Sorry, you need to enable JavaScript to visit this website.

നോമ്പോർമ

മഹാമാരിയുടെ കെടുതികൾക്കിടയിൽ വീണ്ടും പുണ്യമാസത്തെ വരവേൽക്കാൻ വിശ്വാസികൾ തയാറെടുക്കുകയാണ്. ആത്മസംയമനം വഴി ആത്മീയ ശുദ്ധീകരണം നേടുന്നതിനാണ് വ്രതം നിശ്ചയിച്ചിട്ടുള്ളത്. റമദാൻ മാസത്തിൽ  വ്രതം അനുഷ്ഠിക്കുക എന്നത് ഒരു വിശ്വാസി നിർബന്ധമായും ചെയ്യേണ്ടതാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് പ്രാർത്ഥനയിൽ മുഴുകുക എന്നതാണ് വ്രതത്തിന്റെ ഉദ്ദേശ്യം. വെറുതെ പട്ടിണി കിടന്നതുകൊണ്ടു മാത്രം വ്രതം പൂർണമാവില്ല. ദുശ്ചിന്തകളെ നശിപ്പിച്ചും സദ്ചിന്തകളെ പരിപോഷിപ്പിച്ചും സർവ ശക്തനിലേയ്ക്ക് അടുക്കാനുള്ള ആത്മീയ ശിക്ഷണമാണ് വ്രതം.
വിശുദ്ധ ഖുർആൻ അവതരിച്ച മാസമായതുകൊണ്ട് തന്നെ കഴിയുന്നത്ര ഖുർആൻ പാരായണം ചെയ്യണം. ജീവിതത്തിൽ സൂക്ഷ്മതയുള്ളവർക്കാണ് ആത്യന്തിക വിജയം എന്ന് ഖുർആൻ നമുക്ക് മനസ്സിലാക്കിത്തരുന്നു. സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സദ്ചിന്തകളുടെയും  വഴിയിലൂടെ മനുഷ്യ ജീവിതത്തിന്റെ സാക്ഷാൽക്കാരത്തിന് അനിവാര്യമായ സാൻമാർഗിക പ്രബോധനങ്ങളാണ് എല്ലാ പ്രവാചകൻമാരും അന്ത്യപ്രവാചകനായ  മുഹമ്മദ് നബി (സ) യും നമ്മെ പഠിപ്പിച്ചത്.
ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് 2020 ലെ റമദാൻ ദിനങ്ങൾ കടന്നുപോയത്. പള്ളികളിൽ നിസ്‌കാരങ്ങളില്ലാതെ, നോമ്പ് തുറയില്ലാതെ, തിരുഗേഹങ്ങളിൽ പോലും പള്ളിയിലുള്ളവർ മാത്രമുൾക്കൊണ്ട തറാവീഹ് നമസ്‌കാരം. പൊതുജനങ്ങൾക്ക് നിസ്‌കാരത്തിനോ നോമ്പുതുറക്കോ ഖിയാമുല്ലൈലിനോ ഇഹ്തിഖാഫിനോ ഒന്നിനും പള്ളിയിൽ പ്രവേശിക്കാൻ  അനുവാദമുണ്ടായിരുന്നില്ല. എവിടെയും മഹാമാരിക്കെതിരെയുള്ള പോരാട്ടം. മനുഷ്യ ജീവനും മാനവ സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടം. വീടകങ്ങളിൽ കുറച്ചുറങ്ങിയും കൂടുതൽ പ്രാർത്ഥിച്ചും കരുതിയും പ്രതിരോധിച്ചും നോമ്പ് മാസത്തിന്റെ നല്ല നാളുകൾ തള്ളിനീക്കി.
