Sorry, you need to enable JavaScript to visit this website.

ആ രഹസ്യം സൂക്ഷിക്കാനായില്ല

ആദ്യമായി ഐ.പി.എല്ലിൽ ഒരു ഫ്രാഞ്ചൈസിയെ നയിക്കുന്ന മലയാളി സഞ്ജു സാംസൺ പ്രതീക്ഷകൾ പങ്കുവെക്കുന്നു....

ഈ സീസണിലെ ഐ.പി.എല്ലിന് ഒരു പുതുമയുണ്ട്. മലയാളികൾക്ക് ഇത്തവണ ഒരു ടീമുണ്ട്. മലയാളി നായകൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ആദ്യമായാണ് ഒരു മലയാളി ഐ.പി.എല്ലിൽ ക്യാപ്റ്റന്റെ തൊപ്പിയണിയുന്നത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാൻ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. 
പുതിയ ക്യാപ്റ്റനായി രാജസ്ഥാൻ റോയൽസ് പ്രഖ്യാപിക്കുന്നതിന് ഏറെ മുമ്പു തന്നെ ഈ വിവരം സഞ്ജുവിന് അറിയാമായിരുന്നു. രഹസ്യം അധിക നാൾ സൂക്ഷിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഭാര്യ ചാരുവുമായും മാതാപിതാക്കളുമായും അടുത്ത സുഹൃത്തുക്കളുമായും പങ്കുവെച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷം എം.എസ് ധോണിയിൽ നിന്നും വിരാട് കോഹ്‌ലിയിൽ നിന്നും രോഹിത് ശർമയിൽ നിന്നുമൊക്കെ അഭിനന്ദന സന്ദേശം ലഭിച്ചത് ഇരുപത്താറുകാരന് മറക്കാനാവാത്ത അനുഭവമായി. സഞ്ജുവുമായി അഭിമുഖം.

ചോ: കേരളത്തിന്റെ അണ്ടർ-19 ടീമിന്റെയും സീനിയർ ടീമിന്റെയും നായകനായിരുന്നു. ഇന്ത്യ അണ്ടർ-19 ടീമിനെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റൻസി അനുഭവങ്ങൾ വിവരിക്കാമോ?
ഉ: എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻസി എന്നത് ടീമിനുള്ള സേവനമാണ്. ഓരോ കളിക്കാരനും മികവ് കാണിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് ക്യാപ്റ്റന്റെ കടമ. ഓരോ കളിക്കാരനും പരസ്പരം പിന്തുണക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും. കളിക്കാരെ മനസ്സിലാക്കുകയും അവരെ വിലയിരുത്തുകയും അക്കാര്യം അവരെ ബോധ്യപ്പെടുത്തുകയുമാണ്. ഈ ചുമതല നിർവഹിക്കാൻ ടീം എന്നെ തെരഞ്ഞെടുത്തു എന്നത് വലിയ ആത്മവിശ്വാസം നൽകുന്നു. ടീം നന്നായെങ്കിലേ ക്യാപ്റ്റൻ നന്നാവൂ എന്നെനിക്കറിയാം. രാജസ്ഥാനിൽ ഉന്നത നിലവാരമുള്ള കളിക്കാരും മികച്ച സപ്പോർട്ട് സ്റ്റാഫുമുണ്ട്. വർഷങ്ങളായി അവരിൽ പലരെയും എനിക്കറിയാം. അവരെനിക്ക് കുടുംബം പോലെയാണ്. അതിനാൽ പിരിമുറുക്കമില്ല. 2013 ൽ കൗമാരപ്രായം മുതൽ ഞാൻ രാജസ്ഥാൻ ടീമംഗമാണ്. ഈ വർഷങ്ങളത്രയും ഒരേ ടീമിന് കളിക്കുകയും ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നത് അഭിമാനമകരമായ നേട്ടമാണ്. 

