Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം വിദ്വേഷം നീക്കം ചെയ്യുന്നില്ല; ഫേസ്ബുക്കിനെതിരെ കോടതിയില്‍

വാഷിംഗ്ടണ്‍- മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ ഉള്ളടക്കങ്ങള്‍ ഫേസ് ബുക്ക് നീക്കം ചെയ്യുന്നില്ലെന്നും സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കോണ്‍ഗ്രസ് മുമ്പാകെ തെറ്റായ പ്രസ്താവനകള്‍ നടത്തി കബളിപ്പിക്കുകയാണെന്നും ആരോപിച്ച്  പൗരാവകാശ സംഘടന രംഗത്ത്. ഫേസ്ബുക്കിനും അതിന്റെ എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെ സംഘടന കോടതിയില്‍ പരാതി നല്‍കി.
വിദ്വേഷ പ്രസംഗങ്ങളും നിയമങ്ങള്‍ ലംഘിക്കുന്ന മറ്റ് കാര്യങ്ങളും നീക്കംചെയ്യുന്നുണ്ടെന്ന് സക്കര്‍ബര്‍ഗ് കോണ്‍ഗ്രസ് മുമ്പാകെ അവകാശപ്പെട്ടിരുന്നു. ഫേസ്ബുക്ക് സുരക്ഷിതമാണെന്ന് പൊതുജനങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഫെഡറല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധസംഘടനകളേയും ബോധ്യപ്പെടുത്താന്‍  സക്കര്‍ബര്‍ഗും മുതിര്‍ന്ന എക്‌സിക്യുട്ടീവുകളും പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണെന്ന്  വാഷിംഗ്ടണിലെ മുസ്ലിം അഭിഭാഷകര്‍ സൂപ്പീരിയര്‍ കോടതിയില്‍  സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിദ്വേഷ ഉള്ളടക്കത്തെക്കുറിച്ച് ഫേസ്ബുക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും  പ്രവര്‍ത്തികമായി ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
വിദ്വേഷകരവും ദോഷകരവുമായ ഉള്ളടക്കം നീക്കംചെയ്യുന്നത് സംബന്ധിച്ച് തെറ്റായ പ്രസ്താവനകളാണ് നടത്തുന്നത്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തെയും വഞ്ചനക്കെതിരായ മറ്റു നിയമങ്ങളേയും ലംഘിക്കുന്നതാണെന്നും അഭിഭാഷക സംഘടന ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വിദ്വേഷകരമായ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ പ്രത്യേകിച്ചും ഫേസ്ബുക്കില്‍ വ്യാപകമാണ്. സാധാരണക്കാര്‍ക്ക് ദോഷകരമായ ഉള്ളടക്കങ്ങളാണ് ദിവസേന ഫേസ്ബുക്കില്‍നിറയുന്നത്.  
വിദ്വേഷം പ്രചരിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധ നെറ്റ്‌വര്‍ക്കുകളെ കുറിച്ച്  അറിയിച്ചിട്ടും അവ നീക്കം ചെയ്തിട്ടില്ലെന്നും ഹരജിയില്‍ പറഞ്ഞു.  
മുസ്ലീം വിരുദ്ധ ഗ്രൂപ്പുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രസിദ്ധീകരിച്ച് കമ്പനിയെ ഉണര്‍ത്തിയ എലോണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മേഗന്‍ സ്‌ക്വയറനെ പരാതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.

 

Latest News