Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക് ഫയർ എൻജിനുമായി യു.എ.ഇ സിവിൽ ഡിഫൻസ്; പ്രത്യേകതകൾ ഏറെ

യു.എ.ഇ സിവിൽ ഡിഫൻസ് പുറത്തിറക്കിയ ഇലക്ട്രിക് ഫയർ എൻജിൻ.

ദുബായ് - ഗൾഫ് മേഖലയിൽത്തന്നെ ആദ്യമായി സമ്പൂർണ ഇലക്ട്രിക് ഫയർ എൻജിനുമായി യു.എ.ഇ സിവിൽ ഡിഫൻസ്. നിലവിലുള്ള എൻജിനുകളേക്കാൾ ചെലവ് കുറഞ്ഞതും 30 ശതമാനം പ്രവർത്തനക്ഷമത കൂടിയതുമാണ് ഈ ഫയർ എൻജിൻ. 20 മിനിറ്റ് കൊണ്ട് ഒരു തവണ റീചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ ഓടും. വാഹനത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് കയറാം. യന്ത്രങ്ങളുടെ നിയന്ത്രണത്തിന് 17 ഇഞ്ച് സ്‌ക്രീനിൽനിന്നുള്ള വിവരങ്ങൾ തത്സമയം സിവിൽ ഡിഫൻസ് ആസ്ഥാനത്ത് എത്തുമെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 

വേൾഡ് ട്രേഡ് സെന്ററിൽ നടന്ന കസ്റ്റം ഷോ എമിറേറ്റ്‌സ് മേളയിലാണ് വാഹനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. സിവിൽ ഡിഫൻസ്, പോലീസ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ മേളയിൽ സംബന്ധിച്ചു. 

ഫയർ എൻജിൻ സംബന്ധിച്ച വിശദാംശങ്ങൾ സിവിൽ ഡിഫൻസ് ഡയരക്ടർ മേജർ ജനറൽ റാഷിദ് ഥാനി അൽമത്‌റൂഷി വെളിപ്പെടുത്തി. ഫയർ എൻജിൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വിശദ വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ കഴിയും എന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്. 4,000 ലിറ്റർ ശേഷിയാണ് ഇതിന്റെ ജലസംഭരണിക്കുള്ളത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഇതിന് സഞ്ചരിക്കാൻ സാധിക്കും. അഗ്നിശമന വാഹന മേഖലയിലെ പ്രഗത്ഭരായ റോസൻബോർ ആണ് നിർമാതാക്കൾ. ക്യാമറകളും മോണിറ്ററുകളും ഇലക്ട്രോണിക് റോളർ ഷട്ടറുകളും വാഹനത്തിനുണ്ട്. 

റിമോട്ട് വഴി എല്ലാം നിയന്ത്രിക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളാണ് എന്നതും ഈ അത്യാധുനിക വാഹനത്തിന്റെ പ്രത്യേകതയാണ്. 

Tags

Latest News