറൊ ഇകാർഡിയും മാർക്വിഞ്ഞോസുമൊക്കെയാണ്. കെയ്‌ലോർ നവാസ് ഗോൾമുഖത്തെ ഏകാന്തപഥികൻ മാത്രം. എന്നാൽ ഈ സീസണിൽ പി.എസ്.ജി തലയുയർത്തി നിൽക്കുന്നത് നവാസിന്റെ കരങ്ങളുടെ ബലത്തിലാണ്. കഴിഞ്ഞ രണ്ടു കളികളിൽ 18 ഗോൾശ്രമങ്ങളാണ് കോസ്റ്ററീക്കക്കാരൻ തടുത്തത്. നവാസിന്റെ രക്ഷാപ്രവർത്തനമില്ലായിരുന്നുവെങ്കിൽ ഫ്രഞ്ച് ലീഗിൽ എട്ടു മത്സരങ്ങളെങ്കിലും പി.എസ്.ജി തോറ്റേനേ. 

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറിയുടെ പടിവാതിൽക്കലാണ് പി.എസ്.ജി. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ അജയ്യമായ മുന്നേറ്റം അവരുടെ തട്ടകമായ മ്യൂണിക്കിൽ അവസാനിപ്പിച്ച അവർ പാരിസിലെ രണ്ടാം പാദത്തിൽ ഗോൾ വഴങ്ങാതെ നോക്കിയാൽ മതി. ഫ്രഞ്ച് ലീഗിൽ ഏഴ് മത്സരങ്ങൾ വീതം ശേഷിക്കെ ലില്ലിന് മൂന്ന് പോയന്റ് പിന്നിലാണ് പി.എസ്.ജി.

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 10 ഉറച്ച ഗോളുകളാണ് നവാസ് രക്ഷിച്ചത്. പി.എസ്.ജിയുടെ പിഴവുകൾ മൂടിവെക്കാൻ നവാസിന്റെ ശ്രമങ്ങൾക്ക് സാധിച്ചു. മധ്യനിരയെയും പ്രതിരോധനിരയെയും ബയേൺ കളിക്കാർ ഇഷ്ടാനുസരണം കീറിമുറിച്ചെങ്കിലും ഗോൾമുഖം കീഴടക്കാൻ അവർക്കായില്ല. ഒരുവിധം 3-2 വിജയവുമായി പി.എസ്.ജി രക്ഷപ്പെടുകയായിരുന്നു. 

ബാഴ്‌സലോണക്കെതിരായ പ്രി ക്വാർട്ടർ രണ്ടാം പാദത്തിൽ പി.എസ്.ജി 1-1 സമനിലയുമായി രക്ഷപ്പെട്ടതും നവാസിന്റെ ബലത്തിലാണ്. ലിയണൽ മെസ്സിയുടെ പെനാൽട്ടിയുൾപ്പെടെ എട്ട് ഷോട്ടുകളാണ് അന്ന് രക്ഷിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിൽ ലെയ്പ്‌സിഷിനും മാഞ്ചസ്റ്റർ യുനൈറ്റഡിനുമെതിരായ കളികളും പി.എസ്.ജി ജയിച്ചത് ഭാഗ്യം കൊണ്ടാണ്. നവാസ് ഇല്ലായിരുന്നെങ്കിൽ ആ കളികളും തോറ്റേനേ. 

സംയമനം എന്നാൽ എന്തെന്നറിയാത്ത ടീമാണ് പി.എസ്.ജി. ഐക്യവും കുറവാണ്. ലില്ലിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ പന്തില്ലാത്ത അവസരത്തിൽ അനാവശ്യമായി ഫൗൾ ചെയ്തതിന് നെയ്മാർ ചുവപ്പ് കാർഡ് കണ്ടു. താൻ ഫൗൾ ചെയ്ത കളിക്കാരനുമായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങവേ ശണ്ഠ കൂടി. സുരക്ഷാ ജീവനക്കാരാണ് പിടിച്ചുമാറ്റിയത്. അതിന്റെ പേരിൽ രണ്ടു കളികളിൽ കൂടി നെയ്മാർ പുറത്തിരിക്കണം. കഴിഞ്ഞ 14 കളികളിൽ മൂന്ന് തവണയാണ് നെയ്മാർ ചുവപ്പ് കാർഡ് വാങ്ങിയത്. നെയ്മാറിന്റെ അച്ചടക്കമില്ലായ്മ പി.എസ്.ജിക്ക് വലിയ തലവേദനയാണ്. സീസണിന്റെ തുടക്കത്തിൽ മാഴ്‌സെക്കെതിരായ ചുവപ്പ് കാർഡിനെത്തുടർന്ന് മൂന്നു കളികളിൽ ബ്രസീലുകാരന് പുറത്തിരിക്കേണ്ടി വന്നു. സീസൺ അവസാന ഘട്ടത്തിലേക്കടുക്കവെ മികച്ച കളിക്കാരെല്ലാം ലഭ്യമാണെന്നുറപ്പ് വരുത്താൻ പി.എസ്.ജിക്കു കഴിയുന്നില്ല. 

തുടർച്ചയായ മൂന്നാം സീസണിലാണ് ലീഗിലെ 38 മത്സരങ്ങളിൽ പകുതിയിലേറെ കളികൾ നെയ്മാറിന് നഷ്ടപ്പെടുന്നത്. ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിൽ ചേർന്ന ശേഷം ക്ലബ്ബിന്റെ 145 ലീഗ് മത്സരങ്ങളിൽ അറുപത്തഞ്ചെണ്ണത്തിൽ മാത്രമാണ് നെയ്മാർ കളിച്ചത്. അതേസമയം രണ്ടു വർഷം മുമ്പ് റയൽ മഡ്രീഡിൽ നിന്ന് പി.എസ്.ജിയിലെത്തിയ നവാസ് മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. നെയ്മാറിനായി പി.എസ്.ജി ചെലവിട്ടത് 22 കോടി യൂറോയാണ്. നവാസിനായി വെറും 1.8 കോടി യൂറോയും. 

Latest News