Sorry, you need to enable JavaScript to visit this website.

അകക്കണ്ണുമായി  അവർ പരീക്ഷയെഴുതി

ഒളശ്ശയിലെ വിദ്യാലയത്തിൽ പരീക്ഷ എഴുതുന്ന കാഴ്ച്ച വെല്ലുവിളി നേരിടുന്ന കുട്ടികൾ.

കോട്ടയം - പ്രകാശം പരക്കുന്ന നാളെയിലേക്ക് പ്രതീക്ഷ വിടർത്തി അവർ പരീക്ഷയെഴുതി. കോവിഡ് മഹാമാരിയ്ക്കിടെ ഓൺലൈനായി ഹൃദിസ്ഥമാക്കിയ പാഠങ്ങളുടെ കരുത്തിൽ ഒളശ്ശ അന്ധ വിദ്യാലയത്തിലെ എട്ട് കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 
സ്‌കൂളിൽ മുൻവർഷങ്ങളിലുണ്ടായിരുന്ന താൽകാലിക അധ്യാപകർ ഓൺലൈൻ ക്ലാസുകൾ വഴിയാണ് കുട്ടികളെ പഠിപ്പിച്ചത്. അഞ്ച് അധ്യാപകരുടെ ഒഴിവു സ്‌കൂളിലുണ്ട്. എന്നാൽ സർക്കാർ നിയമനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ പഠനം ഇഴഞ്ഞാണു നീങ്ങിയത്. റെഗുലർ ക്ലാസുകൾ ഇല്ലാത്തത് അടുത്ത കടമ്പയായി. എങ്കിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠന സൗകര്യം ക്രമീകരിച്ചു. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് ആറു ആൺ കുട്ടികളും രണ്ടു പെൺകുട്ടികളുമാണ്. സ്‌ക്രൈബ്  സംവിധാനത്തിലാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇവരെ ചോദ്യം വായിച്ചു കേൾപ്പിക്കുകയും അവർ പറയുന്ന ഉത്തരം കടലാസിൽ എഴുതുകയുമാണ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കോവിഡ് കാലത്ത് പഠനത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നതായി വിദ്യാർഥികൾ പറയുന്നു. വീടുകളിലായിരുന്നതിനാൽ ഓൺലൈനിൽ വരുന്ന പാഠഭാഗങ്ങൾ മാതാപിതാക്കളുടെയും വീട്ടിലുള്ള മറ്റംഗങ്ങളുടെയും സഹായത്തോടെയാണ് പഠിച്ചത്. പരീക്ഷ എഴുതുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.
സ്‌കൂളിൽ മുൻവർഷങ്ങളിലുണ്ടായിരുന്ന താൽകാലിക അധ്യാപകരുടെ സഹകരണത്തിലാണ് ഓൺലൈനായി കുട്ടികൾക്ക് പരിശീലനം നൽകിയതെന്ന് ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ പറഞ്ഞു സൗജന്യമായാണ് അധ്യാപകർ കുട്ടികളെ പഠിപ്പിച്ചത്. അധ്യാപകരുടെ കുറവ് വരുന്ന വർഷത്തിൽ സർക്കാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോവിഡ് ഉയർത്തിയ വലിയ വെല്ലുവിളി അതിജീവിച്ചാണ് കുട്ടികൾ പരീക്ഷയെഴുതുന്നതെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. 
കഴിഞ്ഞ തവണ എസ്.എസ്.എൽ. സി പരീക്ഷയിൽ ഈ വിഭാഗത്തിൽപെട്ട ഒരാൾക്ക് ഫുൾ എപ്ലസ് ലഭിച്ചിരുന്നു. ഇത്തവണ മൂന്നു പേർക്കെങ്കിലും ഫുൾ എപ്ലസ് ലഭിക്കുമെന്നാണ് സ്‌കൂളിന്റെ പ്രതീക്ഷ. കാഴ്ച വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സർക്കാരിന്റെ ഏക ഹൈസ്‌കൂളാണ് കോട്ടയം ഒളശയിലുള്ള ഈ സ്‌കൂൾ. മറ്റു ജില്ലകളിൽ മൂന്ന് സ്‌കൂളുകൾ ഉണ്ടെങ്കിലും അവയെല്ലാം യു.പി സ്‌കൂളുകളാണ്.

 

Latest News