കൊല്ലം - മദ്യ ലഹരിയിൽ വോട്ടിംഗ് യന്ത്രത്തിൽ മോക് ട്രയൽ നടത്തിയ വിവിപാറ്റ് സ്ലിപ്പുകൾ റൂട്ട് ഓഫീസർ റോഡിലേക്ക് വലിച്ചെറിഞ്ഞു. സ്ലിപ്പ് തെരഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രങ്ങളുമായി രാത്രി മുഴുവൻ വഴിയിൽ കുടുങ്ങി. സ്ലിപ്പ് വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. റൂട്ട് ഓഫീസറായ വെളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരനായ വേളമാനൂർ സ്വദേശി സുരേഷ് കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെന്റ് ചെയ്തത്.ഇന്നലെ രാത്രിയിൽ വെളിയം കായിലയിലായിരുന്നു സംഭവം. ചടയമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംകുന്ന് നെട്ടയം എൽ.പി സ്‌കൂളിലെ നമ്പർ10 എ ബൂത്തിലെ വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ മോക്ക് ട്രയൽ നടത്തിയ വോട്ടിന്റെ 70 വിവി പാറ്റ് സ്ലിപ്പുകളാണ് റോഡിൽ കളഞ്ഞത്.
വോട്ടിംഗ് യന്ത്രം ശരിയായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റ്മാരും ഉദ്യോഗസ്ഥരും ആദ്യം വോട്ടിംഗ് യന്ത്രത്തിൽ അൻപത് മുതൽ 100 വരെ വോട്ടുകൾ രേഖപ്പെടുത്തുകയും അവയുടെ വിവി പാറ്റ് സ്ലിപ്പുകൾ പ്രത്യേകം സൂക്ഷിച്ച് വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള വോട്ടിംഗ് ഉപകരണങ്ങൾക്കൊപ്പം കൗണ്ടിംഗ് കേന്ദ്രങ്ങളിൽ എത്തിക്കേണ്ട ചുമതല അതാത് വോട്ടിംഗ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്.
ഇന്നലെ 7 മണിയോടെ പോളിംഗ് അവസാനിച്ച ശേഷം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സീൽ ചെയ്ത വോട്ടിംഗ് യന്ത്രങ്ങളുമായി പ്രധാന പോളിംഗ് ഓഫീസർ ബിന്ദുവിന്റെ നേതൃത്വത്തിൽ നെട്ടയം സ്‌കൂളിൽ നിന്നും ബസിൽ വെളിയം വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന വഴികായില ഭാഗത്തെത്തിയപ്പോൾ റൂട്ട് ഓഫീസറായ സുരേഷ് കുമാർ ഓഫീസർ ബിന്ദുവിന്റെ കൈവശമിരുന്ന മോക് ട്രയൽ റോൾ വാങ്ങി ഇനി ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് മുന്നോട്ട് പോയ ബസ് വെളിയത്തെത്തിയപ്പോൾ തിരിച്ചു വിടുകയും കായില മുതൽ അമ്പലംകുന്ന് ഭാഗം വരെ മൂന്ന് കിലോമീറ്ററോളം തെരച്ചിൽ നടത്തിയെങ്കിലും മോക് ട്രയൽ റോൾ കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ ഷാജി ബോൺസ്‌ലെ പൂയപ്പള്ളി സി.ഐ.സന്തോഷ്, എസ്.ഐ.ഗോപീചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി ഒരു മണി വരെ തെരച്ചിൽ നടത്തി. ആർ.ഒയുടെ നിർദേശപ്രകാരം പോളിംഗ് ഓഫീസർ ബിന്ദു പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയിന്മേൽ സുരേഷ് കുമാറിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി നിരുത്തരവാദപരമായി പെരുമാറിയതിന് സുരേഷ് കുമാറിനെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പിന്നീട് ഇന്നലെ രാവിലെ വീണ്ടും തെരച്ചിലാരംഭിക്കുകയും 10 മണിയോടെ കായിലയിലുള്ള ഒരു വീടിന്റെ ടെറസിൽ നിന്നും മോക്ക് റോൾ കണ്ടെടുത്തുകയും ചെയ്തു. ബസിൽ നിന്നും വലിച്ചെറിഞ്ഞപ്പോൾ വീടിന്റെ ടെറസിൽ മോക്ക് റോൾ ചെന്ന് വീണതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.