ജിദ്ദയിലെ   നോമ്പുകാലം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത സുവർണ കാലമായിരുന്നു. സൗകര്യപ്പെടുമ്പോഴൊക്കെ പല പ്രാവശ്യം മക്കയിൽ  പോയി നോമ്പ് തുറന്നു.  തറാവീഹ് നമസ്‌കാരവും ഉംറയും നിർവഹിച്ച് നോമ്പുകാലം സമ്പന്നമാക്കാൻ  കഴിഞ്ഞത് ജിദ്ദാ ജീവിതത്തിലെ ഭാഗ്യമായി കാണുന്നു. ഉംറ കഴിഞ്ഞ് സംതൃപ്തിയോടെ വീട്ടിൽ തിരിച്ചെത്തി മക്കളെയെല്ലാം കുളിപ്പിച്ച് ഉറക്കി ഒരു നിമിഷം പാഴാക്കാതെ  അത്താഴത്തിനുള്ള ആഹാരമുണ്ടാക്കാനായി തയാറെടുക്കും. 
സുബ്ഹി നിസ്‌കാരം കിട്ടത്തക്ക വിധം സമയം കണക്കാക്കിയാണ് എല്ലാവരെയും അത്താഴ ഭക്ഷണത്തിന്  വിളിച്ചുണർത്താറ്. വളരെ കുറച്ചു നേരം  മാത്രം കിടന്ന് നോമ്പുകാലം കഴിയും വരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും  വേണ്ടപ്പെട്ടവരെ നോമ്പു തുറപ്പിച്ചും  നോമ്പനുഷ്ഠിച്ചിരുന്ന കാലം. അന്നൊക്കെ കുറച്ചു സമയം മാത്രമേ ഖുർആൻ പാരായണത്തിന്  സമയം കിട്ടിയിരിന്നുള്ളൂ. നിർത്താതെ  ഓരോ ജോലി തീർക്കുന്നത് കണ്ട് ഭർത്താവ് ഇടയ്ക്ക് നിനക്ക് ഉറക്കമൊന്നുമില്ലേ എന്ന് സ്‌നേഹത്തോടെ ചോദിക്കും. ആ ഒരു ചോദ്യം മതിയായിരുന്നു എനിക്കന്ന് നോമ്പ് കാലം കഴിയുവോളമുള്ള ഊർജത്തിന്. പ്രിയപ്പെട്ടവരുടെ സ്‌നേഹമുള്ള ഒരു  വാക്ക് എത്ര മാത്രം സ്വാധീനിക്കുമെന്നറിഞ്ഞ ദിനങ്ങൾ.
അറുപത് പേരെ നോമ്പ് തുറക്കാൻ ക്ഷണിച്ചാലും എല്ലാം തനിയെ ചെയ്തിരുന്നു. അക്കാലത്ത് എന്റെയും ഭർത്താവിന്റേയും കുടുംബത്തിലുള്ള വേണ്ടപ്പെട്ട പലരും സ്വന്തം സഹോദരങ്ങളും അന്ന്  ജിദ്ദയിലുണ്ടായിരുന്നു. ഇന്ന് അവരിൽ ചിലരൊക്കെ അകാലത്തിൽ സർവശക്തന്റെ വിളിക്കുത്തരം നൽകി പോയി.  ബന്ധുമിത്രാദികളുമൊക്കെയായി തറവാട് വീടുകളിലുള്ള പോലെയായിരുന്നു ചിലപ്പോഴൊക്കെ ഫഌറ്റിലെ ഗൃഹാന്തരീക്ഷം.  
