Sorry, you need to enable JavaScript to visit this website.

പറക്കുന്ന വിമാനത്തില്‍ യാത്രക്കാരന്‍ ക്രൂവിനോട് ചുംബനം ചോദിച്ചു; ശേഷം തുണിയുരിഞ്ഞ് പ്രകടനവും

ന്യൂദല്‍ഹി- ചൊവ്വാഴ്ച ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പറക്കുകയായിരുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ യാത്രക്കാരന്‍ രണ്ടു തവണ തുണിയുരിയുകയും ക്യാബിന്‍ ക്രൂവിനോട് ചുംബനം ചോദിക്കുകയും ചെയ്തു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ അന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിമാനമിറങ്ങിയ ഈ യാത്രക്കാരന്‍ സ്വന്തം ലാപ്‌ടോപ്പ് പൊട്ടിച്ചതായും റിപോര്‍ട്ടിലുണ്ട്. തുടര്‍ നപടികള്‍ക്കായി അന്വേഷണ റിപോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇയാള്‍ക്കെതിരെ യാത്രാ വിലക്ക് ഉണ്ടായേക്കും. 

വിമാനം പറക്കുന്നതിനിടെ യാത്രക്കാരന്‍ കാബിന്‍ ക്രൂവിനോട് കെട്ടിപ്പിടിച്ച് ചുംബനം തരട്ടെ എന്നു ചോദിക്കുകയായിരുന്നു. ക്രൂ ഇത് ശക്തമായി എതിര്‍ക്കുകയും സീറ്റില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാരന്‍ മദ്യലഹരിയിലാണോ അതോ വല്ല മരുന്നുകളും കഴിച്ചിട്ടുണ്ടോ എന്നും ക്രൂ പരിശോധിച്ചു. കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞ യാത്രക്കാരന്‍ ക്രൂവിനോട് മാപ്പും പറഞ്ഞു. 

പിന്നീട് സീറ്റില്‍ തുണിയുരിഞ്ഞ് ഇരിക്കുന്നതാണ് എയര്‍ഹോസ്റ്റസ് കണ്ടത്. ഉടന്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അനുസരിക്കുകയും ചെയ്തു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും തുണിയുരിയുകയായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എയര്‍പോര്‍ട്ട് സെക്യൂരിറ്റി സ്റ്റാഫ് നോക്കി നില്‍ക്കെ ഇയാള്‍ സ്വന്തം ലാപ്‌ടോപ് നിലത്തിട്ട് പൊട്ടിക്കുകയും ചെയ്തു. എയര്‍ ഏഷ്യ യാത്രക്കാരനെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരന്‍ മദ്യലഹരിയില്‍ ആയിരിക്കാമെന്നും മോശമായാണ് പെരുമാറിയതെന്നും എയര്‍ ഏഷ്യ വക്താവ് പറഞ്ഞു.

ഇയാള്‍ക്ക് ഒരു മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
 

Latest News