Sorry, you need to enable JavaScript to visit this website.

മഞ്ഞില്‍ മൂടിയ യു.എ.ഇ പ്രഭാതങ്ങള്‍, ജാഗ്രത വേണം

ദുബായ് - യു.എ.ഇയില്‍ ഏതാനും ദിവസമായി കനത്ത മൂടല്‍ മഞ്ഞ്  തുടരുന്നു.  വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളി രാവിലെ ഒമ്പത് മണി വരെ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു. എല്ലാ പ്രധാന റോഡുകളിലും വേഗപരിധി നിശ്ചയിച്ചു. അബുദാബി അല്‍ഫലാഹ്-അല്‍അജ്ബാന്‍ റോഡില്‍ വേഗപരിധി 80 കിലോമീറ്ററാക്കി ചുരുക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
ഉള്‍പ്രദേശങ്ങളിലും തീരദേശങ്ങളിലും മൂടല്‍ മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചു. മൂടല്‍ മഞ്ഞിനു ശേഷം സാധാരണ നിലയിലാണ് നഗരങ്ങള്‍. 31 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇന്നലെ വിവിധ ഭാഗങ്ങളില്‍ ചൂട് രേഖപ്പെടുത്തിയത്. അന്തരീക്ഷ ഈര്‍പ്പവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളെ നിരീക്ഷിച്ചുമാണ് മുന്നോട്ടു പോകേണ്ടതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും വേണം.
ഇന്നും നാളെയും കിഴക്കന്‍ മേഖലകളില്‍ ഭാഗികമായി മൂടല്‍ മഞ്ഞ് തുടരും. ഇന്ന് രാത്രി മുതല്‍ രാവിലെ വരെ അന്തരീക്ഷ ഈര്‍പ്പവുമുണ്ടാകും. വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ചെറിയ തോതില്‍ കാറ്റിനും സാധ്യതയുണ്ട്. മൂടല്‍ മഞ്ഞ് കനത്ത് കാഴ്ച മങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കഴിഞ്ഞ ദിവസം 28 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. ഒരു വനിതക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരമാവധി ഈ സമയത്ത് വാഹനം ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ട്രാഫിക് വിഭാഗം അഭ്യര്‍ഥിച്ചു.

 

 

Tags

Latest News