Sorry, you need to enable JavaScript to visit this website.

സൗന്ദര്യ മത്സരത്തിനിടെ പൊരിഞ്ഞ തല്ല്, കിരീടം വലിച്ചൂരി രണ്ടാം സ്ഥാനക്കാരിക്ക് വച്ചു

കൊളംബോ- സൗന്ദര്യ മത്സരത്തിനിടെ അടിപിടി, കിരീടം വെച്ചു മാറല്‍.  ശ്രീലങ്കയിലെ മിസീസ്സ് ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം. വിജയി ആയി തെരഞ്ഞെടുക്കപ്പെട്ട യുവതിയില്‍ നിന്നും ബലമായി കിരീടം ഊരിമാറ്റുകയും രണ്ടാം സ്ഥാനത്ത് (ഫസ്റ്റ് റണ്ണറപ്പ്) ഉണ്ടായിരുന്ന യുവതിയെ വിജയി ആയി പ്രഖ്യാപിക്കുകയുമായിരുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളമ്പോയില്‍  മഹീന്ദ രജപക്‌സെ തീയേറ്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്.
ശ്രീലങ്കന്‍ വംശജയായ പുഷ്പിക ഡിസില്‍വയ്ക്കാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കന്‍ പട്ടം ലഭിച്ചത്. വിധി പുറത്തുവന്നതോടെ മുന്‍ മിസ്സീസ് ശ്രീലങ്കയും മിസ്സീസ് വേള്‍ഡുമായ കരോലിന്‍ ജൂറിയെ വേദിയിലേക്ക് എത്തുകയും കിരീടമണിയിക്കുകയും ചെയ്തു. തുടര്‍ന്ന്. പിന്നീട്, ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകള്‍ക്കൊപ്പം പുഷ്പിക വിക്ടറി വാക്ക് നടത്തിയതിന് പിന്നാലെയാണ് വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കിരീടധാരണത്തിന് ശേഷം വൈകാതെ തന്നെ മിസ്സീസ് ശ്രീലങ്ക പട്ടം തിരികെ വാങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മത്സരത്തിന്റെ നിയമം അനുസരിച്ച് വിവാഹമോചിതയായ സ്ത്രീയ്ക്ക് ഈ പട്ടം നല്‍കാന്‍ അര്‍ഹതയില്ലെന്ന് അറിയിക്കുകയും ഫസ്റ്റ് റണ്ണറപ്പിന് കിരീടം വച്ച് നല്‍കുകയുമായിരുന്നു. ഈ നടപടിക്കെതിരെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തനിക്കേറ്റ മാനക്കേടില്‍ 31 കാരിയായ പുഷ്പിക നിറ കണ്ണുകളുമായാണ് വേദിയില്‍ നിന്നും മടങ്ങിയത്. സദസ്സിലുണ്ടായിരുന്ന ആളുകള്‍ക്ക് പുറമേ ആയിരക്കണക്കിന് ആളുകളാണ് തത്സമയം ടെലിവിഷന്‍ ചാനലുകളില്‍ കണ്ടത്. നാഷണല്‍ ടിവിയിലാണ് സംഭവങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്. കിരീടം വലിച്ചൂരുന്നതിനിടെ പുഷ്പികയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം വിവാദമായതോടെ പിന്നാലെ പുഷ്പിക ഡിസില്‍വ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത് എത്തുകയും ചെയ്തു. താന്‍ വിവാഹമോചിതയല്ലെന്നും അങ്ങിനെയെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഒരു യഥാര്‍ത്ഥ ബ്യൂട്ടി ക്വീന്‍ മറ്റൊരു സ്ത്രീയുടെ കിരീടം തട്ടിയെടുക്കുന്നയാളല്ല, മറിച്ച് മറ്റൊരു സ്ത്രീയുടെ കിരീടം രഹസ്യമായി സ്ഥാപിക്കുന്ന സ്ത്രീയാണ് എന്നും അവര്‍ പറയുന്നു. കിരീടം വലിച്ചൂരിയപ്പോള്‍ തന്റെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്നും കുറിച്ചു.  ഇതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മിസീസ്സ് ശ്രീലങ്ക മത്സരത്തിനിടെയുണ്ടായ സംഭവങ്ങള്‍ വന്‍ വിവാദമായതോടെ വിശദീകരണവുമായി സംഘാടകര്‍  രംഗത്ത് വന്നു. പുഷ്പിക വിവാഹമോചിതയല്ലെന്നും അതിനാല്‍ തന്നെ വിജയിയുടെ കിരീടം തിരികെ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. കരോലിന്‍ ജൂറിയുടെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മിസിസ്സ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Latest News