കാസർകോട്- വിദ്യാർഥികളും രക്ഷിതാക്കളും ഇനി പരീക്ഷാ ചൂടിലേക്ക്. എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകൾ നാളെ തുടങ്ങും. സംസ്ഥാനത്ത് എല്ലായിടത്തും കോവിഡ് പ്രോട്ടോകോളും കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചൂടിനു ശേഷം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാ ചൂടിലേക്ക് നീങ്ങി. നാളെ ആരംഭിക്കുന്ന പരീക്ഷകൾ ഏപ്രിൽ 29 ന് അവസാനിക്കും.
പരീക്ഷയ്ക്ക് മുന്നോടിയായിപരീക്ഷാ ഹാളുകളും ഫർണിച്ചറുകളും സ്കൂൾ പരിസരവും അണുവിമുക്തമാക്കി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഓൺലൈൻ ഓറിയന്റേഷൻ ക്ലാസുകളും വിദ്യാർഥികളുടെ ആത്മവിശ്വാസം കൂട്ടാൻ ഗൃഹസന്ദർശനവും നടത്തിയിരുന്നു. പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും കൈകൾ ശുചിയാക്കാനുള്ള സോപ്പും വെള്ളവും ലഭ്യമാക്കും.
തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് വിദ്യാർഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഒരു മുറിയിൽ പരമാവധി 20 കുട്ടികൾക്കായിരിക്കും പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കുക.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെഴുതുന്നകോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് കർശന മാനദണ്ഡങ്ങളും പ്രത്യേക ക്ലാസ്മുറികളും ഏർപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെഴുതുന്നവിദ്യാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. പരീക്ഷയ്ക്ക് ഹാജരാകുന്ന കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് പ്രത്യേകം ക്ലാസ്മുറികൾ സജ്ജീകരിക്കണം. പോസിറ്റീവ് ആയ കുട്ടികൾ മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമായും ധരിക്കണം. കോവിഡ് പോസിറ്റീവ് ആയ കുട്ടികളുടെ പരീക്ഷാ മേൽനോട്ടം വഹിക്കുന്ന ഇൻവിജിലേറ്റർ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം. പോസിറ്റീവ് ആയ കുട്ടികൾക്ക് സ്കൂളിലേക്ക് വരാനും പോകാനും എല്ലാവരും ഉപയോഗിക്കുന്ന പ്രവേശന കവാടം അല്ലാത്ത വഴി ഉപയോഗിക്കണം. കോവിഡ്പോസിറ്റീവായ വിദ്യാർഥികൾ രോഗം സ്ഥിരീകരിച്ച് പത്ത്ദിവസം കഴിഞ്ഞ് മാത്രമാണ് ആന്റിജൻ പരിശോധന നടത്തേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു.






