Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു; എതിര്‍പ്പുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യാഴാഴ്ച കൊളീജിയം യോഗം വിളിച്ചു ചേര്‍ത്ത നീക്കത്തെ മുതിര്‍ന്ന ജഡ്ജിമാര്‍ ചോദ്യം ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. സുപ്രീം കോടതിയിലേക്കുള്ള പുതിയ നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ യോഗം വിളിച്ചത്. എന്നാല്‍ ഈ യോഗം വിളിച്ചു ചേര്‍ത്ത സമയത്തെ ചൊല്ലിയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്. പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ നിലവിലെ ചീഫ് ജസ്റ്റിസ് നിയമനകാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് അനുചിതമാണെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. 

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍ വി രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ഏപ്രില്‍ ആറിനാണ് രാഷ്ട്രപതി നിയമിച്ചത്. ഏപ്രില്‍ 24ന് ജസ്റ്റിസ് രമണ സ്ഥാനമേല്‍ക്കാനിരിക്കുകയാണ്.  കൊളീജിയം യോഗം തീരുമാനിച്ചത് ചീഫ് ജസ്റ്റിസ് നിയമ ഉത്തരവ് ഇറങ്ങുന്നതിന്റെ മുമ്പാണ്. അതേസമയം ഇതു സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും ജസ്റ്റിസ് ബോബ്‌ഡെ തീരുമാനം മാറ്റിയിട്ടില്ല. 

ചീഫ് ജസ്റ്റിസ് ബോബ്‌ഡെ, നിയുക്ത ചീഫ് ജസ്റ്റിസ് രമണ എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ രോഹിങ്ടന്‍ നരിമാന്‍, യുയു ലളിത്, എ.എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് സുപ്രീം കോടതി കൊളീജിയം അംഗങ്ങള്‍. പുതിയ ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത് കൊളീജിയമാണ്.

പദവി ഒഴിയാനിരിക്കുന്ന അവസാന നാളുകളില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് ചീഫ് ജസ്റ്റിസുമാര്‍ തീരുമാനമെടുക്കുന്ന കീഴ്‌വഴക്കം ഇല്ലെും ഇത് സഹപ്രവര്‍ത്തകരെ അദ്ദേഹം എത്രത്തോളം വിശ്വാസത്തിലെടുക്കുന്ന എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പറയുന്നു. 

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ ഖുറേശിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതു സംബന്ധിച്ച കൊളീജിയത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെയാണ് പുതിയ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പുതുതായി ആറു ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താനുള്ളത്.
 

Latest News