Sorry, you need to enable JavaScript to visit this website.

നൃത്തച്ചുവടുകളിൽ ജാതിയും മതവും തിരയുന്നവർ

ഒരു പരിധി വരെയെങ്കിലും ചെറുത്തുനിൽപുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നത് മാത്രമാണ് ആശ്വസിക്കാൻ വകയുള്ളത്. ജാതിയിലും മതത്തിലുമല്ല കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. നവീനെയും ജാനകിയെയും വർഗീയ കോമരങ്ങൾ സൈബറിടങ്ങളിൽ മതം തിരഞ്ഞ് ആക്രമിച്ചപ്പോൾ ചെറുത്തുനിൽപിന്റെ ശബ്ദം അവരിൽ നിന്നാണുയർന്നത്. പ്രകാശം പരത്തുന്ന ഇത്തരം ചില നക്ഷത്രങ്ങളാണ് കൂരിരുട്ടിലും വഴി നടത്തുന്നത്.

പഠിപ്പും സംസ്‌കാരവുമൊക്കെയാണ് ഒരു സമൂഹത്തിന്റെയും നാടിന്റെയുമെല്ലാം ഉന്നതിയുടെ അളവുകോൽ എന്നാണ് പറയാറുള്ളത്. അങ്ങനെ നോക്കുകയാണെങ്കിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണ് നിലകൊള്ളുന്നത്. അതിനെച്ചൊല്ലി ഒരു സ്വകാര്യ അഹങ്കാരവും മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്.  കിട്ടുന്ന അവസരങ്ങളിലെല്ലാം കേരളത്തിന്റെ സാംസ്‌കാരിക ഉന്നതിയെക്കുറിച്ചും കിട്ടുന്ന വേദികളിലൊക്കെ നാം വാതോരാതെ സംസാരിക്കാറുണ്ട്.  പറ്റുമെങ്കിൽ കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ താരതമ്യേന പഠിപ്പും വിദ്യാഭ്യാസവും കുറഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനതയെ സാമൂഹ്യവും സാംസ്‌കാരികവുമായ അപചയത്തിന്റെ പേരിൽ പരമാവധി ഇകഴ്ത്തിക്കാട്ടുകയും കളിയാക്കുകയും ചെയ്യാറുണ്ട്.  
എന്നാൽ പഠിപ്പും വിവരവുമുള്ളവരെന്നും സാമൂഹ്യവും സാംസ്‌കാരികവുമായ ഉന്നതി കാത്തു സൂക്ഷിക്കുന്നവരെന്നും അഭിമാനിക്കുന്ന നമ്മൾ, മലയാളികളിൽ വലിയൊരു വിഭാഗം വർഗീയമായി എത്രത്തോളം മ്ലേഛരാണെന്നാണ് കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലെ രണ്ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച വലിയ തോതിലുള്ള വർഗീയ പ്രചാരണം വ്യക്തമാക്കുന്നത്. വർഗീയതയുടെ പച്ചയായ വിഷവാഹകരായി മലയാളികൾ മാറിക്കൊണ്ടിരിക്കുന്നുവെന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ല. വർഗീയത കൊടികുത്തി വാഴുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലും നമ്മൾ നാണിപ്പിച്ചുകളഞ്ഞു. നമ്മുടെ സാംസ്‌കാരിക ഔന്നത്യത്തെക്കുറിച്ച് അഭിമാനിക്കാൻ മലയാളിക്ക് ഇനി എന്ത് അർഹതയാണുള്ളത്.
തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയും അവരുടെ കോളേജിൽ വെച്ച് ഒരു പാട്ടിന് വളരെ മനോഹരമായി നൃത്തച്ചുവടുകൾ വെച്ചുകൊണ്ട് പോസ്റ്റ് ചെയ്ത 30 സെക്കൻഡ് നീണ്ടുനിൽക്കുന്ന വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നൃത്തത്തിന്റെ ഭംഗിയും അവതരണത്തിലെ പുതുമയും കൊണ്ടാണ് സോഷ്യൽ മീഡിയ നിമിഷനേരം കൊണ്ട് ഇത് ഏറ്റെടുത്തത്. പിന്നെ അഭിനന്ദന പ്രവാഹമായി. സ്വാഭാവികമായും ഈ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നു. ചിലർ അവരുടെ ജാതിയും മതവും തിരഞ്ഞുപോയി. അതോടെയാണ് കേരളത്തിലെ വർഗീയ കോമരങ്ങൾ ഇരുവർക്കുമെതിരെ പച്ചയായ വർഗീയ വിദ്വേഷവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. കാരണം മറ്റൊന്നുമല്ല, നവീൻ എന്ന വിദ്യാർത്ഥി നവീൻ കെ. റസാഖും ജാനകി വെറും ജാനകിയല്ല ജാനകി എം. ഓംകുമാറുമാണെന്ന് ഞരമ്പുകളിൽ ചോരയ്ക്ക് പകരം വർഗീയതയുടെ കൊടും വിഷം പേറുന്നവർ കണ്ടെത്തുകയായിരുന്നു. 
