Sorry, you need to enable JavaScript to visit this website.

സി.പി.എം പിന്തുടരുന്നത്  ആർ.എസ്.എസിന്റെ ശൈലി -ഹസൻ

തിരുവനന്തപുരം- എതിർക്കുന്നവരെ തകർക്കുന്ന ആർ.എസ്.എസിന്റെ അതേ ശൈലിയാണ് കേരളത്തിൽ സി.പി.എം പിന്തുടരുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. 
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന അഭിപ്രായം വോട്ടെടുപ്പ് ദിവസം തുറന്നു പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ എൽ. ഡി.എഫ് കൺവീനറും നാലു സി.പി.എം മന്ത്രിമാരും ചേർന്ന് സംഘടിതമായി വിമർശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ അസഹിഷ്ണുത രാഷ്ട്രീയത്തിന് തെളിവാണ്. 
പിന്തുണയ്ക്ക് വേണ്ടി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് കയറിയിറങ്ങുമ്പോൾ സുകുമാരൻ നായർ സി.പി.എമ്മിന് സമുദായ ആചാര്യനാണ്. എൽ.ഡി.എഫിനെതിരെ അഭിപ്രായം പറയുമ്പോൾ കടന്നാക്രമിക്കുകയും അദ്ദേഹത്തെ രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. 
ഈ അസഹിഷ്ണുത നിറഞ്ഞ പ്രതികാര ശൈലി ഇനിയെങ്കിലും ഉപേക്ഷിക്കാൻ സി.പി.എം തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ സർക്കാർ നടപടിയിലുള്ള അമർഷവും അതൃപ്തിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇതേ വിഷയത്തിൽ തന്റെ നിലപാട് അദ്ദേഹം ആവർത്തിക്കുമ്പോൾ സി.പി.എം നടത്തുന്ന ഭീഷണിയെ ശക്തമായി അപലപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാത്ത രാജ്യമാണ് ഇന്ത്യയെന്ന് സി.പി.എം തിരിച്ചറിയണം. 
സ്വന്തം അഭിപ്രായം പറഞ്ഞ സുകുമാരൻ നായർ യു.ഡി.എഫിന് വേണ്ടി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കോൺഗ്രസുകാരനാണെന്നുമാണ് മന്ത്രിമാരായ എ.കെ. ബാലനും എം.എം. മണിയും പറയുന്നത്. 
ഇതിനെ മന്ത്രിമാരായ മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും പിന്താങ്ങുന്നത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് മനോഭാവം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ എ.കെ. ബാലന്റെ നടപടി ബാലിശവും പരിഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.


 

Latest News