Sorry, you need to enable JavaScript to visit this website.

മറ്റാരുമില്ല രക്ഷിക്കാൻ, നമ്മളല്ലാതെ 

മുനീബ മസാരി

പാക്കിസ്ഥാനിലെ ദക്ഷിണ പഞ്ചാബിലെ റഹീം യാർ ഖാനിലെ മുനീബ മസാരി എന്ന പെൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ചിത്രകാരിയാകുക എന്നതായിരുന്നു. പക്ഷെ മാതാപിതാക്കൾ അവളുടെ പതിനെട്ടാമത്തെ വയസിൽ വിവാഹം നടത്തി. അതോടെ തന്റെ സ്വപ്‌നങ്ങൾ ചെപ്പിലൊളിപ്പിച്ച് അവൾ വൈവാഹിക ജീവിതത്തിന്റെ കയ്പ്പും മധുരവും കുടിച്ച് കഴിയുകയായിരുന്നു. 

രണ്ടു വർഷങ്ങൾക്ക് ശേഷം ഭർത്താവുമൊന്നിച്ചുള്ള യാത്രയിൽ കാർ ആക്‌സിഡന്റ് സംഭവിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും നാളുകൾ നീണ്ട വേദനാജനകമായ ചികിത്സക്ക് ശേഷം തുടർന്നുള്ള ജീവിതത്തിൽ അവൾക്ക് നടക്കാനോ അമ്മയാകാനോ കഴിയില്ലെന്നും ജീവിത അഭിലാഷമായി കണ്ട ചിത്ര രചനക്ക് ഇനി സാധിക്കില്ലെന്നും ഡോക്ടർ വിധിയെഴുതി.


അരക്ക് താഴെ തളർന്ന, മക്കളുണ്ടാകാത്ത മുനീബയെ ഭർത്താവ് ഉപേക്ഷിച്ചു. അവർ മാനസികമായും ശാരീരികമായും തളർന്നു. ഈ അവസ്ഥയിൽ താൻ എന്തിന് ജീവിക്കണം എന്ന് അമ്മയോട് വേവലാതി പറഞ്ഞു കരഞ്ഞു. അന്ന് അവരുടെ അമ്മ പറഞ്ഞ വാക്കുകളാണ് ജീവിതത്തിൽ മുനീബയെ ഉയർത്തിയത്. വാക്കുകൾക്ക് നമ്മെ ഉയർത്തുവാനും താഴ്ത്തിക്കളയാനും ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ആ വാക്കുകൾ ഇതായിരുന്നു.
'ഈ കാലവും കടന്ന് പോകും'


അമ്മ നൽകിയ കരുത്തും കരുതലും ചെറുതായിരുന്നില്ല. സ്വന്തം കുറവുകൾ പറഞ്ഞു പരിതപിക്കുന്നതിന് പകരം തനിക്ക് എന്ത് ചെയ്യാനാകുമെന്ന് മുനീബ ചിന്തിച്ചു.
ഡോക്ടർ ഇനി ഒരിക്കലും സാധ്യമല്ലെന്ന് പറഞ്ഞ പെയിന്റിംഗ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു. സാഹസപ്പെട്ടാണെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലും അമ്മ നൽകിയ പ്രോത്സാഹനം കൊണ്ടും ആദ്യ പെയിന്റിംഗ് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. അവർ തുടരെ തുടരെ വരച്ചു. ലോകം അറിയപ്പെടുന്ന ചിത്രകാരിയായി മാറി. ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയാകുവാനുള്ള മോഹവും സഫലമാക്കി.


എണ്ണിയാലൊടുങ്ങാത്ത ഇത്തരം വിജയകഥകൾ നമ്മുടെ മുന്നിലുണ്ട്. താൻ കാണുന്ന വലിയ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി സഹിച്ചും പ്രതിരോധിച്ചും കഠിനാദ്ധ്വാനം ചെയ്യുന്നവർ. ആരൊക്കെ നിരുൽസാഹപ്പെടുത്തിയാലും പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും അത്തരം ആളുകൾ ഉള്ളിലുള്ള തീ കെട്ടുപോകാൻ സമ്മതിക്കാതെ ആ വെളിച്ചം തെളിയിച്ചു കൊണ്ടിരിക്കും. വിജയത്തിലേക്കെത്തുന്നത് വരെ തപസ്യയായി കൊണ്ടു നടക്കും. ലക്ഷ്യ പ്രാപ്തിയിൽ മാത്രമെ അവർ ആഹ്ലാദിക്കുകയൊള്ളൂ. അതിന് വേണ്ടി പാറക്കനമുള്ള ഭാരം ചുമക്കാനും തയ്യാറാകുന്നവരാണവർ. വിജയത്തിലേക്കെത്തുമ്പോൾ അവർ നൊട്ടിനുണയുന്നൊരു മധുരമുണ്ട്. അതിന്റെ ആസ്വാദനം അനുഭവിച്ചവർക്കല്ലാതെ നിർവചിക്കാനാകില്ല.


