ധ്യാനം, യാത്ര, വായന.... സ്ഥാനാര്‍ഥികള്‍ക്കിത് വിശ്രമകാലം

കോട്ടയം- ഇനി നീണ്ട അവധിയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മെയ് ആദ്യം വരെയുളള മധ്യവേനലവധിക്കാലം. പെട്ടി പൊട്ടിക്കും വരെയുളള ആശങ്കാഭരിതമായ കാത്തിരിപ്പാണ്. പക്ഷേ ഇടവേളയില്‍ കോട്ടയത്തെ അങ്കകളത്തില്‍ നിറഞ്ഞു നിന്നവര്‍ എന്തു ചെയ്യുകയാവും. സ്ഥാനാര്‍ഥികളുടെ അവധിക്കാലം എങ്ങനെയായിരിക്കും.

കോട്ടയത്തെ രാഷ്ട്രീയ താരമായ ഉമ്മന്‍ ചാണ്ടി കോവിഡ് ബാധിച്ച് ചികിത്സയിലായി. ഇതോടെ പുതുപ്പള്ളിയിലെ പ്രവര്‍ത്തകരും ചില മാധ്യമ പ്രവര്‍ത്തകരും തെല്ല് ആശങ്കയിലാണ്. പലരും ക്വാറന്റൈനിലായി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോവിഡ് മുക്തനായ കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇനിയുളള ദിനങ്ങളും പതിവുപോലെ. തല്‍ക്കാലം ദീര്‍ഘ യാത്രകള്‍ ഒന്നുമില്ല.

പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാണി സാറിന്റെ അതേ പാതയിലാണ്. പ്രാര്‍ഥനയും പിന്നെ വേളാങ്കണി സന്ദര്‍ശനവുമാണ് കെ.എം മാണിയുടെ പതിവുകള്‍. കെ.എം മാണിയുടെ ഓര്‍മദിനമായിരുന്ന ഇന്നലെ ജോസ്് കെ. മാണിയും കുടുംബവും പ്രാര്‍ഥനയിലായി. ഇന്നലെ അനാഥലായങ്ങളിലെ അന്തേവാസികളോടൊപ്പമാണ് പാര്‍ട്ടി നേതാക്കള്‍ പകല്‍ ചെലവിട്ടത്.

വേളാങ്കണ്ണി യാത്ര മാണി സി. കാപ്പന്റെ മനസ്സിലുമുണ്ട്. ഇവിടുത്തെ ബി.ജെ.പിസ്ഥാനാര്‍ഥിയും കോളജ് അധ്യാപികയുമായ ജെ. പ്രമീളാദേവി പൊതുപ്രവര്‍ത്തനം കഴിഞ്ഞുളള സമയം മുടങ്ങിപ്പോയ വായനയുടെ വാതയാനങ്ങള്‍ തുറക്കാനാണ് ഇഷ്ടപ്പെടുന്നത്്.

പൂഞ്ഞാര്‍ ആശാന്‍ പി.സി ജോര്‍ജ് നാട്ടില്‍ തന്നെയുണ്ട്്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും വരും ദിവസങ്ങളില്‍ കാണാനാണ് പി.സിയുടെ തീരുമാനം. ഇടക്ക് തിരുവനന്തപുരത്ത് പോകും. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ടോമി കല്ലാനി പറയുന്നു. ഇടുക്കി ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. സെക്രട്ടറിയാണ് കല്ലാനി. ഒരു മലയോര യാത്രയാണ് ഇടതു സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ മനസിലുളളത്.

കോട്ടയത്ത് തിരുവഞ്ചൂരിന്റെ എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ അനില്‍കുമാര്‍ പ്രളയരഹിത കോട്ടയം പദ്ധതിയുടെ അടുത്തഘട്ടം തുടങ്ങാനുളള ആലോചനയിലാണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന മിനര്‍വാ മോഹന്‍ കോട്ടയത്തേക്ക്് താമസം മാറ്റുകയാണ്. പൂഞ്ഞാറിലാണ് വീട്്. ഐ.ആര്‍.എസിലുളള മകന്റെ സുഹൃത്തുക്കളാണ് കോട്ടയത്തു മിനര്‍വയുട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

കടുത്തുരുത്തിയിലെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന സ്റ്റീഫന്‍ ജോര്‍ജ് വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് ഇടവേള നീക്കിവെയ്ക്കുന്നത്. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. മണ്ഡലത്തില്‍ ലൈവായി തുടരാനാണ് സിറ്റിംഗ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മോന്‍സ് ജോസഫിന്റെ തീരുമാനം. ഒന്നോ രണ്ടോ ദിവസം ഒരു ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളുടെ തിരക്കിലാണ് ബി.ജെ.പിയിലെ ലിജിന്‍ ലാല്‍. വിഷുവിന് ശേഷം കുടുംബത്തോടൊപ്പം ഉല്ലാസയാത്രയും പ്ലാന്‍ ചെയ്യുന്നു.

പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ജെയ്ക് സി.തോമസ് വായനയിലേക്കാണ്് ആദ്യം കടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സിക്കിമിലേക്കായിരുന്നു യാത്ര. ഇത്തവണ കോവിഡ് കാരണം അത്ര വലിയ യാത്ര പറ്റുമോ എന്ന് സംശയം.

ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍. വാസവനും ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കിലേക്ക് വീണ്ടും കടന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കെയാണ് മത്സര രംഗത്തേക്ക് വന്നത്്. പ്രിന്‍സ് ലൂക്കോസ് യു.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ബൂത്ത് ഏജന്റുമാരെയുമൊക്കെ വിളിച്ച് നന്ദി അറിയിക്കുന്ന തിരക്കിലാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ലതികാ സുഭാഷ് പ്രചാരണത്തില്‍ തന്നെ സഹായിച്ച ജസ്റ്റിസ് ഫോര്‍ വിമന്‍ ഇന്‍ പൊളിറ്റിക്‌സ് എന്ന സംഘടയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും.

 

 

 

 

 

 

 

Latest News