Sorry, you need to enable JavaScript to visit this website.

സ്ത്രീ ആയതിനാല്‍ സീറ്റില്ല, തുര്‍ക്കിയിലെത്തിയ യുറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷയോട് വിവേചനം

ബ്രസല്‍സ്- തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യബ് ഉര്‍ഗാനുമായി ചര്‍ച്ച നടത്താനായി അങ്കാറയിലെത്തിയ രണ്ടംഗ യൂറോപ്യന്‍ യൂണിയന്‍ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥ ലിംഗവിവേചനം നേരിട്ടതായി ആരോപണം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ദെര്‍ ലയെന്‍ ആണ് പ്രത്യേക ഇരിപ്പിടം ലഭിക്കാതെ അസാധാരണ സാഹചര്യം നേരിട്ടത്. ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടന്ന ഹാളില്‍ രണ്ട് പ്രത്യേകം കസേരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്നില്‍ ഉര്‍ദുഗാന്‍ ഇരുന്നപ്പോള്‍ രണ്ടാമത്തേതില്‍ യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍സ് മൈക്കലും ഇരുന്നു. മൈക്കലിനൊപ്പമുണ്ടായിരുന്ന തുല്യപദവി വഹിക്കുന്ന യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല കസേര ഇല്ലാതെ ഒരു നിഷമം അന്ധാളിച്ചു നിന്നു. ഇരിപ്പിടം ലഭിക്കാത്തതിലുള്ള അമ്പരപ്പ് ഉര്‍സുലയുടെ ആ സമയത്തെ പെരുമാറ്റത്തില്‍ വ്യക്തമാണ്. പിന്നീടവര്‍ തൊട്ടപ്പുറത്തുള്ള സോഫയില്‍ ഇരിക്കുകയായിരുന്നു. 

യുറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷനും തുര്‍ക്കി പ്രസിഡന്റിനും ലഭിച്ച അതേ നിരയില്‍ തന്നെ യുറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷയ്ക്കും ഇരിപ്പിടം ലഭിക്കേണ്ടതായിരുന്നു. സംഭവം ഉര്‍സുലയില്‍ അമ്പരപ്പുണ്ടാക്കിയെന്നും അവരുടെ വക്താവ് എറിക് മാമര്‍ പറഞ്ഞു. ഉര്‍ദുഗാനൊപ്പം ഉര്‍സുലയും ചാള്‍സും കടന്നു വരുന്ന വിഡിയോയും സീറ്റ് ലഭിക്കാതെ ഉര്‍സുല അന്തംവിട്ടുനില്‍ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലിംഗ വിവേചനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശബ്ദമുയര്‍ന്നത്. സ്ത്രീ ആയത് കൊണ്ടാണ് അവര്‍ക്ക് പ്രത്യേക ഇരിപ്പിടം ലഭിക്കാതെ പോയതെന്നും ഇതു വിവേചനമാണെന്നും പലരും ആരോപിച്ചു. 

സംഭവത്തെ കുറിച്ച് തുര്‍ക്കി സര്‍ക്കാരോ ഉര്‍സുല കൂടെ ഉണ്ടായിരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍സോ പ്രതികരിച്ചിട്ടില്ല. നേരത്തെ തുര്‍ക്കി പ്രസിഡന്റ് ബ്രസല്‍സില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷനും യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷയ്ക്കുമായി മൂന്ന് പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുറോപ്യന്‍ യൂണിയന്‍ ഉന്നത സ്ഥാപനങ്ങളാണ് കമ്മീഷനും കൗണ്‍സിലും.

Latest News