ചോ: താങ്കളെ പോലെ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനായ കുമാർ സംഗക്കാരയാണ് ടീമിന്റെ ക്രിക്കറ്റ് ഡയരക്ടർ?
ഉ: സംഗ ഇതിഹാസ താരമാണ്. ക്രിക്കറ്ററെന്ന നിലയിൽ മാത്രമല്ല. ഇടപഴകാൻ ഇത്ര നല്ല മനുഷ്യർ അധികമില്ല. അത് എന്റെ പിരിമുറുക്കം കുറക്കുന്നു. ആദ്യം സംസാരിച്ചപ്പോൾ തന്നെ എനിക്കു തോന്നി, ഈ മനുഷ്യൻ കൂടെയുണ്ടാവുന്നത് ഒരു അനുഗ്രഹമാണെന്ന്. എന്നെക്കുറിച്ച് സംഗക്ക് വ്യക്തമായി അറിയാം. ഐ.പി.എൽ ടീമിനെ നയിക്കുമ്പോൾ ഞാൻ കടന്നുപോവുന്ന വികാരങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ട്. സംഗയെ കൂട്ടായി കിട്ടുന്നതിനെക്കാൾ വലുതൊന്നും എനിക്ക് ആവശ്യപ്പെടാനില്ല. 

ചോ: ഈ ഐ.പി.എല്ലിൽ നാല് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാന്മാർ ക്യാപ്റ്റന്മാരുടെ റോളിലുണ്ട്. വിക്കറ്റ്കീപ്പിംഗും ബാറ്റിംഗും ക്യാപ്റ്റൻസിയും അമിത ഭാരമല്ലേ?
ഉ: എങ്ങനെ ഈ ജോലി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ക്രിക്കറ്റ് ഫീൽഡിൽ ഏറ്റവും നന്നായി കളി കാണാനാവുന്നതും വിലയിരുത്താനാവുന്നതും വിക്കറ്റ്കീപ്പർക്കാണ്. ഇക്കാര്യത്തിൽ മറ്റുള്ളവരെക്കാൾ ഒരു ചുവട് മുന്നിലാണ് കീപ്പർ. അത് പ്രശ്‌നമാണെന്ന് കരുതിയാൽ പ്രശ്‌നം തന്നെ. ടീമിനെ നയിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനമെന്നു കരുതിയാൽ ഈ ജോലി ആസ്വദിക്കാം. രണ്ടാമത്തേതാണ് എന്റെ രീതി. 

ചോ: രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിരുന്നു?
ഉ: കഴിഞ്ഞ സീസണിലും ഞങ്ങൾക്ക് വലിയ പിഴവുകളൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ 11 കളിക്കാർ മറ്റേതു ടീമിനോടും കിടപിടിക്കുന്നവരാണ്. അതിനാൽ എനിക്കു പറയാനുള്ളത്, ഞങ്ങൾ മികച്ച ടീമാണ് എന്നാണ്. വേണ്ടത് മികച്ച കളിയാണ്. നല്ല മാനസികാവസ്ഥയിൽ കളിക്കാൻ സാധിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങളാണ്. ട്വന്റി20 ആവശ്യപ്പെടുന്നത് ഭയമില്ലാത്ത കളിയാണ്. ബാറ്റിംഗിലായാലും ബൗളിംഗിലായാലും ഫീൽഡിംഗിലായാലും. വേഗവും കരുത്തും കൊണ്ട് ഓരോ കളിക്കാരനും തന്റെ സാന്നിധ്യം അടയാളപ്പെടുത്തണം. അതാണ് എല്ലാ കളിക്കാരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്. 

ചോ: കഴിഞ്ഞ സീസണിലെ മികച്ച താരം ജോഫ്ര ആർച്ചറെ ആദ്യ മത്സരങ്ങളിലെങ്കിലും ലഭ്യമല്ല. വിലയേറിയ കളിക്കാരനായി ക്രിസ് മോറിസ് ടീമിലുണ്ട്. 
ഉ: മോറിസിന്റെ മൂല്യത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹത്തിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. ടീമിലെ പ്രമുഖ അംഗങ്ങളിലൊരാളാണ് മോറിസ്. എന്നാൽ ഒരോവർ മാത്രം എറിയാൻ അവസരം കിട്ടുന്ന ബൗളർക്കും നിർവഹിക്കാനുള്ളത് നിർണായക ജോലിയാണ്. മോറിസ് സരസനാണ്. മോറിസ് കൂടെയുണ്ടാവുമ്പോൾ അന്തരീക്ഷത്തിന് ഒരു മയമുണ്ടാവും. എന്നാൽ കളിക്കളത്തിൽ പ്രവേശിക്കുമ്പോൾ മോറിസ് പൂർണമായി മാറും. കളി ജയിക്കാനുള്ള വാശിയിലായിരിക്കും. അങ്ങനെയൊരാളെ ടീമിന് കിട്ടുക ഭാഗ്യമാണ്.  


 

Latest News