ആസ്വാദ്യകരമായ പാട്ടിന് വേണ്ടി മനോഹരമായി നൃത്തം ചെയ്ത ഇരുവരെയും ലൗ ജിഹാദിന്റെ വക്താക്കളും ഭീകര സംഘടനയായ ഐ.എസിൽ ചേരാൻ പോകുന്നവരുമായി മാറ്റാൻ അധിക സമയം വേണ്ടിവന്നില്ല. നിഷ്‌കളങ്കമായ നൃത്തച്ചുവടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വർഗീയമായ ചേരിതിരിവുകളാണ് സോഷ്യൽ മീഡിയയിൽ പിന്നീട് ഉണ്ടായത്. സാധാരണക്കാർ മാത്രമല്ല വിദ്യാസമ്പന്നരും സമൂഹത്തിൽ ഉന്നത പദവികളിലുള്ളവരുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ജാതിക്കോമരങ്ങളായി ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുന്നത്. അതിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 
എന്തൊരു അപചയമാണ് കേരളത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏത് കാര്യത്തിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പ്രതികരിക്കാനും അത്തരത്തിൽ മാത്രം കാര്യങ്ങൾ വിലയിരുത്താനും മലയാളി തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. കേരളത്തിൽ  കുറച്ച് പേർ മാത്രമേ ഇത്തരത്തിൽ ചിന്തിക്കുന്നുണ്ടാകൂവെന്ന് പറഞ്ഞ് നമുക്ക് ഇതിനെ ലഘൂകരിക്കാനാകില്ല. പുര കത്താൻ തീഗോളം വേണമെന്നില്ല, ഒരു തീപ്പൊരി മതി. വർഗീയത പേറുന്ന നിരവധി തീപ്പൊരികൾ ഒരുമിച്ച് അഗ്നിഗോളമായി മാറാൻ പോകുകയാണ്. അത് തടഞ്ഞേ പറ്റൂ.
 നവീനും ജാനകിക്കും നേരെ നടക്കുന്ന വർഗീയ പ്രചാരണങ്ങൾ കേരളത്തിൽ ആദ്യത്തേതല്ല. നിരവധി നവീൻമാരും ജാനകിമാരും ഓരോ ദിവസവും ഇത്തരം വിദ്വേഷങ്ങൾക്ക് നാം അറിഞ്ഞും അറിയാതെയും ഇരയായിക്കൊണ്ടിരിക്കുന്നുണ്ട്. നവീൻ ഒരു മുസ്‌ലിം നാമധാരിയുടെ മകനായിപ്പോയതുകൊണ്ട് മാത്രമാണ് വർഗീയ പ്രചാരണങ്ങൾ നടക്കുന്നത്. മുസ്‌ലിംകൾ ലൗ ജിഹാദിന്റെയും തീവ്രവാദത്തിന്റെയും വക്താക്കളാണെന്ന് വരുത്തിത്തീർക്കാൻ കാലങ്ങളായി നടക്കുന്ന ആസൂത്രിതമായ ഹിന്ദുത്വ അജണ്ട തന്നെയാണ് ഈ സംഭവത്തിന്റെയും പിന്നിലുള്ളത്. മനുഷ്യനെ മനുഷ്യനായി കാണാൻ കെൽപില്ലാതെ മാനസിക രോഗം ബാധിച്ചവരാണ് ഇക്കൂട്ടർ. ചങ്ങലക്കിട്ടില്ലെങ്കിൽ പേപ്പട്ടിയേക്കാൾ അപകടകാരികളായി ഇവർ മാറും.
ഇത്തരം വർഗീയ കോമരങ്ങൾക്ക് ചൂട്ട് പിടിക്കുന്നതിലും ഇന്ധനം പകർന്ന് അവരിലെ തീപ്പൊരി അഗ്നിയായി ജ്വലിപ്പിക്കുന്നതിലും മത, രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള പങ്ക് ചെറുതല്ല. തള്ളിപ്പറയുന്നതിന് പകരം ഇത്തരക്കാരെ നെഞ്ചോട് ചേർത്ത് താരാട്ട് പാടാനാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പോർച്ചട്ടയിൽ മറഞ്ഞിരുന്നുകൊണ്ട് ചിലരെങ്കിലും ശ്രമിക്കുന്നത്. ഹിന്ദു-മുസ്‌ലിം വർഗീയത ആളിക്കത്തിക്കുന്നതിലൂടെ ആത്മരതി അനുഭവിക്കുന്നവരാണ് ഇക്കൂട്ടർ. ഇപ്പോൾ ഒരു പടി കൂടി മുന്നിൽ കടന്ന് ക്രിസ്ത്യൻ - മുസ്‌ലിം വൈരാഗ്യത്തിന്റെ വിഷവിത്തുകൾ കൂടി ഇവർ പാകിക്കഴിഞ്ഞു.
