ഫേസ്ബുക്ക് കൂട്ടുകാരിയെ വിശ്വസിച്ച് വസ്ത്രമഴിച്ചു; ഒടുവില്‍ സിവില്‍ സര്‍വീസ് വിദ്യാര്‍ഥി ജീവനൊടുക്കി

ബെംഗളൂരു- പെണ്‍കെണിയില്‍ കുടുങ്ങി ഓണ്‍ലൈനില്‍ വസ്ത്രമുരിഞ്ഞ യുവാവ് ജീവനൊടുക്കി.
സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന 25 കാരനാണ് ആത്മഹത്യ ചെയ്തത്.
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന റാക്കറ്റില്‍ ഉള്‍പ്പെടുന്ന സ്ത്രീ  ഫേസ് ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഓണ്‍ലൈനില്‍ വിവസ്ത്രനാകാന്‍ പ്രേരിപ്പിച്ചതെന്നും തുടര്‍ന്ന്  വീഡിയോകള്‍ എടുത്തുവെന്നും പോലീസ് പറഞ്ഞു. മാര്‍ച്ച് 23 ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ബ്ലാക്ക്‌മെയില്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അജ്ഞാതര്‍ക്കെതിരെ കവര്‍ച്ചാ ശ്രമത്തിനും ആത്മഹത്യാപ്രേരണക്കും  കേസെടുത്തു. യുവാവില്‍നിന്ന് സംഘം  30,000 രൂപ തട്ടിയെടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

യുവാവും ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയും പരസ്പരം നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഉറ്റ ചങ്ങാതിമാരായി മാറിയിരുന്നു. പിന്നീട് വാട്ട്‌സ്ആപ്പ് നമ്പറും കൈമാറി പതിവായി വീഡിയോ ചാറ്റ് നടത്തിയെന്നും പോലീസ് പറഞ്ഞു.

ചാറ്റ് ചെയ്യുന്നതിനിടയില്‍ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട് സ്ത്രീ വീഡിയോ പിടിക്കുകയായിരുന്നു. ഇത് സോഷ്യല്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയാണ് പോലീസില്‍ പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതരില്‍നിന്ന് ആവര്‍ത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും യുവാവിന് ലഭിച്ചിരുന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.  ആറു പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അന്വേഷിക്കുന്നത്.

 

Latest News