Sorry, you need to enable JavaScript to visit this website.

കൾച്ചറൽ ഫോറം പ്രവർത്തനം  പ്രശംസനീയം -അൽമസ്‌ലമാനി

മുന അൽ മസ്‌ലമാനിക്ക് കൾച്ചറൽ ഫോറത്തിന്റെ മെമന്റോ മുഹമ്മദ് കുഞ്ഞി കൈമാറുന്നു. 

ദോഹ - കോവിഡ് കാലത്ത് കൾചറൽ ഫോറം നടത്തിയ സന്നദ്ധസേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ കമ്യൂണിക്കബ്ൾ ഡിസീസ് സെന്ററിന്റെയും കോവിഡ് കൺട്രോൾ വകുപ്പിന്റെയും മേധാവി ഡോ. മുന അൽമസ്‌ലമാനി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തെ കുറിച്ചും ആളുകളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും കൾച്ചറൽ ഫോറം നടത്തിയ വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവർ പറഞ്ഞു.
ഖത്തറിൽ കോവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിൽ ഒരാളായ ഡോ. മുനാ അൽമസ്‌ലമാനിയെ സന്ദർശിച്ച കൾച്ചറൽ ഫോറം നേതാക്കളുമായി സംസാരിക്കുകയായിരുന്നു അവർ.
സാധാരണക്കാരായ പ്രവാസികൾക്കിടയിൽ കോവിഡ് വാക്‌സിനെക്കുറിച്ചും അർഹരായവർ പ്ലാസ്മ ദാനം ചെയ്യുന്നതിനും ആവശ്യമായ ബോധവൽക്കരണം നടത്താൻ കൾച്ചറൽ ഫോറത്തിന്റെ പിന്തുണ മുന ആവശ്യപ്പെട്ടു. 


ഖത്തറിലെ ഇന്ത്യക്കാരടക്കമുള്ള പ്രവാസി സമൂഹത്തിന് ഖത്തർ സർക്കാരും ഹമദ് മെഡിക്കൽ കോർപറേഷനും നൽകുന്ന സേവനങ്ങൾ, വിശിഷ്യാ കോവിഡ് സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് കൾചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. കൾച്ചറൽ ഫോറത്തിന്റെ പ്രത്യേക ആദരവ് ഡോ. മുനക്ക് കൈമാറി.
കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി കൾചറൽ ഫോറം പ്രസിദ്ധീകരിച്ച ബുക്‌ലെറ്റ് സംഘം പരിചയപ്പെടുത്തി. കൾചറൽ ഫോറം കമ്മ്യൂണിറ്റി സർവീസ് വിംഗ് സെക്രട്ടറി റഷീദലി, ഡോ. നൗഷാദ്, നടുമുറ്റം എക്‌സിക്യൂട്ടീവ് അംഗം നുഫൈസ ഹഫീസ് തുടങ്ങിയവർ സംബന്ധിച്ചു.

 

 

Latest News