വലിയ ബാൽക്കണിയിലെ  ചെറിയ അടുക്കളത്തോട്ടം കണ്ട്, വന്നവരൊക്കെ അഭിനന്ദിക്കാൻ  ഒരു പിശുക്കും കാട്ടിയിരുന്നില്ല. വല്ലാത്തൊരു സംതൃപ്തിയും സന്തോഷവും  നൽകിയിരുന്നു അതൊക്കെ.  അഭിനന്ദനങ്ങൾ ഏതൊരു വ്യക്തിക്കും പ്രചോദനമാണ്.  ഒരു റമദാനിലാണ് എന്റെ ഉപ്പയും  ഉമ്മയും ജിദ്ദയിലെത്തിയത്. സന്തോഷത്തിന്റെ  ദിനങ്ങൾ. ഉംറയും മദീനാ സന്ദർശനവും  വിശുദ്ധ ഹജ്  കർമവും കഴിഞ്ഞ് എതാനും ദിവസങ്ങൾ കഴിഞ്ഞാണ് നാട്ടിലേക്ക് യാതയായത്. ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ.


പ്രവാസത്തിലെ നോമ്പ് തുറപ്പിക്കലും നോമ്പ് തുറക്കാനുള്ള പോക്കുമായി നോമ്പ് ആഘോഷമാക്കിയിരുന്ന ആ റമദാൻ ദിനങ്ങൾ ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിൽ ഒളിമങ്ങാത്ത ഓർമയായി തെളിയുന്നു. അന്ന് ഫഌറ്റിനടുത്തുള്ള പള്ളിയിൽ സാധിക്കുന്ന ദിവസങ്ങളിലൊക്കെ തറാവീഹ് നിസ്‌കാരത്തിന് പോകുമായിരുന്നു. 
തറാവീഹ് നിസ്‌കാരം കഴിഞ്ഞാൽ പിന്നെ ഒരു മണി വരെ  പെരുന്നാൾ പ്രോഗ്രാമുകൾകൾക്കുള്ള കോറിയോഗ്രഫിയുടെ തിരക്കാണ്. കുറെ  കുട്ടികളെ വേദിയിലെത്തിക്കാൻ കഴിഞ്ഞതും അനുഗ്രഹമായി  കാണുന്നു.അടുത്ത ഫഌറ്റിലുള്ളവർക്ക് നോമ്പുതുറ വിഭവങ്ങൾ കൈമാറും. ബിൾഡിംഗിലെ വാച്ച്മാനും അടുത്ത ബഖാലക്കാരനുമൊക്കെ നോമ്പുതുറക്കാൻ വിഭവങ്ങൾ ഭർത്താവിന്റെ കൈയിൽ കൊടുത്ത് വിടുമ്പോൾ, ആ സന്തോഷവും സംതൃപ്തിയും കാണുമ്പോൾ എന്റെ ക്ഷീണമൊക്കെ അകലും.
നോമ്പുകാലത്ത്  വേണ്ടപ്പെട്ടവരുടെ സഹിക്കാൻ പറ്റാത്ത മരണങ്ങൾ ഉണ്ടാക്കിയ ദുഃഖം എന്നും നീറ്റലായി അവശേഷിക്കുമ്പോഴും നോമ്പ് കാലത്ത് തന്നെ മൂന്ന് മക്കൾക്ക് ജന്മം നൽകാനായതും പുണ്യമായി  കരുതുന്നു.  മക്കൾ വലുതായപ്പോൾ ഓരോരുത്തരും വിദ്യാഭ്യാസവും മറ്റുമായി ഓരോ ഇടത്ത്. ഒരാൾ ഇന്ന് കൂടെയുണ്ട്. മകൻ കാമ്പസിൽ  നിന്നും റിയാദിലെത്തുമെന്നും റമദാനിൽ  കൂടെയുണ്ടാവുമെന്നുമുള്ള  പ്രതീക്ഷയിലാണ്. ഇൻശാ അല്ലാഹ്.
ഇപ്പോൾ കോവിഡ് കാരണം സൃഷ്ടികളോട് അകലവും സ്രഷ്ടാവിനോട് അടുപ്പവും കാണിച്ച്  പ്രവാസത്തിലെ പുണ്യമാസം സമ്പന്നമാക്കാൻ ഒരുങ്ങുമ്പോഴും ഗൃഹാതുരത്വത്തിന്റെ നോമ്പോർമകൾ അലയൊലികളാവുകയാണ്.
കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നന്മകൾ ഇരട്ടിപ്പിക്കുന്ന പുണ്യ റമദാന്റെ മാസപ്പിറവി കാണുന്നത് കാത്തിരുന്ന ദിനങ്ങൾ. നോമ്പ് ആഗതമാവുന്നു, വീടും പരിസരവും ഒരുക്കൂ എന്ന മുന്നറിയിപ്പ് മുതൽ  റമദാൻ ഒന്നിനുള്ള കൗണ്ട്ഡൗൺ  തുടങ്ങും. ഈ കൗണ്ട്ഡൗൺ ദിനങ്ങൾക്ക് പറയുന്നത് നനച്ചുകുളിയുടെ ദിനങ്ങളെന്നാണ്. വീട്ടിലെ മുക്കും  മൂലയും തൊട്ട് പുതപ്പും പലകയും വരെ കഴുകി വൃത്തിയാക്കും.
കുട്ടികളുടെ കരവിരുതു കൊണ്ട് വരയും കുറിയും അധികരിച്ച ചുമരുകളും ഉമ്മാന്റെ പ്രയത്‌നത്താൽ വിറകടുപ്പിലെ പുക കൊണ്ട് കറുത്ത അടുക്കള ചുമരും കുമ്മായം  പൂശാൻ കൊല്ലത്തിലൊരിക്കൽ  അബ്ദുറഹ്മാനിക്ക ആകെ ഒന്ന് നിറം വെപ്പിക്കുക പതിവായിരുന്നു. കജ്ജതാത്തയോ, സൂറമ്മയോ എത്തി ഒരു മാസത്തേക്കു പത്തിരിക്കുള്ള അരി ഉരലിലിട്ട് ഇടിച്ച്  ചലിച്ച് പൊടി വറുത്തുതരും. എന്നാലും ഉമ്മാക്ക് പണി തന്നെ, ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നും അന്നില്ലല്ലോ.  മുളക്, മല്ലി,  മഞ്ഞൾ എന്നിവ കഴുകി  വൃത്തിയാക്കി  ഉണക്കി മില്ലിൽ കൊടുത്ത് വിട്ട്  പൊടിപ്പിച്ച് ടിന്നിലും ബോട്ടിലുകളിലും നിറച്ചുവെയ്ക്കും. നോമ്പുകാലത്ത് അധികവും അരിപ്പൊടി ഉപയോഗിച്ചുള്ള പലഹാരങ്ങൾ തന്നെ. ഗോതമ്പ് പൊടിയൊക്കെ അക്കാലത്ത് നോമ്പ് കഴിഞ്ഞേ  അടുക്കള കാണൂ. നോമ്പ് തുടങ്ങിയാൽ കഴിയുന്നത്ര സമയം പ്രാർത്ഥനാനിർഭരമാക്കാനാണ് ഇത്രയും ഒരുക്കങ്ങൾ.
മാസപ്പിറവി കണ്ടെന്ന വാർത്ത കേട്ടാൽ പിന്നെ ഉമ്മക്ക് ഉറക്കമില്ല. തറാവീഹ് കഴിഞ്ഞ് അത്താഴത്തിനുള്ള തയാറെടുപ്പ്.  അതിനിടയിൽ ഉമ്മന്റെ നാട്ടിലെ അത്താഴത്തിന് വിളിച്ചുണർത്തുന്ന അറവന മുട്ടുകാരെക്കുറിച്ച് പറയും. അറവന മുട്ടുകാർ വന്ന് വിളിച്ചുണർത്തിയ ശേഷമാണത്രേ ഉമ്മന്റെ നാട്ടിലുള്ളവർ ഭക്ഷണമുണ്ടാക്കി ചൂടോടെ കഴിച്ചിരുന്നത്. ഇന്നത്തെപ്പോലെ ഉമ്മന്റെ  കുട്ടിക്കാലത്ത് ഫ്രിഡ്ജ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ ഭക്ഷണം ഉണ്ടാക്കി സൂക്ഷിക്കാൻ.
