Sorry, you need to enable JavaScript to visit this website.

തൃശൂരിന് ഇനി പൂരം നാളുകൾ

തൃശൂർ-  വോട്ടെടുപ്പ് പൂരം കൊടിയിറങ്ങി. ഇനി തൃശൂരിന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആഘോഷങ്ങൾ. ഈ മാസം 23നാണ് പൂരം. കോവിഡ് വ്യാപന സാഹചര്യം ഭീഷണിയാണെങ്കിലും പൂരം എല്ലാ ചടങ്ങുകളോടും ആഘോഷങ്ങളോടും കൂടി നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് മുൻപു തന്നെ ഇതു സംബന്ധിച്ച ഉറപ്പ് ചീഫ് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും പൂരം നടത്തിപ്പുകാർ നേടിയെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കടുത്ത തടസവാദങ്ങളെയെല്ലാം മറികടന്ന് പൂരം നടത്തിപ്പിന് അധികൃതരുടെ അനുമതി നേടിയെടുക്കാൻ വലിയ ശ്രമം തന്നെയാണ് വേണ്ടി വന്നത്.
പൂരം എക്‌സിബിഷൻ അടക്കമുള്ള എല്ലാം നടത്താൻ അനുമതിയായിട്ടുണ്ട്. പൂരം എക്‌സിബിഷൻ പത്താം തിയതി ആരംഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്റ്റാളുകളുടെ എണ്ണം നിയന്ത്രിച്ചായിരിക്കും എക്‌സിബിഷൻ നടത്തുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും സന്ദർശകരെ പൂരം പ്രദർശന നഗരിക്കുള്ളിലേക്ക് കടത്തിവിടുക.
പൂരത്തിന്റെ പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടി  പാറമേക്കാവ് ക്ഷേത്രങ്ങളിൽ പൂരം ഒരുക്കങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്. വേണ്ടത്ര സമയം ഒരുക്കുകൂട്ടങ്ങൾക്ക് കിട്ടിയില്ല എന്നതിനാൽ രാവു പകലാക്കിയാണ് അണിയറ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ പണികൾ ദ്രുതഗതിയിലായിട്ടുണ്ട്. പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷം കോവിഡ് കൊണ്ടുപോയ തൃശൂർ പൂരത്തെ ഇത്തവണ എല്ലാ ആഘോഷ ആവേശത്തോടും കൂടി വരവേൽക്കാനാണ് തട്ടകങ്ങൾ ഒരുങ്ങുന്നത്. വെടിക്കെട്ട്, ആനചമയങ്ങൾ എന്നിവയുടെയെല്ലാം പണികൾ നടന്നുവരികയാണ്. 
പന്തൽ പണി വിഷുവിന് ശേഷമായിരിക്കും തുടങ്ങുക. 21നാണ് സാമ്പിൾ  വെടിക്കെട്ട്. 22ന് ചമയപ്രദർശനം. 23ന് തൃശൂർപൂരം . 24ന് പുലർച്ചെ പ്രധാന വെടിക്കെട്ടും രാവിലെ പകൽപൂരവും ഉപചാരം ചൊല്ലിപിരിയലും.


 

Latest News