കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; നാല് രോഗികള്‍ മരിച്ചു

മുംബൈ- മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാല് രോഗികള്‍ മരിച്ചു. രണ്ട് രോഗികളുടെ നില ഗുരുതരമാണ്. രണ്ടാം നിലയിലെ ഐസിയുവിലുള്ള എസിയില്‍ നിന്ന് തീ പടര്‍ന്നതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന ശേഷിക്കുന്ന 27 രോഗികളെ ഇവിടെ നിന്ന് മാറ്റിയതായി പോലീസ് അറിയിച്ചു.  ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അദ്ദേഹം അവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നു വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുകയാണ്. അതിവേഗത്തിലാണ് വൈറസ് വ്യാപനം രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. നിലവില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
 

Latest News