Sorry, you need to enable JavaScript to visit this website.

പ്ലസ്ടുവിന് ശേഷം സ്‌കോളർഷിപ്പോടെ ശാസ്ത്രപഠനം

മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളിൽ സ്‌കോളർഷിപ്പോടെ അടിസ്ഥാന ശാസ്ത്രപഠനം നടത്താനുള്ള അസുലഭ അവസരമാണ്  നെസ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ എൻട്രൻസ് സ്‌ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ അറ്റോമിക് എനർജി വകുപ്പിന്  കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ  ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (എൻ.ഐ.എസ്.ഇ.ആർ), മുംബൈ സർവകലാശാലയിലെ അറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിന്റെ   ഭാഗമായ സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസ് (സി.ഇ.ബി.സി ) എന്നീ സ്ഥാപനങ്ങളിലാണ് ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്  എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സിന് പഠനാവസരം ലഭിക്കുന്നത്. ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന തിളക്കമാർന്ന കരിയർ പാതയാണിത്.


അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം വർദ്ധിപ്പിക്കുക, ശാസ്ത്രീയ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ പ്രാഗത്ഭ്യമുള്ള ശാസ്ത്രജ്ഞരെയും ഗവേഷകരെയും  വളർത്തിയെടുക്കുക എന്നീ  ലക്ഷ്യങ്ങൾ മുൻനിർത്തി  സ്ഥാപിതമായവയാണ് ഈ രണ്ട് സ്ഥാപനങ്ങളും. ഇവിടെനിന്ന് പഠനം പൂർത്തിയാക്കിയ  വിദ്യാർത്ഥികളിൽ മിക്കവരും ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച സ്ഥാപനങ്ങളിൽ ഗവേഷണ സംബന്ധിയായ ജോലികളിൽ പ്രവേശിക്കാറുണ്ട്.  അക്കാദമിക മികവോടെ പഠനം പൂർത്തിയാക്കുന്നവർക്ക് ബാർക് പോലെയുള്ള കിടയറ്റ സ്ഥാപനങ്ങളിൽ ഗവേഷണ സ്വാഭാവമുള്ള ജോലികൾ ലഭിക്കാനിടയുണ്ട്.  നെസ്റ്റ് പ്രവേശന കടമ്പ കടന്ന് എൻ.ഐ.എസി.ഇ.ആർ, സി.ഇ.ബി.സി   എന്നിവിടങ്ങളിൽ  പഠനാവസരം നേടുന്ന വിദ്യാർഥികൾക്ക് ദിശ അല്ലെങ്കിൽ ഡി.എസ്.ടി ഇൻസ്‌പെയർ ഷി പദ്ധതികളുടെ ഭാഗമായിപ്രതിവർഷം 60,000 രൂപ സ്‌കോളർഷിപ്പും 20,000 രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും എന്നത് ഏറെ ആകർഷണീയമാണ്.
പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ  സയൻസ് വിഷയങ്ങൾ എടുത്ത് 60 ശതമാനം ( എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 55 ശതമാനം) മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. 2019, 2020 എന്നീ വർഷങ്ങളിൽ പരീക്ഷ വിജയിച്ചവർക്കും 2021 ൽ പ്ലസ്ടു പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. 2001  ഓഗസ്റ്റ് ഒന്നിനു ശേഷം ജനിച്ചവർ ആയിരിക്കണം.

എൻ.ഐ.എസ്.ഇ.ആർ, സി.ഇ.ബി.എസ് എന്നിവിടങ്ങളിൽ യഥാക്രമം 200, 57 സീറ്റുകൾ ആണുള്ളത്. എസ്.സി, എസ് ടി, നോൺ ക്രീമിലെയർ വിഭാഗത്തിൽ പെടുന്ന മറ്റു പിന്നാക്ക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ  എന്നിവർക്ക് സംവരണമുണ്ട്. കേരളത്തിൽ നിന്നുള്ള 13 കേന്ദങ്ങളടക്കം  93 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുൻഗണന അനുസരിച്ച് അഞ്ച് കേന്ദ്രങ്ങൾ  തെരഞ്ഞെടുക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന നാല് വിഭാഗങ്ങളാണ് ചോദ്യപ്പേപ്പറുകളിൽ ഉണ്ടാവുക.  ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പ്രത്യേകമായി 50 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ് ഓരോ വിഭാഗങ്ങളിലും  ഉണ്ടാവുക. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മൂന്ന് സെക് ഷനുകളാണ് റാങ്കിങ്ങിന് പരിഗണിക്കുക.

 

ഓരോ വിഭാഗങ്ങളിലും തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്കുകൾ ഉള്ള ചോദ്യങ്ങൾ ഉണ്ടാവും. മറ്റു ചില ചോദ്യങ്ങൾക്ക് ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടാവും.  ഇത്തരം ചോദ്യങ്ങൾക്ക് മുഴുവൻ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാൽ മാത്രമേ മാർക്ക് ലഭിക്കുകയുള്ളൂ.  എൻ.ഐ.എസ്.ഇ.ആർ, സി.ഇ.ബി.എസ് എന്നിവക്കായി  പ്രത്യേക മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതായിരിക്കും
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയത് കൊണ്ട് ചഋടഠ2021 വെബ് പേജിൽ ലഭ്യമാവുന്ന മോക്ക് ടെസ്റ്റ് വഴി പരിശീലിക്കുന്നത് പ്രയോജനകരമായിരിക്കും.  മുൻ വർഷങ്ങളിൽ ചോദ്യപ്പേപ്പറുകൾ, പരീക്ഷാ  സിലബസ്, വിശദമായ ബ്രോഷർ എന്നിവ   http-s://www.nestexam.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഈ വെബ്‌സൈറ്റ് വഴി ഏപ്രിൽ മുപ്പതിനകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്   
[email protected] എന്ന ഇ-മെയിൽ വിലാസം ഉപയോഗപ്പെടുത്താവുന്നതാണ്.

 

Latest News