ആമയുടേയും മുയലിന്റേയും പന്തയ കഥയിലെ ആമയെ പോലെ പതുക്കെ പതുക്കെ വിജയത്തിലേക്ക് ഇഴഞ്ഞ് നീങ്ങുന്നവരേയും നമുക്ക് കാണാൻ സാധിക്കാറുണ്ട്. കഠിനാദ്ധ്വാനവും സഹനവും മുകളിൽ പറഞ്ഞ കൂട്ടരുടെ കനത്തിലില്ലെങ്കിൽ പോലും ഇക്കൂട്ടരും ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കുവോളം തന്റെ വഴിയിൽ കാലുറച്ച് നടക്കും. അതിന് വേണ്ടിയുള്ള പ്രയത്‌നം തുടരുകയും ചെയ്യും.


എന്നാൽ കഥയിലെ മുയലിനെപ്പോലെ ആത്മ വിശ്വാസത്തിന്റെ അഹംഭാവത്തിൽ താനെന്തോ വലിയ സംഭവമാണെന്ന മട്ടിൽ അധികമൊന്നും അദ്ധ്വാനിക്കാതെ തനിക്ക് മുന്നോട്ട് കുതിക്കാനാകുമെന്ന മൂഢ വിശ്വാസത്തിൽ മയങ്ങുന്നവരുണ്ട്. പക്ഷെ സുന്ദരമായ സ്വപ്‌ന മയക്കത്തിൽ നിന്നുണരുമ്പോൾ ഉള്ളിലെ തീപ്പൊരി ആരാലും ശ്രദ്ധിക്കപ്പെടാതെ കത്തി തീർന്ന് വെറും ചാരമായി മാറിയിട്ടുണ്ടാകും.


ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായ വേറെ ചിലരെ കുറിച്ച് പറയാനാണ് ഇത്രയും പറഞ്ഞ് വെച്ചത്. അവർ കാണുന്ന കിനാവുകൾ ഉയരെ പറക്കുന്നതാണെങ്കിലും അതിന് ഒരു നീർക്കുമിളയുടെ ബലവും ആയുസും മാത്രമെ കാണൂ. ആഞ്ഞൊന്നു ഊതിയാൽ തെല്ലുയരത്തിലേക്ക് പൊങ്ങുമെങ്കിലും അപ്പോഴേക്കും അത് പൊട്ടിത്തകരുകയും ചെയ്യുന്നു.
അക്കൂട്ടർക്കും ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളുമുണ്ടാകും. ഭാവിയിലെ സുന്ദര സുരഭില ജീവിതത്തിനും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാനും ദൈവസമ്മാനമായും ജന്മസിദ്ധമായും കിട്ടുന്ന കഴിവുകളെ പാഷനായി ജീവിതാവസാനം വരെ കൊണ്ടു നടക്കാനും സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നവരാണ്.


എന്നാൽ അതിലേക്കുള്ള വഴി നടത്തത്തിൽ കാണുന്ന ഓരോ കല്ലിലും മുള്ളിലും അവർ തടഞ്ഞ് വീഴുന്നു. തന്റെ നന്മ ആഗ്രഹിക്കാത്ത മറ്റാരുടേയെങ്കിലും പിൻതിരിപ്പൻ വാക്കുകളിലും വിമർശനങ്ങളിലും പതറി വീഴുന്നു. അതല്ലെങ്കിൽ പാതി വഴിയിൽ എല്ലാം ഉപേക്ഷിച്ച് തോറ്റ് പിന്മാറുന്നു. തോറ്റു കൊടുക്കാൻ പ്രത്യേകമായ കഴിവോ പരിശീലനങ്ങളോ വേണ്ട. ആത്മാർത്ഥതയോ ആത്മവിശ്വാസമോ ആവശ്യമില്ല. 

എല്ലാം ഉപേക്ഷിച്ച് ജീവിതത്തിലെ ഒഴുക്കിൽ എങ്ങോട്ടൊഴുകാനും സാധ്യതയുള്ള ഒരു പൊങ്ങു തടി മാത്രം ആയാൽ മതിയാകും. പ്രതീക്ഷയും ലക്ഷ്യങ്ങളും ഉള്ളതാകട്ടെ ജീവിതം.ഓരോ പുലരിയും പിറക്കുന്നത് പുതുപുത്തൻ പ്രതീക്ഷകളോടെയാകട്ടെ. പരിശ്രമം കൊണ്ട് നേടാനാകാത്ത വിജയം ലോക ചരിത്രത്തിലുണ്ടായിട്ടില്ല. വിമർശനങ്ങളിൽ പൊഴിഞ്ഞു പോകാനുള്ളതല്ല നമ്മുടെ ചിറകുകൾ. ഓരോ തൂവലും ചേർത്ത് വെച്ച് ചിറകു വിടർത്തി പറക്കാനുള്ളതാകണം.
നമ്മെ രക്ഷിക്കാൻ നാം മാത്രമെയുള്ളൂ.

Latest News