എല്ലാ വർഷവും നോമ്പുകാലത്ത് ഒരുപാടു തവണ ഈ കഥകളെല്ലാം കേട്ട് ഞങ്ങൾ മക്കൾക്ക് എല്ലാം അത് മനപ്പാഠമായി. ഇന്ന് ആ കഥകൾ പറഞ്ഞു തന്നിരുന്ന ഉമ്മയും കേട്ടിരുന്ന ഒരു സഹോദരനും   ഈ ദുനിയാവിലില്ല. ആ മരിക്കാത്ത ഓർമകളൊന്നും കൂട്ടിനില്ലെങ്കിൽ പിന്നെ ഞാനും ഇല്ല.
നോമ്പുകാലത്ത് സ്‌കൂളിൽ  പോകുന്നതിന്റെ ഉത്സാഹം ഒന്ന് വേറെ തന്നെയായിരുന്നു. സ്‌കൂൾ വീട്ടിൽ നിന്നും അകലെയല്ലാത്തതുകൊണ്ട് നോമ്പുകാലത്ത് ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തേണ്ടല്ലോ. സ്‌കൂൾ ഗ്രൗണ്ടിൽ പോയി കളിക്കാൻ സമയം കിട്ടുന്നതിന്റെ സന്തോഷം. എല്ലാ നോമ്പുള്ള കുട്ടികളും  ചെയ്തിരുന്ന പോലെ  ഉമിനീര് വായയിൽ അടക്കിപ്പിടിച്ചും നിറയുമ്പോൾ ഇടക്കിടെ തുപ്പാൻ ഓടിയും  തൊണ്ട വരണ്ട അവസ്ഥയിലായിരിക്കും. നാലു മണിക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്നത്.  എത്ര ക്ഷീണിച്ചാലും രാത്രിയാവാതെ അന്ന് കിടത്തം എന്നൊന്നില്ല.
'ബാങ്ക് ' കൊടുത്തോന്ന് നോക്കാൻ പോവാനുള്ള തയാറെടുപ്പാണ് പിന്നെ. ഉമ്മ ചിരിച്ചുകൊണ്ട് പറയും 'നോക്കാൻ പോയില്ലെങ്കിലും സമയമാവുമ്പോൾ കൃത്യസമയത്ത് തന്നെ ബാങ്ക് കൊടുക്കുമെന്ന്.
പള്ളിയുടെ അടുത്തായിരുന്നു എന്റെ സഹപാഠി ബേബിയുടെ വീട്. അവിടെ കുറെ നേരം ഞങ്ങൾ കുട്ടികളെല്ലാവരും  സിമന്റിട്ട മുറ്റത്ത് ക്ഷീണം മറന്ന് ശുദ്ധവായു ശ്വസിച്ച്  കളിക്കും. ഏകദേശം ബാങ്ക് കൊടുക്കാറാവുമ്പോൾ പള്ളിയുടെ മുന്നിലെത്തും. 
'അല്ലാഹു അക്ബർ എന്ന് തുടങ്ങുമ്പോഴേക്കും കളിക്കൂട്ടുകാരെല്ലാവരും കൂടി ബാങ്ക് കൊടുത്തേയ്  എന്ന് പറഞ്ഞ് വീടെത്തും വരെ ഒറ്റ ഓട്ടമായിരിക്കും. പ്രവാസത്തിന്റെ വിരസമായ ദിനങ്ങളിൽ  ആ ഓർമകളൊക്കെ തേൻ മഴയായി പെയ്‌തൊഴിയുകയാണ്. നിഷ്‌കളങ്ക ബാല്യത്തിന്റെ ഉത്സാഹ നിമിഷങ്ങൾ.

Latest News