മതേതരത്വത്തെക്കുറിച്ച് നമ്മൾ എന്തൊക്കെ പുറംപൂച്ച് പറഞ്ഞാലും ഒരു കാര്യം വ്യക്തമാണ്. മലയാളിയുടെ മനസ്സിലും പതുക്കെ പതുക്കെ വർഗീയതയുടെ വേരുകൾ മുളച്ചു കഴിഞ്ഞിരുക്കുന്നു. അതിന് ആഴത്തിലേക്ക് ഇറങ്ങാൻ പറ്റിയ രീതിയിൽ കേരളത്തിന്റെ മണ്ണും പാകപ്പെടുകയാണ്. ഭരണകൂടത്തിന്റെ തണലിൽ രാജ്യമാകെ ഹിന്ദുത്വ ഭീകരതയുടെ പിടിയിലേക്ക് അമരുമ്പോഴും വേറിട്ട കാഴ്ചയായി എടുത്തു കാട്ടാൻ ഒരു കേരളമുണ്ടായിരുന്നു. വർഗീയതയുടെ വിഴുപ്പുകൾ ചുമക്കാൻ ഇവിടെ അധികം ആളുണ്ടാകില്ലെന്ന് നമ്മൾ വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് ഓരോ ദിനവും നമുക്ക് ബോധ്യം വന്നുകൊണ്ടിരിക്കുകയാണ്. മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട് അപ്പുറത്തെ വീട്ടുകാരനോട് സംസാരിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണെന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല. നൃത്തച്ചുവടുകളിൽ പോലും ജാതിയും മതവും തിരയുന്ന നല്ലൊരു വിഭാഗം ആളുകൾ ഇവിടെയുള്ളപ്പോൾ മതേതരത്വത്തിന്റെ വർണക്കാഴ്ചകൾ നമുക്ക് അവകാശപ്പെടാനാകില്ല.
ജനവിധിയുടെ ഫലം പുറത്ത് വന്നിട്ടില്ലെങ്കിലും കേരളത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വൈകാരിക ചർച്ചകളാണ് നടന്നിട്ടുള്ളത്. കേരളത്തിലെ രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യാൻ വർഗീയതക്ക് കഴിയുന്നുവെന്നത് നിസ്സാരമായി കാണാൻ കഴിയുന്നതല്ല. 
കഴിയാവുന്ന രീതിയിലെല്ലാം തന്നെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് വോട്ട് തേടിയ വർഗീയ കക്ഷികൾ ഒരു ഭാഗത്ത് അഴിഞ്ഞാടുമ്പോൾ മറുഭാഗത്ത് മതേതരത്വം അവകാശപ്പെട്ടുകൊണ്ട് തന്നെ പാർലമെന്ററി ജനാധിപത്യം മാത്രമാണ് പൊതു പ്രവർത്തനത്തിന്റെ ഏക ലക്ഷ്യമെന്ന് കരുതുന്ന പല രാഷ്ട്രീയ കക്ഷികളും വർഗീയതയോട് സന്ധി ചെയ്യുന്നതും അതിന്റെ ഏജന്റുമാരായി മാറുന്നതും തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടു കഴിഞ്ഞു. മാത്രമല്ല, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ജനവിധിയിൽ വർഗീയതയുടെ സ്വീകാര്യത വർധിച്ചുവരുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഒരു പരിധി വരെയെങ്കിലും ചെറുത്തുനിൽപുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നത് മാത്രമാണ് ആശ്വസിക്കാൻ വകയുള്ളത്. ജാതിയിലും മതത്തിലുമല്ല കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. നവീനെയും ജാനകിയെയും വർഗീയ കോമരങ്ങൾ സൈബറിടങ്ങളിൽ മതം തിരഞ്ഞ് ആക്രമിച്ചപ്പോൾ ചെറുത്തുനിൽപിന്റെ ശബ്ദം അവരിൽ നിന്നാണുയർന്നത്. പ്രകാശം പരത്തുന്ന ഇത്തരം ചില നക്ഷത്രങ്ങളാണ് കൂരിരുട്ടിലും വഴി നടത്തുന്നത്.
 

Latest News