Sorry, you need to enable JavaScript to visit this website.

മൂടൽമഞ്ഞ്: ദുബായിൽ  28 വാഹനങ്ങൾ കൂട്ടിയിടിച്ചു

ദുബായിൽ വാഹനാപകടമുണ്ടായ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ

ദുബായ് - കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇന്നലെ രാവിലെ ദുബായിൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അബുദാബി ഭാഗത്തേക്കുള്ള റോഡിൽ അൽറുവൈയക്ക് സമീപമാണ് അപകടമുണ്ടായത്. ഇവിടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. റോഡിൽ കനത്ത മൂടൽ മഞ്ഞുണ്ടായി ദൃശ്യക്ഷമത കുറഞ്ഞതാണ് അപകടത്തിന് കാരണം. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൺട്രോൾ റൂമിൽ വിവരം ലഭിച്ചയുടൻ അപകട സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയതായി ട്രാഫിക് പോലീസ് മേധാവി ബ്രിഗേഡിയർ സൈഫ് മുഹൈർ അൽമസ്‌റൂയി പറഞ്ഞു. 


കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് തുടരുകയാണ്. ദൂരക്കാഴ്ച നന്നേ കുറയുന്നത് കാരണം പലയിടത്തും ഒറ്റപ്പെട്ട അപകടങ്ങൾ നടക്കുന്നുണ്ട്. മൂടൽമഞ്ഞുള്ള സമയത്ത് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മതിയായ അകലം പാലിച്ചും വേഗത നിയന്ത്രിച്ചും ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് അൽമസ്‌റൂയി പറഞ്ഞു. ലൈനുകൾ മാറുമ്പോൾ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. പുറകിൽനിന്ന് വരുന്നവർക്ക് ട്രാഫിക് സൂചനകൾ നൽകാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പോകേണ്ട വഴികൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമേ യാത്ര തുടങ്ങേണ്ടതുള്ളൂ. രാവിലെ മൂടൽ മഞ്ഞുള്ള സമയത്ത് അത്യാവശ്യമാണെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും അടിയന്തര യാത്ര അല്ലെങ്കിൽ മൂടൽമഞ്ഞ് നീങ്ങുന്നതു വരെ കാത്തിരിക്കണമെന്നും ദുബായ് ട്രാഫിക് പോലീസ് മേധാവി ആവശ്യപ്പെട്ടു. 

Tags

Latest News